Latest News

സിമന്റ് നിര്‍മാതാക്കളുടെ പകല്‍ക്കൊള്ള ; നിര്‍മാണ മേഖല സ്തംഭിക്കും

ജോര്‍ജ് മാത്യു

സിമന്റ് നിര്‍മാതാക്കളുടെ പകല്‍ക്കൊള്ള കേരളത്തിലെ നിര്‍മാണ വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കുന്നു. ചാക്കൊന്നിന് 50 രൂപ ഒരടിസ്ഥാനവുമില്ലാതെ വര്‍ധിച്ചതുവഴി സിമന്റ് വില ചാക്കൊന്നിന് 500 രൂപയായി. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഒരു ചാക്ക് സിമന്റിന് 100 രൂപയോളം അധികമായി നല്‍കണം. ഇതെന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാറിനോ വ്യാപാരികള്‍ക്കോ അറിയില്ല. ഡീസല്‍ വില വര്‍ധിക്കാത്ത സാഹചര്യത്തില്‍ ചരക്ക് കൂലി വര്‍ധിക്കുന്നുവെന്ന വിചിത്രമായ ന്യായമാണ് സിമന്റ് നിര്‍മാതാക്കള്‍ പറയുന്നത്.

പ്രതിവര്‍ഷം കേരളത്തില്‍ ഒരു കോടി ടണ്‍ സിമന്റാണ് വില്‍ക്കപ്പെടുന്നത്. അതായത് 20 കോടി സിമന്റ് ബാഗുകളാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. 50 രൂപ വില വര്‍ധനയിലൂടെ 1000 കോടി രൂപ യാതൊരു ന്യായീകരണവുമില്ലാതെ സിമന്റ് നിര്‍മാതാക്കള്‍ സംസ്ഥാനത്തുനിന്നും സുഗമമായി കൊള്ളയടിക്കുകയാണ്.

ഇന്ത്യയിലെ 20ഓളം വരുന്ന പ്രമുഖ സിമന്റ് നിര്‍മാതാക്കളാണ് കേരളത്തിലെ ഉപഭോക്താക്കളെ പിഴിഞ്ഞ് കാശുംകൊണ്ട് പോകുന്നത്. ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ബഹുഭൂരിപക്ഷം സിമന്റ് നിര്‍മാണ കമ്പനികള്‍ക്കും നിര്‍മാണ യൂണിറ്റുകള്‍ ഉള്ളത്.

പ്രതിവര്‍ഷം ഒരു കോടി ടണ്‍ സിമന്റ് വില്‍ക്കുന്ന കേരളത്തില്‍, പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്‌സിന്റെ സിമന്റ് (സംസ്ഥാനത്ത് നിന്നുള്ള ) മാത്രമാണ് വില്‍ക്കപ്പെടുന്നത്. അതാകട്ടെ പ്രതിവര്‍ഷം 6.6 ലക്ഷം ടണ്‍ സിമന്റ് മാത്രമാണ്. ഇന്ത്യയിലെ 20 പ്രമുഖ സിമന്റ് കമ്പനികളുടെ പ്രതിവര്‍ഷ ഉത്പാദനം 35.79 ദശലക്ഷം ടണ്ണാണ്.

Conveyors in a stone quarry

” പരസ്പരം മത്സരിച്ച് സിമന്റിന്റെ വില കുറച്ചിരുന്ന പ്രമുഖ കമ്പനികള്‍ അടുത്ത കാലത്ത് സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ച ശേഷമാണ് തോന്നുംപടി വില വര്‍ധിപ്പിക്കുന്നത്. മുമ്പ് സിമന്റ് വ്യാപാരികള്‍ക്ക് 45 ദിവസം വരെ ക്രെഡിറ്റ് നല്‍കിയിരുന്നത് നിര്‍മാതാക്കള്‍ പിന്‍വലിച്ചു. റൊക്കം കാശുനല്‍കിയാല്‍ മാത്രമേ സിമന്റ് ഇപ്പോള്‍ നിര്‍മാതാക്കള്‍ നല്‍കാറുള്ളൂ. വില വര്‍ധനയെന്ന പകല്‍ കൊള്ളയ്ക്ക് എതിരേ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് മനസ്സിലാവുന്നില്ല. സിമന്റിന് വില വര്‍ധിച്ചാല്‍ നിര്‍മാണ മേഖല സ്തംഭിക്കും. ” – സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ല പ്രസിഡന്റ് കെ രാഘവന്‍ പറഞ്ഞു.

സിമന്റിന് അനാവശ്യമായി വില ഉയരുന്നത് നിര്‍മാണ മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കും. മുന്‍കൂറായി പറഞ്ഞുറപ്പിച്ച ചെറിയ ബജറ്റില്‍ നിര്‍മാണം തുടങ്ങിയ പല കോണ്‍ട്രാക്ടര്‍മാരും പണി പൂര്‍ത്തീകരിക്കാന്‍ പെടാപാടുപെടുകയാണ്.

നിര്‍മാണ മേഖല സ്തംഭിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടമാകും. പൊതുവേ കനത്ത അരക്ഷിതാവസ്ഥയിലായ റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ച്ചയുടെ വക്കിലാണ്. സിമന്റ് വില ഉയരുന്നതോടെ നിര്‍മാണ മേഖലയുടെ ‘പ്രൈസിംഗ്’ തലകീഴായി മാറിമറിയും. മുന്‍കൂട്ടി വില നിശ്ചയിച്ച കോണ്‍ട്രാക്ടുകള്‍ പലതും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധിയിലാകും.

