Kerala

ശബരിമല യുവതീപ്രവേശനം; ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് എ.പത്മകുമാറിന് സി.പി.എം നിര്‍ദേശം

ശബരിമല യുവതീപ്രവേശത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സി.പി.എം നിര്‍ദേശം. പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്മകുമാറിനെ അറിയിച്ചു.

രാഷ്ട്രീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി പത്മകുമാറിന് നല്‍കിയിരിക്കുന്നത്. യുവതിപ്രവേശത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചതിന് തൊട്ടടുത്ത ദിവസം പത്മകുമാര്‍ ആറന്‍മുളയില്‍ നടത്തിയ ഈ പ്രസ്താവന ബാഹ്യശക്തികളുടെ ഇടപെടലോടെയാണെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം, സുപ്രീംകോടതിയിലേക്ക് ദേവസ്വം കമ്മീഷണറെ അയക്കുന്നതിന് മുന്‍പ് കൃത്യമായ നിര്‍ദേശം നല്‍കാതിരുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീഴ്ചയായാണ് സി.പി.എം നേതൃത്വം കാണുന്നത്. മൂന്ന് പേര്‍ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ പോയിട്ടും തന്നെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിച്ചെന്ന പരാതി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പാര്‍ട്ടി നേതൃത്വത്തെ അറിച്ചതോടെയാണ് പത്മകുമാറിനെ നിയന്ത്രിക്കണമെന്ന നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top