Biennale

തോല്‍പ്പാവക്കൂത്തിന്റെ കുഞ്ഞിക്കൗതുകം

ബിനാലെ പരിശീലനകളരിയില്‍ കൗതുകമുണര്‍ത്തി തോല്‍പ്പാവക്കൂത്ത്. കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ തുടങ്ങിയ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലന കളരി സംഘടിപ്പിച്ചത്.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ആര്‍ട്ട്‌റൂമിലായിരുന്നു തോല്‍പ്പാവക്കൂത്ത് കളരി സംഘടിപ്പിച്ചത്. പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരനായ കെ കെ രാമചന്ദ്ര പുലവര്‍ കളരിയ്ക്ക് നേതൃത്വം നല്‍കി ജനുവരി 30ന് ആരംഭിച്ച കളരി വെള്ളിയാഴ്ച അവസാനിച്ചു.

ഒരു കാലത്ത് എല്ലാവിധ വിശേഷ അവസരങ്ങളിലും അവിഭാജ്യഘടകമായിരുന്ന ഈ തമിഴ് കലാരൂപം ആധുനിക കാലത്ത് മുഖ്യധാരയില്‍ നിന്നും മറയുകയാണ്. അന്യം നിന്നു കൊണ്ടിരിക്കുന്ന ഇത്തരം പാരമ്പര്യകലാരൂപങ്ങളുടെ പ്രാധാന്യം ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് രാമചന്ദ്ര പുലവര്‍ പറഞ്ഞു.പരമ്പരാഗത കലാരൂപങ്ങളെ അവഗണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പാവകളെ ഉണ്ടാക്കുവാനും കുട്ടികള്‍ക്ക് അദ്ദേഹം പരിശീലനം നല്‍കി. കട്ടിയുള്ള കറുത്ത കടലാസിലായിരുന്നു കുട്ടികളുടെ പാവനിര്‍മ്മാണം.

ഹൈന്ദവ പുരാണകഥകളെ അടിസ്ഥാനമാക്കിയാണ് തോല്‍പ്പാവക്കൂത്തു കഥകള്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമായും 13-ാം നൂറ്റാണ്ടിലെ കമ്പരാമായണത്തെ അടിസ്ഥാനമാക്കിയാണ് കഥകള്‍. ക്ഷേത്രപ്പറമ്പിലെ കൂത്തുമാടങ്ങളിലാണ് ഇത് അരങ്ങേറിയിരുന്നത്. തുകല്‍ കൊണ്ടാണ് പാവകളുടെ നിര്‍മ്മാണം. കൂത്തുമാടത്തില്‍ തിരശ്ശീല വലിച്ചു കെട്ടി അതിനു പുറകിലാണ് തോല്‍പ്പാവക്കൂത്ത് കലാകാരന്‍ നില്‍ക്കുന്നത്.

രാമചന്ദ്ര പുലവറും മക്കളായ രാജീവും രാഹുലും ചേര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് കബ്രാള്‍ യാര്‍ഡില്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുകയും ചെയ്തു.

കിയാം കിയാം കുരുവിയെന്ന ആല്‍ബത്തിലെ പാട്ട് അടിസ്ഥാനമാക്കിയാണ് പാവകളെ ഉണ്ടാക്കിയതെന്ന് തോപ്പുംപടി ചിന്മയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി എം എസ് കൃതിക പറഞ്ഞു. ആദ്യം ബുദ്ധിമുട്ടായി തോന്നിയെങ്കിലും ചില നുറുങ്ങുകള്‍ മനസിലാക്കിയതോടെ പാവകളെ നിര്‍മ്മിക്കാന്‍ എളുപ്പമായെന്ന് അതേ വിദ്യാലയത്തിലെ ജെഫ്രിന്‍ ആന്റണി പറഞ്ഞു. മുതലയും കുരങ്ങനും എന്ന കഥയാണ് ഔര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലെ ഹസ്‌ന എ എന്‍ ഉള്‍പ്പെട്ട സംഘം തെരഞ്ഞെടുത്തത്. അതിന് വേണ്ടിയുള്ള പാവകളെയാണ് അവര്‍ ഉണ്ടാക്കിയത്.

നന്മയും തിന്മയും തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് പാവക്കൂത്ത് സഹായിക്കുമെന്ന് രാമചന്ദ്ര് പുലവര്‍ പറഞ്ഞു. കഴിഞ്ഞ എട്ട് തലമുറയായി തോല്‍പ്പാവക്കൂത്ത് നടത്തിവരുന്ന കുടുംബമാണ് അദ്ദേഹത്തിന്റെത്. നാടന്‍ കലാരൂപങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര ദശകമായി രാമായണത്തിന് പുറമെയുള്ള വിഷയങ്ങള്‍ കൂത്തായി അവതരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2004 ല്‍ മഹാത്മാഗാന്ധിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു മണിക്കൂര്‍ നീണ്ട തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചു. ഇതേത്തുടര്‍ന്ന്, ജീസസ് ക്രൈസ്റ്റ്(2009), മഹാബലി(2009) മഹാഭാരതം(2012) സ്വാമി അയ്യപ്പന്‍(2015) ബുദ്ധ (2017) എന്നീ കഥകള്‍ കൂടാതെ എയ്ഡ്‌സ് ബോധവത്കരണ വിഷയങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരുക്കിയെടുത്ത ഗാന്ധിക്കൂത്തിന്റെ അരമണിക്കൂര്‍ പ്രദര്‍ശനവും പരിശീലന കളരിക്കിടെ കുട്ടികള്‍ക്കായി നടത്തി. വിദേശരാജ്യങ്ങളില്‍ നടത്തുന്ന തോല്‍പ്പാവക്കൂത്തിന്റെ ഉപകരണങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസില്‍ വിവരിച്ചു.

പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 85 ക്ഷേത്രങ്ങളില്‍ പുലവര്‍ കുടുംബം തോല്‍പ്പാവക്കൂത്ത് വര്‍ഷാവര്‍ഷം അവതരിപ്പിച്ചു വരുന്നു. തോല്‍പ്പാവക്കൂത്ത് എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കൂടാതെ റഷ്യ, സ്വീഡന്‍, സ്‌പെയിന്‍, അയര്‍ലന്റ്, ജര്‍മ്മനി, ഗ്രീസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും അദ്ദേഹം തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top