Breaking News

സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ല, പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരും: കടകംപള്ളി സുരേന്ദ്രന്‍

കോട്ടയം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡന്റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

എ പത്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരും. പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഇരുവരുമായി താന്‍ ഇന്നലെ സംസാരിച്ചു. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ സെക്രട്ടറിയെ കാണുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് പൊളിറ്റിക്കല്‍ നിയമനം ആണെന്നും അതുകൊണ്ടു തന്നെയാണ് എകെജി സെന്റെലെത്തി കോടിയേരി ബാലകൃഷ്ണനോട് തന്നെ അതൃപ്തി തുറന്ന് പറഞ്ഞതെന്നും എന്‍ വാസു പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. എന്നാല്‍ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകൃരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ വിധിയെ അനുകൂലിച്ചുള്ള നിലപാടാണ് ദേവസ്വം ബോര്‍ഡിനായി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രീംകോടതിയില്‍ അറിയിച്ചത്. എന്നാല്‍ സാവകാശ ഹര്‍ജിയെ കുറിച്ച് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറയാത്തതില്‍ പദ്മകുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top