ബംഗളൂരു: പ്രാദേശിക ജെഡിഎസ് നേതാവിന്റെ കൊലയാളികളെ യാതൊരു ദയയും കൂടാതെ വെടിവച്ചു കൊല്ലാന്‍ ഫോണിലൂടെ പൊലീസിനു നിര്‍ദേശം നല്കുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വിഡിയോ ദൃശ്യം വിവാദത്തില്‍.
എച്ച്. പ്രകാശ് എന്ന ജെഡിഎസ് നേതാവിനെ തിങ്കളാഴ്ച ബൈക്കിലെത്തിയ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി വടിവാള്‍കൊണ്ടു വെട്ടി കൊലപ്പെടുത്തിയ സംഭവം നടന്നത് ദക്ഷിണ കര്‍ണാടകയിലെ മാണ്ഡ്യയിലായിരുന്നു. തുടര്‍ന്നു കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനോടു ഫോണില്‍ സംസാരിക്കുമ്പോഴാണ് കുമാരസ്വാമി വിവാദ പരാമര്‍ശം നടത്തിയത്.
”പ്രകാശ് നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തെ അവര്‍ കൊന്നത് എന്തിനാണെന്ന് അറിയില്ല. യാതൊരു ദയയും കൂടാതെ അവരെ വെടിവച്ചു കൊല്ലണം. ഒരു പ്രശ്നവും ഉണ്ടാകില്ല” എന്നാണ് കുമാരസ്വാമി പറഞ്ഞത്.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മുന്‍മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ കുമാരസ്വാമിയുടെ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.