Kerala

നട്ടംതിരിയുന്ന വിപണിയില്‍ പ്രളയസെസ് പ്രഹരം

സാധാരണ ഉല്‍പ്പന്നങ്ങള്‍ക്ക് പോലും വില വര്‍ദ്ധിക്കുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. ആഢംബര വസ്തുക്കള്‍ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുമെന്ന കണക്ക്കൂട്ടലുകളെ തകിടം മറിച്ചാണ് ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.

സോപ്പ് മുതല്‍ സ്വര്‍ണ്ണം വരെയുള്ള മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും അധിക പ്രളയ സെസ് ഏര്‍പ്പെടുത്തി. ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് വരുന്നത് എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കും. 12,18,28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 2 വര്‍ഷത്തേക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണ്ണം, സിമന്റ്, ഗ്രാനൈറ്റ്, ടൂത്ത് പേസ്റ്റ്, സോപ്പ്, നോട്ട് ബുക്ക്, കണ്ണട, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, കയര്‍, ബിസ്‌ക്കറ്റ്, പ്ലൈവുഡ്, വെണ്ണ, പാല്‍ എന്നീ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തിയത് അപ്രതീക്ഷിതമായിരുന്നു. വിപണിയില്‍ വന്‍ വില വര്‍ദ്ധനവിന് കളമൊരുക്കുന്ന ബജറ്റ് ഇടത് ഭരണത്തിന് തിരിച്ചടിയാകും. ഒരു പൊതു തെരഞ്ഞെടുപ്പ് ആഗതമായിരിക്കെ, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കുന്നത് ആശാസ്യമാവില്ല ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ സെസില്‍ നിന്ന് ഒഴിവാക്കിയതാണ് ഏക ആശ്വാസം.

സിനിമാ ടിക്കറ്റിന് 10 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചത് ഏതടിസ്ഥാനത്തിലാണെന്നാണ് സിനിമ മേഖലയിലുള്ളവര്‍ ചോദിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം എന്നവയ്ക്ക് കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ചത് ഇവയുടെ നിലവിലെ ഉയര്‍ന്ന വില വീണ്ടും ഉയര്‍ത്താന്‍ ഇടയാക്കും.

മദ്യത്തിന് വില കൂടുന്നത് സാധാരണക്കാരായ തൊഴിലാളികളുടെ കീശ ചോര്‍ത്തും. ബിയറിനും വൈനിനും ഉള്‍പ്പെടെ എല്ലാ മദ്യത്തിനും നികുതി സെസ് 2 ശതമാനം കൂട്ടി. മദ്യം നിത്യോപയോഗ ഉല്‍പ്പന്നമെന്ന നിലയില്‍ പരിഗണിക്കുന്ന ശരാശരി മലയാളിയുടെ കുടുംബ ബജറ്റിനെ ഇത് പ്രതികൂലമായി ബാധിക്കും. കേരളത്തിലെ ശരാശരി കുടുംബങ്ങളില്‍ നല്ലൊരു ശതമാനം വരുമാനം മദ്യത്തിന് വേണ്ടിയാണ് ചെലവാക്കുന്നത്.

മിനറല്‍ വാട്ടറിന് നികുതി വര്‍ദ്ധിപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ധനമന്ത്രി തന്നെ വിശദീകരിക്കേണ്ടി വരും. പുറത്തിറങ്ങുമ്പോള്‍ സാധാരണക്കാര്‍ വാങ്ങി ഉപയോഗിക്കുന്ന മിനറല്‍ വാട്ടര്‍ ആഡംബര ഉല്‍പ്പന്നമാണെന്ന വാദഗതി ന്യായീകരിക്കാനാകില്ല.

ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സമഗ്ര വിലക്കയറ്റത്തിനാകും വഴിതെളിക്കുക. പൊതുവേ സമ്പത്തിക മാന്ദ്യത്തിലകപ്പെട്ട് നട്ടം തിരിയുന്ന വിപണിക്ക് താങ്ങാവുന്നതിലധികമായായിരിക്കും പുതിയ പ്രളയസെസ് നികുതി നിര്‍ദേശങ്ങള്‍. പ്രളയസെസ് വലിയ തിരിച്ചടിയാകും എന്ന് വ്യാപാര സമൂഹം ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top