sunday feature

നിഷ്‌കളങ്കതയുടെ ഭാവാഭിനയം

ജോര്‍ജ് മാത്യു

വീട്ടിലെ ബുദ്ധിമുട്ടുകളൊക്കെ മനസിലാകും സാറെ.. സത്യസന്ധമായി ജീവിക്കണമെന്നാ അച്ഛനെപ്പോഴും പറയാറ്. പക്ഷെ അമ്മ എന്താ ഇങ്ങനെ എന്ന് ചോദിച്ചാ ഞങ്ങള്‍ക്കറിയില്ല… സാറെ ഞങ്ങടെ അമ്മേടെ പടം പത്രത്തിലൊക്കെ വരുമോ..!?

വേദന കടിച്ചമര്‍ത്തി ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ശാലിനി എന്ന ജയശ്രീയുടെ കഥാപാത്രം കരച്ചിലടക്കാനാവാതെ ഈ രംഗം അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. ഒരു ബാലതാരത്തിന്റെ പരിഭ്രമമൊന്നും ജയശ്രീ അവതരിപ്പിച്ച വ്യത്യസ്ത വേഷങ്ങളിലൊന്നും പ്രതിഫലിച്ചിട്ടില്ല. ബാലതാരത്തില്‍ നിന്ന് നായികസ്ഥാനത്തേക്ക് അവതരിപ്പിക്കപ്പെടുമ്പോഴും ഇരുത്തം വന്ന ഒരു നടിയുടെ അഭിനയമികവ് തന്നെയാണ് ജയശ്രീ പുലര്‍ത്തുന്നത്.

രാജീവ് നെടുവനാട് സംവിധാനം ചെയ്യുന്ന 1948 കാലം പറഞ്ഞത് എന്ന സിനിമയില്‍ നായിക വേഷം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ജയശ്രീ. കേരളവിഷന്‍ ഓണ്‍ലൈന്‍ അഭിമുഖത്തിനായി എറണാകുളം സരോവരം ഹോട്ടലിന്റെ പച്ചപ്പ് നിറഞ്ഞ പശ്ചാത്തലത്തിലിരുന്ന് തന്റെ സിനിമ അഭിനയ വിശേഷം പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും ഒരു നാടന്‍ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ സംഭാഷണ ശൈലിയാണ് പിന്‍തുടരുന്നത്.

ബാലതാരത്തിന്റെ നിഷ്‌കളങ്കമായ മുഖഭാവം ജയശ്രീ ശിവദാസിന്റെ മറയാത്ത മുഖമുദ്രയാണ്. മലയാള സിനിമയില്‍ ബാലതാരമായി വന്നെത്തിയ ഈ തൃശൂര്‍കാരി സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. ‘1948 കാലം പറഞ്ഞത്’ എന്ന പുതിയ സിനിമയില്‍ ‘പൊന്നു’ എന്ന നായികഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലിലാണ് ജയശ്രീ. സിനിമയിലെത്തി പത്ത് വര്‍ഷത്തിനുളളളില്‍ നായികയായും ബാലതാരമായും 17 കഥാപാത്രങ്ങളെ ഇതിനോടകം അവതരിപ്പിച്ചു. സിനിമയില്‍ കൈപിടിച്ചുയര്‍ത്താന്‍ ഗോഡ്ഫാദറില്ലെങ്കിലും, വര്‍ഷത്തില്‍ ശരാശരി രണ്ട് പടമെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളുടെ പേരിലാണ് സംവിധായകര്‍ വിളിക്കുന്നത്’ ജയശ്രീ പറയുമ്പോള്‍ പുഞ്ചിരി വിരിയുന്ന മുഖം അഭിമാനംകൊണ്ട് കൂടുതല്‍ തിളങ്ങുന്നു.

കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തില്‍ ‘സുമഗള’ എന്ന ബാലതാരത്തെ അവതരിപ്പിച്ചുകൊണ്ടാണ് ജയശ്രീ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഓമനത്വം തുളുമ്പുന്ന ജയശ്രീയുടെ രൂപവും വലിയ കണ്ണുകളില്‍ മിന്നിമറയുന്ന ഭാവങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. ചെറിയ റോളുകളില്‍ പോലും ജയശ്രീ പെട്ടന്ന് ശ്രദ്ധിക്കപ്പെടും. വലിയ ആള്‍ക്കൂട്ടത്തില്‍പ്പോലും ചെറിയ വേഷം ചെയ്ത ഈ പെണ്‍കുട്ടിയെ തിരിച്ചറിയും. സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളുടെ പേര് പറഞ്ഞ് ആളുകള്‍ അഭിനന്ദിക്കും. ‘അപ്പോഴൊക്ക വലിയ സന്തോഷം തോന്നും. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നടിയാകണമെന്നായിരുന്നു ആഗ്രഹം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകം കളിക്കുമായിരുന്നു. ഭരതനാട്യവും അഭ്യസിച്ചു. നൃത്തത്തേക്കാള്‍ അഭിനയമായിരുന്നു കൂടുതല്‍ താല്‍പ്പര്യം’ ജയശ്രീ പഴയകാലം ഓര്‍ത്തെടുത്ത് പറഞ്ഞു തുടങ്ങി.

ഒരിടത്ത് ഒരു പുഴയുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2007ല്‍ ജയശ്രീയ്ക്ക് മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സുമഗള’യില്‍ നിന്ന് ബോക്‌സോഫീസില്‍ ഹിറ്റായ ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ ശാലിനി എന്ന കഥാപാത്രം വരെ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളില്‍ മിന്നിത്തിളങ്ങി. ചക്കരമുത്ത്, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ഡോ.ലൗവ്, പുളളിമാന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വര്‍ഷം, ഇടുക്കി ഗോള്‍ഡ്,
വെണ്‍മേഘം (തമിഴ്) എന്നീ സിനിമകളിലെല്ലാം വ്യത്യസ്ത വേഷങ്ങളില്‍ ജയശ്രീ അഭിനയിച്ചിട്ടുണ്ട്.

‘ ആഷിക് സാര്‍ സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിലെ ജലജ എന്ന കഥാപാത്രം എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. പലരും ഫോണില്‍ വിളിച്ച് ചില കഥാപാത്രങ്ങള്‍ നന്നായിട്ടുണ്ടെന്ന് പറയും. ഒടുവില്‍ അഭിനയിച്ച നിത്യഹരിത നായകനിലെ കഥാപാത്രവും എനിക്ക് ഇഷ്ടപ്പെട്ടതാണ്’ നായികയാകുന്നതിന്റെ സന്തോഷം ജയശ്രീയുടെ വാക്കുകളില്‍ നിറഞ്ഞു.

നടിയെന്ന നിലയില്‍ മാത്രമല്ല പഠനത്തിലും ജയശ്രീ മിടുമിടുക്കിയാണ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ നിന്ന് 2015ല്‍ പ്ലസ്ടുവിന് കൊമേഴ്‌സില്‍ 1200ല്‍ 1200ഉം കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി പാസായത്. ‘ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാനായിരുന്നു ആഗ്രഹം. അക്കൗണ്ടന്‍സി പണ്ടേ എനിക്ക് വലിയ ഇഷ്ടമാണ്. സിനിമ തിരക്കിനിടയില്‍ ആ ആഗ്രഹം വേണ്ടെന്ന് വച്ചു. ഇപ്പോള്‍ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് കോഴ്‌സിന് പഠിക്കുന്നു. കൂട്ടുകാരൊക്കെ പ്രോത്സാഹിപ്പിക്കും. സിനിമ നടിയെന്ന പരിഗണനയൊന്നും കൂട്ടുകാര്‍ നല്‍കാറില്ല. അവരൊക്കെ എന്റെ പ്രിയപ്പെട്ട സഹപാഠികളാണ്. ഇനി ആറ് മാസം കൂടി കഴിഞ്ഞാല്‍ കോഴ്‌സ് തീരും. പഠിപ്പും സിനിമയും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ പ്രയാസമില്ലെന്നും ജയശ്രീ പറയുന്നു.

ബിസിനസുകാരനായ അച്ഛന്‍ ശിവദാസാണ് ഏറ്റവും വലിയ പ്രോത്സാഹനം നല്‍കുന്നത്. മണ്ണൂത്തിക്ക് സമീപം നെല്ലാന്‍കരയിലാണ് അമ്മ സ്വപ്‌നയോടൊപ്പം താമസിക്കുന്നത്. ഇളയ സഹോദരന്‍ ജയകൃഷ്ണന്‍ പ്ലസ് വണ്ണിന് പഠിക്കുന്നു- കുടുംബത്തേക്കുറിച്ച് പറയുമ്പോള്‍ ജയശ്രീ വാചാലയായി.

