Breaking News

മുനമ്പം മനുഷ്യക്കടത്ത്; ഡല്‍ഹിയില്‍ രണ്ടുപേര്‍ പിടിയില്‍

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ പിടിയിലായി. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പോലീസിന്റെ പിടിയിലായത്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.

യാത്രയ്ക്കായി ഒരാള്‍ ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്ന് പിടിയിലായ ദീപക് മൊഴി നല്‍കി. ഇരുന്നൂറോളം പേരാണ് ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചത്. ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്.

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികള്‍ ആണെന്നാണ് പൊലീസ് കണ്ടെത്തല്‍.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സംഘം പറവൂര്‍ മാല്യങ്കരയിലെ ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോട്ട് ജെട്ടിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് പതിമൂന്നും മുനമ്പത്ത് നിന്ന് ആറും ബാഗുകള്‍ കണ്ടെടുത്തിരുന്നു. ബാഗുകളില്‍ ഉണക്കിയ പഴം, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, വിമാന ടിക്കറ്റുകള്‍ തുടങ്ങിയവ ഉണ്ടായിരുന്നു.

വിനോദ സഞ്ചാരികളെന്ന പേരില്‍ നാലു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം ചെറായിയിലെ ഹോം സ്റ്റേയില്‍ തങ്ങിയത്. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. സംഘത്തിലുള്ളവര്‍ക്ക് ഹിന്ദിയും തമിഴും ഇംഗ്ലീഷും വശമുണ്ട്. വിനോദ സഞ്ചാരികളെന്ന് പരിചയപ്പെടുത്തിയതിനാല്‍ സംശയം തോന്നിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top