sunday feature

ചിരിയില്‍ ചാലിച്ച അഭിനയ വൈഭവം

ജോര്‍ജ് മാത്യു

ഫ്‌ളവേഴ്‌സ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലെ ബാലചന്ദ്രന്‍ തമ്പി സ്‌ക്രീനില്‍ വരുമ്പോള്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ നോക്കി പറയും ‘ നിങ്ങളുടെ അതേ സ്വഭാവമാണ് ബാലുവിന്…’

ഒരു ശരാശരി മലയാളി ഭര്‍ത്താവിന്റെയും, അച്ഛന്റെയും, മരുമകന്റെയും, മകന്റെയും സ്വഭാവ സമാനതയാണ് ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെ മലയാളി മനസ്സില്‍ കുടിയിരുത്തിയിരിക്കുന്നത്. ബാലുവിനെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മലയാളികളുടെ ‘സ്വന്തം വീട്ടിലെ അംഗ’മെന്ന പരിഗണനയാണ് തന്റെ പിന്‍ബലമെന്ന് അഭിമാനത്തോടെയാണ് ബിജു സോപാനം കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞത്.

നിമിഷംപ്രതി അപ്രതീക്ഷിത പ്രതികരണങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന അഭിനയം കാഴ്ചവയ്ക്കുന്ന ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് ബിജു സോപാനമെന്ന വ്യക്തി. സൗമ്യതയും, ഇരുത്തം വന്ന വീക്ഷണവും, നാടകത്തോടുള്ള അഭിനിവേശവും, അഭിനയത്തോടുള്ള പ്രതിബദ്ധതയുമാണ് ബിജുവിനെ വേറിട്ട് നിര്‍ത്തുന്നത്.

” കാവാലം നാരായണപ്പണിക്കരുടെ സോപാനം എന്ന നാടക കളരിയിലെ ശിക്ഷണമാണ് എന്റെ കൈമുതല്‍. കാവാലം സാര്‍ പകര്‍ന്നുതന്ന നാട്ടറിവും നാടന്‍ ശൈലിയും തിയേറ്റര്‍ ആര്‍ടിസ്റ്റ് എന്ന ശിക്ഷണവുമാണ് എന്നെ ഇന്നത്തെ നിലയിലെത്തിച്ചത്.”

കൊച്ചുസ്‌ക്രീനില്‍ അഭിനയവും സംഭാഷണവും കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന ബിജു ജീവിതത്തില്‍ അല്‍പം ഗൗരവക്കാരനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ധ്വനിപ്പിക്കുന്നു.

2015 ഡിസംബര്‍ 14ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ ഉപ്പും മുളകും ആരംഭിക്കുമ്പോള്‍ ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രം ജീന്‍സും ഷര്‍ട്ടുമിട്ട ഒരു ആധൂനിക ഭര്‍ത്താവായിരുന്നു. ഏതാണ്ട് 50 എപ്പിസോഡുകള്‍ പിന്നിട്ടതോടെയാണ് ബാലു എന്ന കഥാപാത്രം മുണ്ടുടുക്കുന്ന സാധാരണ മലയാളിയായി രൂപപ്പെട്ടത്. മൂത്തമകളായി വന്ന പെണ്‍കുട്ടി ഇപ്പോഴില്ല. എന്നിരുന്നാലും ഇന്നും അഞ്ച് കുട്ടികളുടെ അച്ഛനാണ്.

” അടുത്ത സമയത്ത് ഒരു വയസ്സുകാരി പാറുക്കുട്ടി എന്നെ സെറ്റില്‍ നിന്ന് കൊഞ്ചലോടെ അച്ഛാ എന്ന് വിളിച്ചു. സ്വന്തം അച്ഛനെ അങ്ങനെ വിളിക്കുന്നതിന് മുമ്പ് തന്നെ ബാലുവിനെയാണ് അച്ഛാ എന്ന് വിളിച്ചതെന്ന് അവളുടെ അമ്മൂമ്മ പറഞ്ഞു. കുട്ടികള്‍ സെറ്റില്‍ എന്നെ അച്ഛാ എന്നാണ് വിളിക്കുന്നത്. അത് കേട്ടിട്ടാവും പാറുക്കുട്ടിയും ( ബേബി അമേയ) എന്നെ ആദ്യമായി അങ്ങനെ വിളിച്ചത്. ” പറയുമ്പോള്‍ ബിജുവിന്റെ മുഖത്ത് അഭിമാനവും വാത്സല്യവും മിന്നിമറഞ്ഞു.