‘ സിനിമകളില്‍ ചെറിയ ഗ്യാപ് എനിക്കുണ്ട്. വര്‍ഷത്തില്‍ ഒരു പടം കിട്ടുന്നുണ്ട്. ആക്ഷന്‍ ഹീറോ ബിജു കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് നിത്യഹരിത നായകനില്‍ ശ്രദ്ധേയമായ വേഷം ലഭിക്കുന്നത്. നാല് നായികമാരില്‍ ഒരാളായിരുന്നു അതിലെ കഥാപാത്രം ‘നിത്യ’. ആക്ഷന്‍ ഹീറോ ബിജുവിലെ ശാലിനി എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ ഷൈന്‍ സാറിനാണ്. ഇത്രയധികം റിയലസ്റ്റിക്കായി വേഷം അവതരിപ്പിക്കാന്‍ സാറിന്റെ നിര്‍ദേശമാണ് സഹായിച്ചത്. നിവിന്‍ ചേട്ടനും രോഹിണി മാഡവുമെല്ലാം, നന്നായിരുന്നുവെന്ന് ഷൂട്ടിംങ് വേളയില്‍ തന്നെ പറഞ്ഞിരുന്നു; തെല്ല് അഭിമാനത്തോടെ ജയശ്രീ പറഞ്ഞു.

തൊട്ടയല്‍പക്കത്തെ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടി എന്ന നിലയിലാണ് ജയശ്രീയെ പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്നത്. ‘പക്കാ നാച്വറലായി അഭിനയിക്കാനാണ് എനിക്കിഷ്ടം. നല്ല വേഷങ്ങള്‍ തേടിവരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം’

ഇഷ്ടപ്പെട്ട നടികള്‍ മഞ്ജുവാര്യര്‍, ഐശ്വര്യ എന്നിവരാണ്. പിന്നെ നസ്രിയയോട് എന്തോ കൂടിതല്‍ ഇഷ്ടമാണ്. എന്ത് സ്വാഭാവികമായാണ് നസ്രിയ അഭിനയിക്കുന്നത്, ആശ്ചര്യത്തോടെ ജയശ്രീ പറഞ്ഞു.

റാം-ലക്ഷ്മണ്‍ എന്ന സഹോദര സംവിധായകരുടെ ‘വെണ്‍മേഘം’ എന്ന തമിഴ് സിനിമയിലും റിലീസാകാനിരിക്കുന്ന ‘മരതകക്കാട്’ എന്ന സിനിമയിലും ജയശ്രീ അഭിനയിച്ചുകഴിഞ്ഞു. തമിഴില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷെ പഠനത്തിനൊപ്പം എല്ലാം ഒന്നിച്ചുകൊണ്ടുപോകാനാകുന്നില്ല. വേറിട്ട പുതിയ കഥാപാത്രങ്ങള്‍ കിട്ടണമെന്നും നല്ല നടിയാകണമെന്നുമാണ് ജയശ്രീയുടെ ആഗ്രഹം.

ഒരുപാട് കഴിവുളള അഭിനേത്രിയാണ് ജയശ്രീ. വരുംകാല മലയാള സിനിമയിലെ തിരക്കുളള നടിയാകാനുളള അഭിനയ മികവും, ഭാഗ്യവും ഈ നടിക്കുണ്ട്. നിരവധി നടിമാരുടെ ഭാഗ്യ നേട്ടം കണ്ടിട്ടുളള സിനിമാ പ്രൊമോഷന്‍ പ്രൊഫഷനലായ ഷെജിന്‍ പറഞ്ഞു.

ബാലതാരത്തില്‍ നിന്ന് നായിക പദത്തിലേക്ക് ചുവടുറപ്പിച്ച വേളയില്‍ എല്ലാ നേട്ടങ്ങളും തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെയും, വിശ്വാസമര്‍പ്പിച്ച് കഥാപാത്രങ്ങളെ നല്‍കിയ സംവിധായകരുടെയും സംഭാവനയാണെന്ന് ജയശ്രീ ഓര്‍മിപ്പിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top