Kerala

ആലപ്പാടിന് സംഭവിച്ചതെന്തെന്നറിയാന്‍ പഠനറിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മതി, ഖനനം നിര്‍ത്തി വയ്ക്കണമെന്ന് വിഎസ്

തിരുവനന്തപുരം: തുടര്‍പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട് കരിമണില്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

ഖനനത്തിലൂടെ ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടും മാത്രം പരിശോധിച്ചാല്‍ മതിയെന്ന് വിഎസ് പ്രതികരിച്ചു.

ധാതു സമ്പത്ത് വെറുതെ കളയരുതെന്ന ലാഭചിന്തയിലൂടെയല്ല അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കി കാണേണ്ടതെന്ന് വ്യവസായ മന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് വിഎസ് പറയുന്നു.

ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകളെന്നും വിഎസ് വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top