ബേബി അമേയ നിഷാ സാരംഗിനൊപ്പം

” മൂന്ന് വര്‍ഷമാവുന്നു ഉപ്പും മുളകിലൂടെ ബാലചന്ദ്രന്‍ തമ്പിയും കുടുംബവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മൊഴി മാറ്റത്തിലൂടെ ഫ്‌ളവേഴ്‌സിന്റെ യുട്യൂബ് ചാനലിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും ഇപ്പോള്‍ കാണാനാവുന്നുണ്ട്. ഞങ്ങളുടേത് ഒരു കുടുംബം പോലെ തന്നെയാണ്. മുടിയന്‍ എന്ന് അപരനാമത്തിലറിയപ്പെടുന്ന റിഷി കുമാര്‍ മുത്തമകള്‍ ജൂഹി റുസ്താഗി, അല്‍ശാബിത്, ശിവാനി, ബേബി അമേയാ ( പാറുക്കുട്ടി എന്ന് നീട്ടിവിളിച്ച് അവളുടെ യഥാര്‍ഥ പേര് ബിജുവിന് ഓര്‍മിക്കുവാന്‍ കഴിയുന്നില്ല.) എല്ലാവരും എന്റെ സ്വന്തം മക്കളെപ്പോലെ തന്നെയായി.” ബിജു പറഞ്ഞു.

ഭാര്യയായി കൂടെ അഭിനയിക്കുന്ന നിഷാ സാരംഗ് ഒരഭിനയ പ്രതിഭയാണെന്നാണ് ബിജു പറയുന്നത്. ” നീലുവിനോട് ഒപ്പംചേര്‍ന്ന് അഭിനയിക്കുമ്പോഴാണ് ബാലചന്ദ്രന്‍ തമ്പി പൂര്‍ണത കൈവരിക്കുന്നത്. ” ഒപ്പമുള്ളവരുടെ കഴിവ് തുറന്ന് സമ്മതിക്കാന്‍ തയ്യാറുള്ള വലിയ മനസ്സാണ് ബിജുവെന്ന നടന്റെ പ്രത്യേകത.

ഉപ്പും മുളകും എന്ന സീരിയലിന്റെ മുന്‍ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനാണ് ബിജുവിന്റെ അഭിനയ മികവ് കണ്ടറിഞ്ഞ് ബാലചന്ദ്രന്‍ തമ്പിയെന്ന കഥാപാത്രത്തെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ മുസ്തഫയാണ് ബിജുവിനെക്കുറിച്ച് ഉണ്ണികൃഷ്ണനോട് സൂചിപ്പിച്ചത്. അതിനു മുമ്പ് ബാക്ക് ബെഞ്ചേര്‍സ് എന്ന സീരിയലില്‍ രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ബിജു സീരിയലില്‍ സാന്നിധ്യമറിയിച്ചിരുന്നു.

അമൃത ടിവിയില്‍ വന്ന ബെഞ്ചമിന്‍ ബ്രൂണോ എന്ന കഥാപാത്രമാണ് ബിജുവിന് സീരിയല്‍ രംഗത്ത് മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത്. ” ഇതിന്റെയൊക്കെ തിരക്കഥയില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്റെ കഥാപാത്രങ്ങള്‍ക്ക് അല്‍പം പ്രാധാന്യം നല്‍കിയാണ് എഴുതിക്കൊടുത്തത്. ” ചെറിയ ചിരിയോടെ ബിജു ഓര്‍മിച്ച് പറഞ്ഞു.

നിലവില്‍ 750ലധികം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ച ഉപ്പും മുളകും നീണ്ട വര്‍ഷങ്ങള്‍ ഇനിയും നിലനില്‍ക്കുമെന്നാണ് ബിജു കരുതുന്നത്. സിങ്ക് സൗണ്ട് സംവിധാനത്തോടെ വളരെ സ്വഭാവിക കഥാസന്ദര്‍ഭത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഉപ്പും മുളകിന്റെ വിജയം മലയാള സീരിയലില്‍ത്തന്നെ വിരലിലെണ്ണാവുന്ന ഒന്നാണ്.

