Latest News

മെല്‍ബണില്‍ ആദ്യ ദിനം മികച്ച നിലയില്‍ ടീം ഇന്ത്യ

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 68 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 47 റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇതുവരെ 92 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തിട്ടുണ്ട്. അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്സായിരുന്നു ആദ്യ ദിനത്തിലെ പ്രത്യേകത.

അരങ്ങേറ്റക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെ കളിച്ച മായങ്ക് 161 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 76 റണ്‍സെടുത്തു. പാറ്റ് കമ്മിന്‍സിന്റെ പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതില്‍ പിഴച്ച മായങ്ക് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295-ാമത്തെ കളിക്കാരനാണ് മായങ്ക് അഗര്‍വാള്‍. എട്ടു റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് പിടിച്ചാണ് വിഹാരി പുറത്തായത്. മായങ്കിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ത്ത ശേഷമാണ് വിഹാരി പുറത്തായത്.

പിന്നാലെ ഒത്തു ചേര്‍ന്ന പൂജാര-മായങ്ക് സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. സ്‌കോര്‍ 123-ല്‍ നില്‍ക്കെ മായങ്ക് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി പൂജാരയ്ക്കൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു.

ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന കെ.എല്‍. രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തിയതോടെ ഹനുമ വിഹാരിയും അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗര്‍വാളുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക്.

സ്റ്റാര്‍ക്കിന്റെയും കമ്മിന്‍സിന്റെയും ഹേസല്‍വുഡിന്റെയും ഷോര്‍ട്ട് പിച്ച് പന്തുകള്‍ പലപ്പോഴും വിഹാരിയെ ബുദ്ധിമുട്ടിച്ചു. ഒടുവില്‍ കമ്മിന്‍സിന്റെ ഒരു ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഹാരി പുറത്താകുന്നത്.

ഇന്ത്യന്‍ നിരയില്‍ മായങ്കിന് പുറമെ, ജഡേജയും രോഹിത് ശര്‍മയും തിരിച്ചെത്തി. അതേസമയം ഓസീസ് നിരയില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനു പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. നാലു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയതോടെ മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ ഉശിരന്‍ പോരാട്ടം പ്രതീക്ഷിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top