Biennale

പുതുവത്സരത്തില്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ആര്‍ട് റൂം

കൊച്ചി: ആഗോള സമകാലീന കലയുടെ പ്രദര്‍ശനത്തോടൊപ്പം കൊച്ചി മുസ്സിരിസ് ബിനാലെ കലാ പഠനങ്ങളും ഗവേഷണങ്ങളും യുവതലമുറയില്‍ പ്രോത്സാഹിപ്പുക്കുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നു. 108 ദിവസം നീളുന്ന ബിനാലെയിലൂടെ ചിത്രകാരന്‍മാരേയും ശില്‍പികളേയും വാര്‍ത്തെടുത്ത് കലയെ കൂടുതല്‍ ജനകീയമാക്കാന്‍ പുത്തന്‍ പഠന രീതികളാണ് ആവിഷ്‌കരിക്കുന്നത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ എബിസി (ആര്‍ട് ബൈ ചില്‍ഡ്രന്‍) പ്രോഗ്രാമിന്റെ ആര്‍ട് റൂം കബ്രാള്‍യാര്‍ഡ് വേദിയിലെ തുറന്ന ഇടനാഴിയിലാണ് സജ്ജീകരിക്കുക. വ്യത്യസ്ത കരകൗശലവിദ്യകളിലും പരിശീലനം നല്‍കും. ചുമര്‍ ചിത്രകല, വാട്ടര്‍ കളര്‍, കൈയെഴുത്ത് ശാസ്ത്രം, കഥ എഴുത്ത്, കഥപറച്ചില്‍, ശില്‍പനിര്‍മ്മാണം, പാവകളി എന്നിവ കോര്‍ത്തിണക്കിയ ശില്‍പശാലകളില്‍ ജനവിഭാഗങ്ങളുടേയും പ്രദേശങ്ങളുടേയും സംസ്‌കാരവുമായി ബന്ധമുള്ള നിരവധി കലാരൂപങ്ങള്‍ക്കു പുറമേ ചിത്രീകരണവും നാടകാവതരണവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എബിസി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബ്ലെയ്‌സ് ജോസഫ് പറഞ്ഞു. എല്ലാ ശില്‍പശാലയും സൗജന്യമാണ്.

പങ്കുവയ്ക്കല്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി ജനങ്ങളെ ഒരുമിപ്പിക്കുകയാണ് ആര്‍ട് റൂമിന്റെ സുപ്രധാന ലക്ഷ്യം. എല്ലാവരേയും കലയുടെ ഭാഗമാക്കുന്നതിനും ഇതിനെ സമ്പര്‍ക്ക ഉപാധിയാക്കുകയുമാണ് ആശയം. വിലക്കുകളൊന്നും കൂടാതെ ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും അവസരം നല്‍കുന്നത്. മുന്‍പ് കബ്രാള്‍യാര്‍ഡ് വേദിയായ ശില്‍പശാലകളില്‍ നിരവധി യുവജനങ്ങളുടെ സാന്നിധ്യം കണ്ടിട്ടുണ്ടെന്നും ബറോഡ എംഎസ് സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബ്ലെയ്‌സ് വ്യക്തമാക്കി.

കഥപറച്ചിലിനു പ്രാധാന്യം നല്‍കിയ ഗോണ്ട് ആര്‍ട് ത്രിദിന ശില്‍പശാല ജനുവരി 3ന് ആരംഭിക്കും. ബിനാലെയുടെ മുഖ്യ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ സംയുക്തമായി കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സുഭാഷ് സിംഗും ദുര്‍ഗാബായിവ്യാമുമാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് മധ്യഭാഗത്തായി അധിവസിക്കുന്ന വലിയ ഗ്രോത്രവര്‍ഗ്ഗമാണ് ഗോണ്ട്. ഇവര്‍ കൂടുതലായി മധ്യപ്രദേശിലാണ് കാണപ്പെടുന്നത്.

