Kerala

ഒരു ശതമാനം പ്രളയസെസ് രണ്ടു വര്‍ഷത്തേക്ക്; 2019-20 ബജറ്റ് ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ ആഞ്ഞടിച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ നാലാം ബജറ്റിനു തുടക്കം കുറിച്ചത്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ഇങ്ങനെ, ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തുക.

സിനിമാ ടിക്കറ്റിനും ബീയറിനും വൈനിനും വില കൂടും. മദ്യത്തിന് രണ്ട് ശതമാനം നികുതി വര്‍ധിപ്പിച്ചു. സ്വര്‍ണം, സിമെന്റ്, ഗ്രാനൈറ്റ്, കാര്‍, എസി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങള്‍, ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ട് ബുക്, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, സെറാമിക് ടൈലുകള്‍ എന്നിവയ്ക്കും വില വര്‍ധിക്കും.

സ്വര്‍ണം ഒഴികെ 5 ശതമാനത്തിനു മുകളിലെ സ്ലാബില്‍പെട്ട എല്ലാ ചരക്കുകള്‍ക്കും സെസ് ബാധകമായിരിക്കും. കോംപോസിഷന്‍ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുള്ള ചെറുകിട വ്യാപാരികളെയും സെസ് ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കി. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് കാല്‍ ശതമാനവും 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങളുടെയും എല്ലാത്തതരം സേവനങ്ങളുടെയും വിതരണത്തിന് വിതരണ വിലയിന്‍ന്മേല്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുമാണ് തീരുമാനം.

സിനിമാ ടിക്കറ്റിനു 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തി. ആഡംബര വീടുകള്‍ക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി.

തിരുവനന്തപുരത്തു നവോത്ഥാന പഠന മ്യൂസിയം നിര്‍മിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണു സെസ്. ധനക്കമ്മി ഒരു ശതമാനമായും റവന്യൂകമ്മി 3.30 ശതമാനമായും കുറയ്ക്കും. ജീവനക്കാര്‍ക്ക് രണ്ടു ഗഡു ഏപ്രിലില്‍ നല്‍കും.

യുവാക്കളുടെ പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം, സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ, ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1 ലക്ഷത്തില്‍നിന്ന് 2 ലക്ഷമായി ഉയര്‍ത്തും. 1.16 ലക്ഷം ചതുരശ്ര അടി ഐടി പാര്‍ക്ക് സ്ഥലം സൃഷ്ടിക്കും. വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി. പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും. ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തികവര്‍ഷം 30 ശതമാനം ഉയരും. ഇത്തവണ ബജറ്റില്‍ ചെലവ് 13.88 ശതമാനം വര്‍ധിക്കും.

ഗള്‍ഫില്‍നിന്നുള്ള വരുമാനം കുറയും. ജിഎസ്ടി സംവിധാനങ്ങളിലെ പാളിച്ചയും പ്രശ്‌നമാകുന്നു. ചെലവുചുരുക്കല്‍ ആത്മഹത്യാപരമാണെന്നും തോമസ് ഐസക്. 2019 – 20 വര്‍ഷം ലോട്ടറി വരുമാനം 11,863 കോടിയായി ഉയരും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവു ചുരുക്കില്ല. സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക മുരടിപ്പ് വര്‍ധിപ്പിക്കും.

പ്ലാസ്റ്റിക് – ഇ വേസ്റ്റ് സംസ്‌കരണത്തിന് വിപുലമായ പദ്ധതികള്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 260 കോടി വകയിരുത്തി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ 11,867 കോടി വകയിരുത്തി. ഇതോടെ തദ്ദേശസ്ഥാനപനങ്ങള്‍ക്ക് കേന്ദ്രസഹായമടക്കം 21,000 കോടിയായി.

ഗ്രാമപഞ്ചായത്തുകള്‍ 6,384 കോടി. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്ക് 2,654 കോടി. വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് ഫ്‌ലൈഓവര്‍ വരും. കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ സഹായം. തിരുവനന്തപുരം ആര്‍സിസിക്ക് 73 കോടി അനുവദിച്ചു.

മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി. കശുവണ്ടി മേഖലയ്ക്ക് പാക്കേജ്. പൂട്ടിയ സ്ഥാപനങ്ങളുടെ കടം പുനഃക്രമീകരിക്കും. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി.

ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. പമ്പയില്‍ ഒരു കോടി ലീറ്റര്‍ ശേഷിയുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി. പമ്പ, നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം.

പ്രളയംമൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് 20 കോടി വകയിരുത്തി. മാര്‍ച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി. ക്ഷേമപെന്‍ഷന്‍ നൂറുരൂപ വര്‍ധിപ്പിച്ചു. ‘സ്‌നേഹിത കോളിങ് ബെല്‍’ പദ്ധതി നടപ്പാക്കും. കുടുംബശ്രീയ്ക്ക് ചുമതല.

ടൂറിസം മേഖലയ്ക്ക് 270 കോടി. 82 കോടി ടൂറിസം മാര്‍ക്കറ്റിങ്ങിന്. 132 കോടി പശ്ചാത്തല വികസനത്തിനും വകയിരുത്തി. 2500 കോടി രൂപ കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തും. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷികമേഖലയെ പുനരുദ്ധരിക്കും.

ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം രൂപയുടെ ചികില്‍സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും. ജീവിതശൈലീ രോഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ നല്‍കും.

200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും.

സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്.സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി.

സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനികവല്‍ക്കരിക്കും. പൊതുവിദ്യാലയങ്ങളില്‍ രണ്ടരലക്ഷം കുട്ടികള്‍ പുതുതായെത്തി. ഇതില്‍ 94 ശതമാനം പേരും മറ്റു സ്‌കൂളുകളില്‍നിന്ന് മാറിവന്നവരാണ്. 1000 കോടി കുടുംബശ്രീക്ക് വകയിരുത്തി. കുടുംബശ്രീ 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും.

ലോകകേരളസഭയ്ക്ക് അഞ്ചുകോടി രൂപ വകയിരുത്തി. കേരള ബാങ്ക് ഈ വര്‍ഷം. നിക്ഷേപശേഷി 57,000 കോടിയില്‍നിന്ന് 64,000 കോടിയായി ഉയരും. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാന്ത്വനം പദ്ധതി. 25 കോടി വകയിരുത്തി. പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും.

സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം – കാസര്‍കോട് സമാന്തര അതിവേഗ റയില്‍പാത നിര്‍മാണം ഈവര്‍ഷം. 515 കിലോ മീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്.

1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാന്‍ 20 കോടി. റബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും.

നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി. കുരുമുളക് കൃഷിക്ക് 10 കോടി, പൂക്കൃഷിക്ക് അഗ്രി സോണ്‍.

കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജിഡിസിഎ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴി.

വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും.

ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി. മല്‍സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു.

പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019-20 ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില.

കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും.കേരള ബോട്ട് ലീഗ് തുടങ്ങും. പുതിയ ടൂറിസം സീസണാക്കി മാറ്റും. സ്‌പൈസ് റൂട്ട് പദ്ധതി നടപ്പാക്കും, വിദേശപങ്കാളിത്തം ഉറപ്പാക്കും.പൊതുമരാമത്ത് വകുപ്പിന് ബജറ്റില്‍ 1367 കോടി. പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍ നിര്‍മിക്കും.

585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ തന്നെ മാറും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും.

ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാന്‍ നടപടി. കെഎസ്ആര്‍ടിസി തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top