” ഏത് നല്ല കഥാസന്ദര്‍ഭവും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കും. കേശുവിന്റെയും ശിവാനിയുടേയും സ്‌കൂള്‍ അനുഭവങ്ങളുടെ ആകര്‍ഷകമായ ത്രെഡുകള്‍ വരെ തിരക്കഥാകൃത്ത് സ്വീകരിച്ച് മികച്ച എപ്പിസോഡാക്കി മാറ്റാറുണ്ട്. എല്ലാ കഥാപാത്രങ്ങളുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണ് വിജയത്തിനാധാരം.” ഉപ്പും മുളകിന്റെ വിജയ ചേരുവകള്‍ വിവരിക്കുന്നതിനിടെ മറ്റൊരു കാര്യം ഓര്‍മിപ്പിക്കാന്‍ ബിജു മറന്നില്ല. ” സീരിയലിന്റെ ആദ്യ സംവിധായകന്‍ ഉണ്ണികൃഷ്ണന്റെ ക്രിയേറ്റിവിറ്റി അപാരമായിരുന്നു. ചില വിവാദങ്ങളെത്തുടര്‍ന്ന് ഉപ്പും മുളകില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ മാറിയില്ലായിരുന്നെങ്കില്‍ എനിക്ക് കൂടുതല്‍ നേട്ടമുണ്ടാകുമായിരുന്നു.” ബിജു തുറന്നു പറഞ്ഞു.

ഉപ്പും മുളകിലെ അഞ്ചു മക്കളെക്കൂടാതെ ബിജുവിന്റെ സ്വന്തം മകളായ ഗൗരിയും ഇടക്ക് സീരിയലില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷെ സഹോദരനായ സുരേന്ദ്രന്‍ തമ്പിയുടെ മകളായിട്ടാണ് ഗൗരി അഭിനയിക്കുന്നത്. സുരേന്ദ്രന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ബിനോജ് ബിജുവിന്റെ യഥാര്‍ഥ സഹോദരന്‍ കൂടിയാണ്.

” നാടകം കളിച്ചു നടക്കുന്നവര്‍ക്ക് പെണ്ണൂകിട്ടാന്‍ പാടാണ്. സോപാനം കളരിയില്‍ അഭിനയിക്കുമ്പോഴാണ് ലക്ഷ്മിയുടെ വിവാഹാലോചന വരുന്നത്. ഭാസഭാരത്.കോമിന്റെ പ്രിന്റ് ഒക്കെയെടുത്ത് പെണ്ണുകാണാന്‍ പോയപ്പോള്‍ കൊണ്ടുക്കൊടുത്തു. അതൊന്നും ലക്ഷ്മി വായിച്ചില്ലെന്ന് വിവാഹ ശേഷമാണ് മനസ്സിലാക്കിയത്.” ബിജു തമാശയോടെ ജീവിത പങ്കാളിയെക്കുറിച്ച് വാചാലനായി.

മനസ്സില്‍ ഗുരുസ്ഥാനം സൂക്ഷിക്കുന്ന കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണമാണ് എല്ലാ വിജയത്തിനും പിന്നിലെന്ന് ബിജു സോപാനം ഓര്‍മിക്കുന്നു. നീണ്ട 22 വര്‍ഷങ്ങളാണ് സോപാനം കളരിയില്‍ കാവാലത്തിന്റെ ചിട്ടയില്‍ നാടകം കളിച്ചത്. അന്നൊന്നും സീരിയലും സിനിമയുമൊന്നും ബിജുവിനെ സ്വാധീനിച്ചില്ല. ഭരത് ഗോപി, നെടുമുടി വേണു, കൈതപ്പുറം തുടങ്ങിയ പ്രതിഭകളുടെ നിഴലിലാണ് ബിജു വളര്‍ന്നുവന്നത്.

” നീ ആദ്യം നാടകം പഠിക്ക് ബാക്കിയെല്ലാം താനെ വന്നുചേരുമെന്ന് കൂടെ നടക്കുമ്പോള്‍ ഭരത് ഗോപിച്ചേട്ടന്‍ ഓര്‍മിപ്പിക്കും. അവര്‍ സോപാനത്തില്‍ അവതരിപ്പിച്ച അതുല്യ കഥാപാത്രങ്ങളാണ് വഴിമാറി എനിക്ക് പിന്നീട് ലഭിച്ചത്.”

