മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി എം.പി. മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീറുമായി ചേര്‍ന്ന് ആലോചിച്ചിരുന്നു. ചര്‍ച്ചക്ക് ശേഷം സഭ ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 27ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വിവാഹത്തില്‍ പങ്കെടുക്കുന്നത് കൊണ്ടല്ല പാര്‍ലമെന്റില്‍ എത്താതിരുന്നതെന്നും ചന്ദ്രിക പത്രത്തിന്റെ ഗവേണിങ് ബോഡിയുടെ മീറ്റിങില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഇത് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം ആയിരുന്നുവെന്നും പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം, മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന സംഭവത്തില്‍ മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.