Business

ഓഹരി വിപണിക്ക് കനത്ത പതനം

ഓഹരി വിപണിയിലെ ആവേശം ചോര്‍ന്ന് പോയ പോലെയാണ് വ്യാപാരാന്ത്യദിവസമായ വെള്ളിയാഴ്ച വിപണി പ്രതികരിച്ചത്. സെന്‍സെക്‌സ് 425 പോയിന്റ് തകര്‍ന്ന് 36546 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 126 പോയിന്റ് ഇടിഞ്ഞ് 10944 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ സൂചിക 3.8 ശതമാനം താഴ്ന്നു.

പ്രമുഖ വാഹന നിര്‍മ്മാതാവായ ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില മൂക്കുകുത്തി താഴേക്ക് പോയി. മൂന്നാം പാദത്തില്‍ കമ്പനി വരുത്തിവെച്ച 27000 കോടിയുടെ ഭീമമായ നഷ്ടം ഓഹരിവിലയിലും പ്രതികൂലമായി ബാധിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിവില 29.45 ശതമാനം കുറഞ്ഞ് 129 രൂപയിലേക്ക് താഴ്ന്നു. എംആര്‍എഫ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ക്കും വിലയിടിഞ്ഞു.

സെയില്‍, വേദാന്ത തുടങ്ങിയ ഓഹരികളുടെ വില കുറഞ്ഞതോടെ നിഫ്റ്റി മെറ്റല്‍ സൂചിക 3.30 ശതമാനം ഇടിഞ്ഞു. റഫാല്‍ വിമാന ഇടപാടില്‍ 30000 കോടി രൂപയുടെ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന മാധ്യമവാര്‍ത്ത വിപണിയെ ഉലച്ചിട്ടുണ്ട്. വാര്‍ത്ത പ്രചരിച്ചതോടെ ഉച്ചകഴിഞ്ഞ് വിപണിയില്‍ ഓഹരികളുടെ വിലയിടിവ് പ്രകടമായി.

ഏഷ്യന്‍ വിപണിയിലെ മുരടിപ്പ് ഒരളവോളം ഇന്ത്യന്‍ വിപണിയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം, കുരുക്കഴിയാതെ പിന്തുടരുന്ന യുഎസ് ചൈന വ്യാപാരപ്രശ്‌നങ്ങള്‍ എന്നിവ വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top