Film News

സിനിമയില്‍ നീയും ഞാനുമില്ല; കൂട്ടായ്മയാണ് കാര്യം

സിനിമയെ സംബന്ധിച്ച് പഴയ പുതിയ തലമുറ എന്നൊന്നും വേര്‍തിരിവില്ല. സിനിമയില്‍ കഥയാണ് കാര്യം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് പുതുമയാര്‍ന്ന രീതിയില്‍ എങ്ങനെ അഭ്രപാളിയില്‍ നല്‍കുന്നുവെന്നതിനെ ആശ്രയിച്ചാവും ഒരു സിനിമയുടെ വിജയം. സിനിമ ഒരു കൂട്ടായ്മയുടെ, പ്രതിബദ്ധതയുടെ, സ്വന്തം ജോലി മാത്രമേ ചെയ്യുകയുള്ളുവെന്ന പിടിവാശി മാറ്റിവെക്കുന്ന മനോഭാവത്തിന്റെ പരിണിതഫലമാണ്. എറണാകുളം നിയോ ഫിലിം സ്‌ക്കൂളിന്റെ ക്രൂ സ്‌റ്റോറീസ് എന്ന സിനിമ ചര്‍ച്ച പഠനക്ലാസില്‍ പരിചയ സമ്പന്നനായ മലയാള സിനിമ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പറഞ്ഞു.

നിയോ ഫിലിം സ്‌ക്കൂളിലെ ക്രൂ സ്‌റ്റോറീസ് എന്ന സിനിമ പഠന കളരിയില്‍ നീയും ഞാനും എന്ന പുതിയ മലയാള സിനിമയുടെ അണിയറപ്രവര്‍ത്തകരേയും നായകന്മാരെയും ഒന്നിച്ച് കൊണ്ടുവന്ന് ഒരു സിനിമയെ അവലോകനം ചെയ്യുന്ന ക്രൂ സ്‌റ്റോറീസ് പുതിയൊരു പഠനാനുഭവമാണ്. നിയോ സ്‌ക്കൂളിന്റെ തലവന്‍ സിബി മലയില്‍ നയിച്ച സിനിമ പഠനശാലയില്‍ നീയും ഞാനും എന്ന സിനിമയുടെ ഉള്ളറകള്‍ അപഗ്രഥിച്ചാണ് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ അനുഭവം പകര്‍ന്ന് നല്‍കിയത്.

സിബി മലയില്‍ ഗുരുസ്ഥാനീയനാണെന്ന് തുറന്ന് പറഞ്ഞുകൊണ്ടാണ് നീയും ഞാനും എന്ന സിനിമയുടെ സംവിധായകന്‍ എ കെ സാജന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്.

പുതിയ തലമുറയുടെ ഭാഷ തന്നെ തികച്ചും വ്യത്യസ്തമാണ്. സാങ്കേതിക വിദ്യയുടെ ഒപ്പം ചലിക്കുന്ന അവരുടെ ഭാഷ ഒപ്പിയെടുത്താണ് സിനിമയില്‍ സംഭാഷണമെഴുതിയത്. കാലത്തിന്റെ മാറ്റം ഓരോ സംവിധായകനും തിരിച്ചറിയണം. പണ്ടത്തെപ്പോലെ സാഹിത്യഭാഷയില്‍ സംഭാഷണമെഴുതി അവതരിപ്പിച്ചാല്‍ പുതുതലമുറ സിനിമ കാണാന്‍ വരില്ല. ആലങ്കാരിക ഭാഷ പാടേ മാറിയിരിക്കുന്നു. ഇതാണ് ഞങ്ങളുടെ ഭാഷയെന്ന് പുതിയ തലമുറ മറയില്ലാതെ തുറന്നുപറയുന്നു.

പുതിയതലമുറയിലെ കാണികള്‍ മാത്രമല്ല അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പ്രതിബദ്ധതയും പ്രതിഭയുമുള്ളവരാണെന്ന് ഷറഫ് യു ദിന്‍, സിജു വില്‍സണ്‍ എന്നിവരെ വേദിയിലിരുത്തി അഭിനന്ദിച്ച് കൊണ്ട് എ കെ സാജന്‍ പറഞ്ഞു.

ഇവരെല്ലാം നീയും ഞാനും എന്ന സിനിമയിലെ കഥാപാത്രങ്ങളായി പെട്ടെന്ന് മാറി. പൂര്‍ണ്ണമായ ഇന്‍വോള്‍വ്‌മെന്റ് സിനിമയിലെ ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനേതാക്കള്‍ക്ക് പോലും ഉണ്ടായിരുന്നു. ചെറിയ റോളില്‍ അഭിനയിക്കാന്‍ ക്ഷണിച്ച ഷൈന്‍ (സിദ്ധിക്കിന്റെ മകന്‍) കഥാപാത്രത്തെ ഉള്‍ക്കൊണ്ടാണ് ഇതിലഭിനയിച്ചത്. സിനിമ കൂട്ടായ്മയുടെ കഥയാണെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് എ കെ സാജന്‍ വിശദീകരിച്ചു.

