രാജ്യത്തിന്റെ അഭിമാനതാരമായി ഇന്ത്യന്‍ ഫുട്ബോള്‍ നായകന് സുനില്‍ ഛേത്രി. സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി ഇനി ഛേത്രിക്ക് സ്വന്തം. അര്ജീന്റിയന് സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്നാണ് ഛേത്രി രണ്ടാം സ്ഥാനത്തെത്തിയത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇക്കാര്യത്തില്‍ ഛേത്രിക്ക് മുന്‍പിലുളളത്.
തന്റെ 104-ാം മത്സരത്തില്‍ തായ്ലന്റിനെതിരെ നേടിയ ഇരട്ടഗോളുകളോടെയാണ് ഛേത്രി രണ്ടാമതെത്തിയത്. ഇതോടെ താരത്തിന്റെ ഗോള്‍നേട്ടം 66 ആയി. 65 അന്താരാഷ്ട്ര ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുളള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 85 ഗോളുകളാണുളളത്.
അതേസമയം ഛേത്രിയുടെ നേട്ടത്തിനൊപ്പം തായ്ലന്റിനെതിരെ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കി. ഏഷ്യന്‍കപ്പ് ഫുട്ബോളില്‍ തായ്ലന്റിനെ 4-1ന് തകര്‍ത്താണ് ഇന്ത്യ തേരോട്ടം തുടങ്ങിവച്ചിരിക്കുന്നത്.