Business

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമായി കേരളം മാറണം; മുഖ്യമന്ത്രി

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണിലെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം പുതിയ സംവിധാനങ്ങളോടു കൂടിയ ഇലക്ട്രോണിക് ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിന്റെ നവീകരിച്ച സംവിധാനങ്ങളും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.

1.8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പുതിയ കോംപ്ലക്‌സ്. അതില്‍ 60,000 ചതുരശ്ര അടിയിലാണ് പുതിയ മേക്കര്‍ വില്ലേജ്. ഇതു കൂടാതെ ബയോനെസ്റ്റ്, സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റായ ബ്രിങ്ക്, അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പായ ബ്രിക്ക ് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

കേരളത്തില്‍ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ 2.3 കോടി ചതുരശ്ര അടി സ്ഥലത്തേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിലേക്കുള്ള ചുവടുവയ്പാണ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ്.

ഐടി മേഖലയിലെ പുതിയ നയസമീപനത്തിന്റെയും പദ്ധതികളുടെയും ഭാഗമായി കേരളം രാജ്യത്തെ പ്രധാന ഐടി കേന്ദ്രമായി വളരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിസാന്‍ ഫുജിറ്റ്‌സു കേരളത്തിലേക്കെത്തുന്നത് ഇതിന്റെ സൂചനയാണ്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട്പ്പുകള്‍ 30 പേറ്റന്റുകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

എട്ടു നിലകളുള്ള കെട്ടിടത്തില്‍ 100 ല്‍ പരം സ്റ്റാര്‍ട്ടപ്പുകളാണ് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളത്. ടെക്‌നോളജി ഇനോവേഷന്‍ സോണിലെ മൂന്ന് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുമ്പോള്‍ 5 ലക്ഷം ചതുരശ്ര അടി സ്ഥലമാകും സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടാകുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമാകും.

ടെക്‌നോളജി ഇനോവേഷന്‍ സോണിലെ മുഴുവന്‍ സ്ഥലവും ഇതിനകം തന്നെ വിവിധ കമ്പനികള്‍ വാങ്ങിക്കഴിഞ്ഞുവെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. രാജ്യത്താദ്യമായാണ് ഇത്തരമൊരു സംഭവം. കെട്ടിടത്തിന്റെ ആദ്യ നിലകള്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു. ബാക്കി സ്ഥലം വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്.

പുതിയ കെട്ടിടത്തോടനുബന്ധധിച്ച് മറ്റൊരു ഇന്‍കുബേറ്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ഐ ടി സെക്രട്ടറി പറഞ്ഞു. മേക്കര്‍ വില്ലേജിലെ 30 കമ്പനികള്‍ കൂടാതെ, ബയോ ടെക്‌നോളജി, കമ്പ്യൂട്ടര്‍ അധിഷ്ഠിത രൂപകല്‍പ്പന, ആഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയിലധിഷ്ഠിതമായ കമ്പനികളും ടെക്‌നോളജി ഇനോവേഷന്‍ സോണിലുണ്ടാകും.

ഐടിയിലും ഇന്‍കുബേഷന്‍ സംവിധാനത്തിലും കേരളം ദക്ഷിണേന്ത്യയിലെ സൂപ്പര്‍ പവറായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കളമശ്ശേരി എം എല്‍ എ വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സഹകരണത്തോടെ കേന്ദ്ര ബയോ ടെക് വകുപ്പിന്റെ സ്ഥാപനമായ ബിആര്‍ക്കിന്റെ ധനസഹായത്തോടെ തുടങ്ങിയ ബയോനെസ്റ്റ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഉദ്ഘാടനം എറണാകുളം എംപി പ്രൊഫ. കെ വി തോമസ് നിര്‍വഹിച്ചു.

അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പായ ബ്രിക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വര്‍ഷം തോറും 50,000 അര്‍ബുദ രോഗികളാണ് സംസ്ഥാനത്ത് കൂടിവരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അര്‍ബുദ പ്രതിരോധ കര്‍മ്മ പദ്ധതിയുമായി സഹകരിച്ചു കൊണ്ടാകും ബ്രിക്ക് പ്രവര്‍ത്തിക്കുന്നതത്. 350 കോടി രൂപയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനായി മാറ്റി വച്ചിരിക്കുന്നത്.

കേന്ദ്ര ടെലികോം വകുപ്പ് ബി എസ് മൂര്‍ത്തി, ഐഐഐടിഎംകെ ചെയര്‍മാന്‍ മാധധവന്‍ നമ്പ്യാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണ്‍ നായര്‍എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അമേരിക്കയിലെ എംഐടിയുടെ സഹകരണത്തോടെയുള്ള ഫബ് ലാബ് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

വര്‍ക്ക് -ലൈവ് പ്ലേ സംസ്‌ക്കാരത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംവിധാനമാണ് ടെക്‌നോളജി ഇനോവേഷന്‍ സോണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന-കേന്ദ്ര ഐടി വകുപ്പിന്റെ സഹകരണത്തോടെ ഐഐഐടിഎംകെ സ്ഥാപിച്ച മേക്കര്‍ വില്ലേജില്‍ 65 ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളതത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top