സിനിമയുടെ സര്‍ഗാത്മകത മാത്രം പഠിച്ച് സിനിമയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട വരരുത്. ഒരു സിനിമയുടെ നിര്‍മ്മാണവേളയിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളേയും നേരിടുവാന്‍ ഓരോ സിനിമ അണിയറപ്രവര്‍ത്തകനും സദാ തയ്യാറാവണം. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിയൂ. സിനിമയുടെ പ്രായോഗിക പ്രതിസന്ധികളെ ഓര്‍മ്മിപ്പിച്ച് കൊണ്ട് സിബി മലയില്‍ പറഞ്ഞു.

സിനിമയുടെ എഡിറ്റര്‍ അനാവശ്യമായ ഓരോ ഷോട്ടും നിര്‍ദാക്ഷിണ്യം അരിഞ്ഞ് തള്ളാന്‍ പ്രാപ്തിയുള്ളവനായിരിക്കണം. സിനിമയുടെ പൂര്‍ണ്ണതയായിരിക്കണം എഡിറ്ററിന്റെ മനസ്സിലുണ്ടാവേണ്ടത്. എഡിറ്റിങ് വേളയില്‍ തന്റെ തിരക്കഥാകൃത്തായിരുന്ന ലോഹിതദാസിനെ പോലും എഡിറ്റിങ് റൂമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എഴുതിയ പല സീനുകളും വെട്ടിമാറ്റുമ്പോള്‍ തിരക്കഥാകൃത്തുകള്‍ക്ക് സഹിക്കാന്‍ കഴിയാറില്ലെന്ന് തമാശരൂപേണ സിബി മലയില്‍ പറഞ്ഞു. നീയും ഞാനും എന്ന സിനിമയുടെ പുതിയ എഡിറ്റര്‍ എ ആര്‍ അഖില്‍ മികച്ച രീതിയില്‍ എഡിറ്റിങ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് സിബി മലയില്‍ ചൂണ്ടിക്കാട്ടി.

നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശീലിച്ച എനിക്ക് ഗൗരവുള്ള നീയും ഞാനിലെ യാക്കൂബ് മുഹമ്മദ് എന്ന ക്യാരക്ടറിലേക്ക് മാറാന്‍ സംവിധായകന്‍ സാജനാണ് കരുത്ത് പകര്‍ന്നത്. തുടക്കത്തില്‍ ചെയ്യുന്നത് ശരിയാണോയെന്ന സംശയമുണ്ടായിരുന്നു. ഷറഫ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മനസ്സ് തുറന്ന് സംസാരിച്ചു.

നീയും ഞാനും എന്ന സിനിമയിലെ കഥാപാത്രം തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു നോട്ടം പോലും തെറ്റിദ്ധരിപ്പിക്കാം. സങ്കീര്‍ണ്ണമായ കഥാപാത്രം ഏറെ ബുദ്ധിമുട്ടിയാണ് അവതരിപ്പിച്ചതെന്ന് സിജു വില്‍സണ്‍ പറഞ്ഞു.

രാത്രിയിലായിരുന്നു കൂടുതല്‍ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ലൈറ്റിങ് ഏറെ ശ്രമകരമായിരുന്നു. എന്നാല്‍ സിനിമ പുറത്ത് വന്നപ്പോള്‍ സംതൃപ്തി തോന്നിയെന്ന് ക്യാമറാമാന്‍ ക്ലിന്റോ ആന്റണി വിശദമാക്കി.

ഒരു സിനിമ എടുക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ എങ്ങനെ തരണംചെയ്തുവെന്ന പ്രായോഗിക നിര്‍ദേശങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രമുഖ സിനിമ അണിയറപ്രവര്‍ത്തകര്‍ സിനിമ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നത് പതിവാണ്. കേരളത്തില്‍ നിയോ ഫിലിം സ്‌ക്കൂള്‍ സംഘടിപ്പിക്കുന്ന ക്രൂ സ്റ്റോറീസ് പോലെയുള്ള ചര്‍ച്ചകള്‍ സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പഠന കളരിയായി മാറുകയാണ്. ഇത്തരം ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങള്‍ എങ്ങനെ പുതുതലമുറ സ്വീകരിക്കുന്നുവെന്നതിനെ അനുസരിച്ചാവും മലയാള സിനിമയ്ക്ക് പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top