Breaking News

48 മണിക്കൂര്‍ ദേശിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്നു രാത്രി 12 ന് തുടങ്ങി മറ്റന്നാള്‍ രാത്രി 12 വരെയാണ് പണിമുടക്ക്.

കഴിഞ്ഞ ദിവസത്തെ ഹര്‍ത്താല്‍ അക്രമങ്ങള്‍ കണക്കിലെടുത്ത് വാഹനങ്ങള്‍ തടയില്ലെന്നും നിര്‍ബന്ധിച്ച് കടയടപ്പിക്കില്ലെന്നും നേതാക്കള്‍ പറയുമ്പോഴും, പൊതുപണിമുടക്ക് ഏറ്റവും വലിയ സമരമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളി സംഘടനകള്‍. ബിഎംഎസ് ഒഴികെ പന്ത്രണ്ടിലധികം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാദ്ധ്യത.

മിനിമം വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സംയുക്ത സമര സമിതി അറിയിച്ചു. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ രണ്ടുദിവസം പണിമുടക്കുമെന്നും സമിതി അറിയിച്ചു.

പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചതോടെ പണിമുടക്കില്‍ നേരിയ അയവുണ്ടാകുമെന്നാണ് കരുതുന്നത്. പണിമുടക്കില്‍ നിന്ന് വിനോദസഞ്ചാരമേഖലയെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ട്രെയിന്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.

പണിമുടക്ക് ആരംഭിക്കുന്ന ഇന്ന് രാത്രി 12 മണിക്ക് എല്ലാ സമര കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും. പുലര്‍ച്ചെ 5മണിയോടെ എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന്‍ തടയും.

രാവിലെ പത്തരയോടെയാണ് ഔദ്യോഗിക ഉദ്ഘാടനം. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിനു സമീപത്തെ പ്രധാന സമരപന്തലില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ 48 മണിക്കൂര്‍ ധര്‍ണയിരിക്കും. മറ്റു ജില്ലകളിലെ തൊഴിലാളികള്‍ അതത് മണ്ഡലം കേന്ദ്രങ്ങളിലെ സമരങ്ങളില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top