Kerala

അസെന്‍ഡ് കേരള 2019: സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകളുമായി ‘ഇന്‍വെസ്റ്റ് കേരള ഗൈഡ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കൊച്ചി: കേരളത്തിലെ വിപുലമായ നിക്ഷേപസാധ്യതകള്‍ നേരിട്ടു മനസിലാക്കുന്നത് ലക്ഷ്യമിട്ട് തയാറാക്കിയ ‘ഇന്‍വെസ്റ്റ് കേരള ഗൈഡ്’ കൊച്ചിയില്‍ നടന്ന ‘അസെന്‍ഡ് കേരള 2019’ നിക്ഷേപക സമ്മേളനത്തില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

സംസ്ഥാനത്ത് സംരംഭങ്ങള്‍ തുടങ്ങാനെത്തുന്നതുവര്‍ക്ക് തടസമില്ലാതെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലുകള്‍ പരമാവധി കുറയ്ക്കാനും സഹായിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഗൈഡിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുത്തന്‍ നിയമങ്ങള്‍, സംരംഭകര്‍ക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കാനായി ഭരണസംവിധാനത്തിലും ബിസിനസ് മേഖലയിലും സ്വീകരിച്ച എല്ലാ പരിഷ്‌കാര നടപടികളും ഇതില്‍ വിവരിക്കുന്നു.

കേരളത്തിന്റെ പുത്തന്‍ നിക്ഷേപകാന്തരീക്ഷത്തിനു സാക്ഷ്യം വഹിക്കാനെത്തിയ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവരെ സാക്ഷിനിറുത്തിയാണ് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ട് ഹോട്ടലിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഗൈഡ് പ്രകാശനം ചെയ്തത്.

വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഇന്‍വെസ്റ്റ് കേരള എന്ന പോര്‍ട്ടല്‍ പ്രകാശനം ചെയ്തു. സംസ്ഥാനത്തേയ്ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സംരംഭകര്‍ക്ക് സ്വസ്ഥമായ അന്തരീക്ഷത്തില്‍ വൈവിധ്യമുള്ള സംരംഭങ്ങള്‍ തുടങ്ങി മുന്നോട്ടുപോകാനുള്ള നടപടികള്‍ അനായാസമാക്കുന്നതിനുമാണ് പോര്‍ട്ടല്‍ ലക്ഷ്യമിടുന്നത്.

കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സസ്(കെ-സ്വിഫ്റ്റ്), ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണം സമ്മേളനത്തില്‍ നടന്നു.

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ദ്രുതഗതിയില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് കെ-സ്വിഫ്റ്റ് നടപ്പാക്കുന്നത്. 14 വകുപ്പുകളും ഏജന്‍സികളുമായി ഇതിനകം തന്നെ കെ-സ്വിഫ്റ്റ് ബന്ധിപ്പിച്ച് കഴിഞ്ഞു. പൊതുവായ ഒരു അപേക്ഷയിലൂടെ എല്ലാ അനുമതികളും നേടിയെടുക്കാമെന്നതാണ് ഇതിന്റെ സവിശേഷത. കെട്ടിട നിര്‍മാണ അനുമതിക്ക് പ്ലാന്‍ സമര്‍പ്പിക്കാനുള്ള പദ്ധതിയാണ് ഐബിപിഎംഎസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top