Breaking News

ആലപ്പാട്ടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ വിദഗ്ധസമിതി; സീ വാഷിംഗ് ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം: ആലപ്പാട്ടെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സമരക്കാരുമായി തിരുവനന്തപുരത്ത് മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ആലപ്പാട്ടെ തീരത്ത് ഒരു മാസത്തേക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാനും ധാരണയായി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. എന്നാല്‍ ഇന്‍ലാന്‍ഡ് വാഷിംഗ് തുടരും.

തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തീരമേഖലയില്‍ പുലിമുട്ട് നിര്‍മാണം കാര്യക്ഷമമാക്കും. കടല്‍ഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാകും.

സര്‍ക്കാര്‍ നടപടികള്‍ കണക്കിലെടുത്ത് സമരം തല്‍ക്കാലം അവസാനിപ്പിക്കണമെന്ന് മന്ത്രി സമരക്കാരോട് അഭ്യര്‍ഥിച്ചു. സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും സമരക്കാര്‍ തൃപ്തിയോടെയാണ് ചര്‍ച്ചയില്‍ നിന്ന് മടങ്ങിയതെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ ഖനനം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരിമണല്‍ കേരളത്തിന്റെ പൊതുസ്വത്താണ്. അതിനാല്‍ പൊതുമേഖലയില്‍ ഖനനം നിര്‍ത്താനാകില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. അതേസമയം, മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരുമെന്നാണ് സമരസമിതിയുടെ വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top