കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിക്കുന്നു. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായ ചിത്രത്തിന്റെ അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയും ലിസ്റ്റിലുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ അമലാപോളും അഭിനയിക്കുന്നുണ്ട്.