കൊച്ചി: മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്നു നേരിട്ട് ഹാജരാകും.
ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴുദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലാണ് കോടതിയലക്ഷ്യനടപടിക്കിടയാക്കിയത്.
അതേസമയം, പെട്ടെന്ന് ഹര്‍ത്താല്‍ നടത്താനിടയായ സാഹചര്യം ഹൈക്കോടതിയില്‍ വിശദീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്മാന് എം.സി.കമറുദ്ദീന്, ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന് നായര്‍ എന്നിവരും ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും.