കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന് ഗുരുതരാവസ്ഥ തരണം ചെയ്തതായി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്.
ഇന്നലെ രാവിലെ 9.30നു പാലാരിവട്ടത്തിനു സമീപമുള്ള സ്റ്റുഡിയോയില്‍ ഡബ്ബിങ്ങിനായി എത്തിയപ്പോഴാണ് ശ്രീനിവാസന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലായിരുന്നു. ഒപ്പം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ഉണ്ടായിരുന്നു. ഹൃദയാഘാത സാധ്യത കണക്കിലെടുത്താണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ സഹായം നല്‍കിയത്.