തുടര്‍ന്ന് ജനുവരി 6 മുതല്‍ 9 വരെ വന്യജീവികളുടെ ചിത്ര രചനയിലും ചുമര്‍ചിത്ര രചനയിലുമുള്ള ശില്‍പശാല കലാകാരനായ നന്ദന്‍ പിവിയുടെ നേതൃത്വത്തില്‍ നടക്കും. പക്ഷി സങ്കേതത്തെക്കുറിച്ചുളള ദ്വിദിന ചിത്രരചനാ ശില്‍പശാല ജനുവരി 8 ന് ആരംഭിക്കും. ചിത്രകാരനായ സുനില്‍ വല്ലാര്‍പാടമാണ് നേതൃത്വം നല്‍കുക.

കഥപറച്ചില്‍, ശില്‍പകല, പ്രതിഷ്ഠാപനം, നാടകാവതരണം എന്നിവയിലൂന്നിയ ഹരിപ്രസാദ് ആര്‍ നേതൃത്വം നല്‍കുന്ന കലാശില്‍പശാല ജനുവരി 11 മുതല്‍ 13 വരെയും ബ്രെയാന്‍ മുള്‍വിഹില്ലിന്റെ കൈയെഴുത്ത് ശാസ്ത്ര ശില്‍പശാല ജനുവരി 14 മുതല്‍ 16 വരെയും സുനില്‍ ലിനസ് ദേ നേതൃത്വം നല്‍കുന്ന വാട്ടര്‍ കളര്‍ പെയിന്റിംഗ് ശില്‍പശാല ജനുവരി 18 മുതല്‍ 19 വരെയും കഥ എഴുത്ത്, കഥ പറച്ചില്‍, ചിത്രീകരണം എന്നിവയില്‍ വെങ്കി നേതൃത്വം നല്‍കുന്ന ശില്‍പശാല ജനുവരി 22 മുതല്‍ 24 വരെയും രാമചന്ദ്രന്‍ പുലവര്‍ നേതൃത്വം നല്‍കുന്ന പാവക്കൂത്ത് ശില്‍പശാല ജനുവരി 25 മുതല്‍ 27 വരെയും നടക്കും.

പഠിപ്പില്‍ രീതികളൊന്നും പരമ്പരാഗതമായിരിക്കില്ല. ലളിതമായി കുട്ടികളോട് ഇടപെടാന്‍ കഴിവുള്ളവരാണ് ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കലയുടെ ആന്തരികസത്ത മനസ്സിലാക്കിയെടുക്കുന്നതിനും ചുറ്റുപാടുകളില്‍ ലഭ്യമായ വസ്തുക്കളിലൂടെ കല പ്രകടിപ്പിക്കുന്നതിനും ഇത് സഹായകരമാകും. പങ്കെടുക്കുന്നവരെ ഭയരഹിതരാക്കുന്നതിനും സ്വതന്ത്രരാക്കുന്നതിനുമായി ആശയവിനിമയ സെഷനുകള്‍ക്കും മത്സരേതിര കളികള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും ബ്ലെയ്‌സ് വ്യക്തമാക്കി.

കുട്ടികളില്‍ സമകാലീന സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് എബിസി ഉദ്യമത്തിന്റെ ലക്ഷ്യം. കുട്ടികളില്‍ കലാപ്രകടനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍ ആര്‍ട് റൂമുകള്‍ ആരംഭിക്കുന്നതിനാണ് ശ്രമം. വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ പരമപ്രധാനമായ പങ്ക് കലയ്ക്കുണ്ട്. മികച്ച സമൂഹത്തിലേക്കുള്ള താക്കോല്‍ വഹിക്കുന്നത് കുട്ടികളാണെന്നും ബ്ലെയ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇതുകൂടാതെ സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങളില്‍ സൗജന്യ നിരക്കില്‍ കലാപരിപാടികളും എബിസി നടത്തുന്നുണ്ട്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇതില്‍ ഭാഗഭാക്കാകുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ കലാപരിപാടികളുടെ ഭാഗമായി കരകൗശലവിദ്യകള്‍ പങ്കുവച്ച് ക്രിയാത്മക ഇടമാക്കിത്തീര്‍ക്കുകയാണ് ആവശ്യമെന്നും ബ്ലെയ്‌സ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top