Latest News

സി എസ് വെങ്കിടേശ്വരന്‍ തെരഞ്ഞെടുത്ത ചലച്ചിത്രങ്ങള്‍ ബിനാലെയില്‍

കൊച്ചി: പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത ഏഴ് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ബിനാലെ ചലച്ചിത്രോത്സവത്തില്‍ നാളെ മുതല്‍ ആരംഭിക്കും. ഇരുട്ടിന്റെ പ്രഹരമേറ്റ യുവ-മലയാളം സിനിമ(യങ് മലയാളം സിനിമ: സ്ട്രക്ക് ബൈ ദി ബീം ഓഫ് ഡാര്‍ക്ക്‌നെസ്സ്) എന്നതാണ് അദ്ദേഹം തന്റെ തെരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്ന പേര്.

ഇരുട്ടു കൊണ്ട് കാഴ്ച മറഞ്ഞു പോയ ഒരുവന്റെ കാഴ്ചകളാണ് സമകാലീനം എന്ന ജോര്‍ജ്ജിയോ ആഗംബെനിന്റെ വാക്കുകളാണ് തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനമായി സി എസ് വെങ്കിടേശ്വരന്‍ കാണുന്നത്. താന്‍ തെരഞ്ഞെടുത്ത സിനിമകളിലെല്ലാം ഈ ഇരുട്ട് കാണാം. വെളിച്ചത്തേക്കാള്‍ തീഷ്ണമായ അനുഭവങ്ങളാണ് ഇരുട്ട് സമ്മാനിക്കുന്നത്. വര്‍ത്തമാനകാലവുമായി തീവ്രമായ ബന്ധം പുലര്‍ത്തുന്നവയാണ് ഈ സിനിമകള്‍. ചരിത്രം, രാജ്യം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് സംസാരിക്കുന്നവയാണ് ഈ സിനിമകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ പവലിയനില്‍ വൈകീട്ട് 6.30 മുതലാണ് ചലച്ചിത്ര പ്രദര്‍ശനം. അഭിനിവേശത്തെക്കുറിച്ച് പറയുന്നതാണ് ഏദനും ബിലാത്തിക്കുഴികളുമെങ്കില്‍ സമൂഹത്തിലെ അക്രമത്തെക്കുറിച്ച് പറയുന്നതാണ് ഈടയും എസ് ദുര്‍ഗയും. സ്ലീപലെസ്ലി യുവേഴ്‌സ് പ്രേമത്തിലെ അസംഭവ്യതയാണെങ്കില്‍ പ്രതിഭാസം വിവിധ ലോകങ്ങളുടെ അതിരുകളെക്കുറിച്ച് പറയുന്നു.

കാഴ്ചക്കാരന്റെ ബോധത്തെ തകര്‍ത്തു കളയുന്ന തരത്തില്‍ ഒരച്ഛനും മകനു തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ മ യൗ പറയുന്നു. ഇത്തരത്തില്‍ ഓരോ ജീവിതഘട്ടത്തിലെ പാളികളോട് അടുപ്പം പുലര്‍ത്തുന്നതിനോടൊപ്പം അതിലെ നിരര്‍ത്ഥകത തിരിച്ചറിയുന്നതോടെ അകല്‍ച്ച തോന്നിപ്പിക്കുകയും ഈ സിനിമകള്‍ ചെയ്യുന്നുവെന്ന് സി എസ് വെങ്കിടേശ്വരന്‍ പറഞ്ഞു.

ജനുവരി 20, 2019 (ഞായര്‍)- ഏദന്‍, സംവിധാനം സഞ്ജു സുരേന്ദ്രന്‍
ജനുവരി 21, 2019 (തിങ്കള്‍)- ബിലാത്തിക്കുഴികള്‍, സംവിധാനം വിനു കോളിച്ചല്‍
ജനുവരി 22, 2019 (ചൊവ്വ)- സ്ലീപ്ലെസ്ലി യുവേഴ്‌സ്, സംവിധാനം- സുദീപ് ഇളമണ്‍
ജനുവരി 23, 2019 (ബുധന്‍)- ഈട, സംവിധാനം ബി അജിത്കുമാര്‍
ജനുവരി 24, 2019 (വ്യാഴം) ഈ മ യൗ, സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി
ജനുവരി 25, 2019 (വെള്ളി)- പ്രതിഭാസം, സംവിധാനം വിപിന്‍ വിജയ്
ജനുവരി 26, 2019 (ശനി)- എസ് ദുര്‍ഗ, സംവിധാനം സനല്‍ കുമാര്‍ ശശിധരന്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top