” പൊതുവേ പ്രതിസന്ധിയിലായ ഫ്‌ലാറ്റ് നിര്‍മാണ മേഖല കൂടുതല്‍ ദുരിതത്തിലാകും. സിമന്റ് വില വര്‍ധിക്കുന്നതോടെ 20 ശതമാനം വില വര്‍ധവ് നേരിടേണ്ടി വരും. ഇതെങ്ങനെ പരിഹരിക്കുമെന്നറിയില്ല. സര്‍ക്കാര്‍ അന്യായമായ വില വര്‍ധനവിനെതിരെ നടപടിയെടുക്കണം. കേരളത്തില്‍ മാത്രം ഇങ്ങനെ വില വര്‍ധിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും.’ കേരളത്തിലെ പ്രമുഖ ഫ്‌ലാറ്റ് നിര്‍മാതാവായ യശോറാം ബില്‍ഡേഴ്‌സിന്റെ മാനേജിംഗ് പാര്‍ടണര്‍ എ.ആര്‍.എസ് വാധ്യാര്‍ ചോദിക്കുന്നു.

സിമന്റിന്റെ വില അന്യായമായി വര്‍ധിക്കുന്നതിനെതിരെ എന്തുകൊണ്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ പോലെയുള്ള സംവിധാനത്തെ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമീപിക്കുന്നില്ല എന്ന് ചെറുകിട നിര്‍മാണ കോണ്‍ട്രാക്ടറായ സി വില്‍സണ്‍ സംശയം ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ എല്ലാവരും കണ്ണടയ്ക്കുകയാണ്. സാധാരണക്കാരായവരുടെ മേല്‍ വില വര്‍ധന അടിച്ചേല്‍പ്പിക്കുന്ന ഇത്തരമൊരു നടപടി ആരും കണ്ടില്ലെന്ന് നടിക്കുകയാണ്.

സിമന്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഹോളോ ബ്രിക്‌സ് നിര്‍മാതാക്കളുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ് ഇടക്കിടെയുള്ള സിമന്റ് വില വര്‍ധനയെന്ന് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ പറഞ്ഞു.

” ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത സാമ്പത്തിക മാന്ദ്യമാണ് കേരളത്തിലിപ്പോഴുള്ളത്. ഇതിനിടയില്‍ പിടിച്ചു നില്‍ക്കുന്ന കേരളത്തിലെ ചെറുകിട വ്യവസായികള്‍ക്ക് ഒരു നിര്‍മാണ യൂണിറ്റ് കെട്ടിപ്പൊക്കുവാന്‍ എങ്ങനെ സാധിക്കും ?

നിര്‍മാണ ചെലവ് കൂടുമ്പോള്‍ ഉത്പാദനച്ചിലവും ക്രമാതീതമായി വര്‍ധിക്കും. ഇതുമൂലം അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉത്പന്നങ്ങളോട് മത്സരിച്ച് വിപണിയില്‍ പിടിച്ച് നില്‍ക്കാനാവില്ല. ഗള്‍ഫില്‍ നിന്നുള്ള വരവ് നിലച്ചതോടെ മലയാളികളുടെ ക്രയശേഷിക്ക് സാരമായ ഇടിവുണ്ടായിട്ടുണ്ടെന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയേണ്ടിരിക്കുന്നു. ” ദാമോദര്‍ അവന്നൂര്‍ വിശദീകരിച്ചു.

പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്ന കേരളത്തിലെ വര്‍ധിച്ച ഡിമാന്റ് കണക്കിലെടുത്താകും സിമന്റ് നിര്‍മാണ കമ്പനികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഇങ്ങനെ വില വര്‍ധിപ്പിക്കുന്നത്.

” എന്തടിസ്ഥാനത്തിലാണ് സിമന്റ് നിര്‍മാതാക്കള്‍ ഇങ്ങനെ വില വര്‍ധിപ്പിക്കുന്നതെന്ന് വന്‍കിട സിമന്റ് നിര്‍മാതാക്കളോട് ചോദിച്ചിട്ടും ആര്‍ക്കും യാതൊരു മറുപടിയും നല്‍കാന്‍ കഴിയുന്നില്ല. ചെറുകിട പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍മാര്‍ക്ക് സിമന്റ് വില വര്‍ധിക്കുന്നത് താങ്ങാനാവില്ല. സാധാരണക്കാരന് വീട് വയ്ക്കുവാന്‍ എങ്ങനെ കഴിയും. കോസ്റ്റ് എസ്‌കലേഷന്‍ ഫോര്‍മുല നിലവിലില്ലാത്തതിനാല്‍ കോണ്‍ട്രാക്ടര്‍മാര്‍ പ്രതിസന്ധിയിലാകും.” പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ചെയര്‍മാന്‍ ചെറിയാന്‍ വര്‍ക്കി പറഞ്ഞു.

ഇന്ധന ഗതാഗത ചെലവ് വര്‍ധനവ് മൂലമാണ് സിമന്റ് വില വര്‍ധിപ്പിക്കേണ്ടി വരുന്നതെന്നാണ് സിമന്റ് മാനിഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ് ശൈലേന്ദ്ര ചൗക്‌സി മുമ്പ് വിശദീകരണം നല്‍കിയിരുന്നത്.

സിമന്റ് വിലയില്‍ കഴിഞ്ഞ 7 വര്‍ഷമായി വര്‍ധനവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തായാലും സിമന്റിന്റെ വില വര്‍ധിച്ചാല്‍ സമസ്ത മേഖലയിലും വില വര്‍ധിക്കുമെന്ന് തീര്‍ച്ചയാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തുകിടക്കുന്ന കേരളമായിരിക്കും ഏറെ ദുരിതം പേറുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top