ന്യൂഡല്‍ഹി: പത്തു വയസ്സ് മാത്രമുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരിമല യുവതീപ്രവേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ രേഖാമൂലം സുപ്രീംകോടതിയില്‍ നല്കി.
എന്‍എസ്എസിന്റെയും തന്ത്രിയുടെയും വാദങ്ങള്‍ക്കു പ്രത്യേകം എതിര്വാദമാണു നല്‍കിയത്. യുവതീപ്രവേശം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്നതു ശരിയല്ലെന്നും ഈ വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും സര്‍ക്കാര്‍ പറയുന്നു.
2007 വരെ 35 കഴിഞ്ഞ യുവതികള്‍ക്കും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാമായിരുന്നു. 2007ലാണ് ഇത് 60 വയസ്സായി ഉയര്‍ത്തിയത്. യുവതികളെ പ്രവേശിപ്പിക്കാത്തത് ശബരിമല ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചാരമല്ല.
നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ യുവതികള്‍ക്കു പ്രവേശിക്കാം. വിലക്കുള്ളത് ഇവിടെ മാത്രമാണ്. ഒരു മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരണമാണോ യുവതീപ്രവേശ വിലക്ക് എന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്നും വാദത്തില്‍ പറയുന്നു.