കൊച്ചി: രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കൊളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വീടെന്ന സ്വപ്നവും സാക്ഷാല്‍ക്കരിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വട്ടവടയില്‍ പണികഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ജനുവരി പതിനാലിന് മുഖ്യമന്ത്രി പിണറായി വിജയന് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കും. പതിറ്റാണ്ടുകളായി താമസിക്കുന്ന ഒറ്റമുറി വാടകവീട്ടില്‍ നിന്ന് മാതാപിതാക്കളുമായി നല്ലൊരു വീട്ടില്‍ താമസിക്കക്കുകയെന്നത് അഭിമന്യുവിന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു.
വട്ടവട-കൊട്ടാകമ്പൂര്‍ റൂട്ടില്‍ റോഡിനോട്ചേര്‍ന്ന് പത്തര സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി, അവിടെയാണ് അഭിയുടെ സ്വപ്നവീട് ഉയര്‍ന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാല്പത് ലക്ഷത്തോളം രൂപ ചിലവിട്ടാണ് വീട് നിര്‍മ്മിച്ചത്.
സഹോദരി കൗസല്യയുടെ വിവാഹവും അഭിമന്യുവിന്റ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. 2018 നവംബര്‍ 11ന് കൗസല്യയുടെ വിവാഹം ഏറ്റെടുത്ത് നടത്തിയതും പാര്‍ട്ടി തന്നെയായിരുന്നു.