നാടകാനുഭവങ്ങള്‍ ഓര്‍മിച്ചെടുത്ത് ബിജു പറയുമ്പോള്‍ ഒരു നാടകകാലത്തിന്റെ ചരിത്രമാണ് ചുരുലഴിയുന്നത്.

കര്‍ണന്‍, ശാണ്ഡില്യന്‍, ഭീമന്‍, എന്നിങ്ങനെ നിരവധി കഥാപാത്രങ്ങള്‍ സോപാനത്തിലൂടെ ബിജുവിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ഇരുപതാം വയസ്സില്‍ സോപാനം നാടകക്കളരിയിലെത്തുമ്പോള്‍ മനസ്സ് മുഴുവന്‍ അറിയപ്പെടുന്ന തിയേറ്റര്‍ ആര്‍ടിസ്റ്റ് ആകണമെന്നായിരുന്നു.

ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ മരക്കാര്‍ മോട്ടോര്‍സില്‍ നല്ലൊരു ജോലിയുണ്ടായിരുന്നു. ജോലി ഉപേക്ഷിച്ചാണ് 1995ല്‍ സോപാനത്തിലെത്തുന്നത്. കാളിദാസന്‍, ഭാസന്‍ എന്നിവരുടെ സംസ്‌കൃത നാടക കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് പഠിച്ച് വേദിയിലവതരിപ്പിച്ച് അംഗീകാരം നേടി.

” ഞാനവതരിപ്പിച്ച കഥാപാത്രങ്ങള്‍ സോപാനത്തില്‍ ഇപ്പോള്‍ മറ്റുള്ളവര്‍ വേദിയിലവതരിപ്പിക്കുന്നത് കാണുമ്പോള്‍ ഉള്ളില്‍ സങ്കടം തോന്നും. അടിസ്ഥാനപരമായി ഞാനൊരു നാടകക്കാരനാണ്. മറ്റുള്ളതെല്ലാം പിന്നീടാണ്.” ഉള്ളില്‍ത്തട്ടി ഇത് പറയുമ്പോള്‍ ബിജുവിന്റെ പ്രതിബദ്ധതയാണ് നിഴലിക്കുന്നത്.

മരിക്കുന്നതിനു മുമ്പോരു ദിവസം കാവാലം ബിജുവിനെ വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച് അനുഗ്രഹിച്ചു. ” സിനിമ സീരിയല്‍ രംഗത്ത് നിന്നുകൈവന്ന നേട്ടങ്ങള്‍ അദ്ദേഹം അറിയുന്നുണ്ടായിരുന്നു.” ഗുരുവിനെക്കുറിച്ച് പറയുമ്പോള്‍ ബിജുവിന്റെ വാക്കുകള്‍ അവസാനിക്കുന്നില്ല.

കാവാലം നാരായണപ്പണിക്കരോടാപ്പം ബിജു സോപാനം

ജനുവരിയില്‍ പുറത്തിറങ്ങുന്ന ‘ നല്ല വിശേഷം ‘ എന്ന സിനിമയില്‍ ബിജു ആദ്യമായി നായകനാവുകയാണ്. അജിതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് ബിജുവിനുള്ളത്. രാജമാണിക്യത്തിലെ ചെറിയ വേഷത്തില്‍ നിന്ന് 2016ല്‍ പുറത്തിറങ്ങിയ സൈറബാനുവെന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട വക്കീല്‍ വേഷം വരെ നിരവധി അവസരങ്ങള്‍ സിനിമയില്‍ ബിജുവിനെ തേടിയെത്തി. ഇന്നിപ്പോള്‍ മലയാള സിനിമ ബിജുവിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

” നല്ല വേഷങ്ങള്‍ ചെയ്യണം. ഗോപി ചേട്ടനെപ്പോലെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കണം. നല്ല നടനായി അറിയപ്പെടണം. ” ബിജു സോപാനം തന്റെ ആഗ്രഹങ്ങള്‍ പരിമിതമാണെന്ന് ഓര്‍മിപ്പിച്ച് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top