സെന്‍റ് ജോർജ്സ്: വെസ്റ്റ് ഇൻഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ ഏകദിന ക്രിക്കറ്റിൽ 10,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് 40 വയസുകാരനായ ഗെയ്ൽ നേട്ടം കൊയ്തത്. മത്സരത്തിൽ തകർത്തടിച്ച ഗെയ്ൽ ഏകദിന കരിയറിലെ 25-ാം സെഞ്ചുറിയും നേടി. 14 സിക്സും 11 ഫോറും പറത്തി 97 പന്തിൽ 162 റണ്‍സ് ഗെയ്ൽ നേടിയെങ്കിലും മത്സരം വിൻഡീസ് 29 റണ്‍സിന് തോറ്റു. ഇതിഹാസ താരം ബ്രയാൻ ലാറയ്ക്ക് ശേഷം ഏകദിനത്തിൽ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ വിൻഡീസ് താരമാണ് ഗെയ്ൽ. ഏകദിനത്തിൽ 10,000 ക്ലബിൽ കയറിയ 14-ാം ബാറ്റ്സ്മാൻ എന്ന റിക്കാർഡും ഗെയ്ൽ സ്വന്തം പേരിൽ കുറിച്ചു. മേയ് അവസാനം ഇംഗ്ലണ്ടിൽ തുടങ്ങുന്ന ഏകദിന ലോകകപ്പോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ചിറങ്ങിയ ഗെയ്ൽ ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ രണ്ടു സെഞ്ചുറികൾ നേടിക്കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷമാണ് ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങിയെത്തുന്നത്. 288 ഏകദിനങ്ങളിൽ വിൻഡീസ് കുപ്പായമണിഞ്ഞ ഗെയ്ൽ 10,074 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഇതിൽ 25 സെഞ്ചുറികളും 50 സെഞ്ചുറികളും ഉൾപ്പെടുന്നു. 165 വിക്കറ്റുകളും ഏകദിനത്തിൽ ഗെയ്ൽ നേടിയിട്ടുണ്ട്. 103 ടെസ്റ്റിൽ 7,214 റണ്‍സ് നേടിയിട്ടുള്ള ഗെയ്ൽ പലപ്പോഴും വിൻഡീസ് ക്രിക്കറ്റ് ബോർഡുമായി തെറ്റിപ്പിരിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
ഏകദിനത്തിൽ 10,000 തികച്ച് ഗെയ്ൽ
By
February 28, 2019 2:33 pm