ക്രിസ്മസിന് മുന്നോടിയായി കേരളബ്ലാസ്റ്റേഴ്സിന്റെ ഫെയ്സ്ബുക്ക് പേജ് കവര്‍ പിക്ച്ചര്‍ മാറ്റിയ ടീമിന് കിട്ടിയത് എട്ടിന്റെ പണിയാണ്. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങി സീസണില്‍ എട്ടാം സ്ഥാനത്തേക്ക് തളളപ്പെട്ട ബ്ലാസ്റ്റേഴ്സ്നോട് അല്ലെങ്കിലെ മുഖം കറുപ്പിച്ച് നില്‍ക്കുകയായിരുന്നു ആരാധകര്‍. ഇതിനിടയില്‍ ബ്ലാസ്റ്റേഴ്സ് ലോഗോയ്ക്ക് ക്രിസ്മസ് തൊപ്പിയണിയിച്ച് കവര്‍ ചിത്രമാക്കി പോസ്റ്റ് ചെയ്തത് ആരാധകരെ വീണ്ടും ചൊടിപ്പിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ ലോഗോയ്ക്ക് മുകളില്‍ ക്രിസ്തുമസ് അപ്പൂപ്പന്റെ തൊപ്പി വച്ച രീതിയിലായിരുന്നു ചിത്രം. ‘തോറ്റ് തൊപ്പിയിട്ടതാണല്ലേ’ എന്നായിരുന്നു ഇതിന് ഒരു ആരാധകന്റെ കമന്റ്. ‘ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ പെര്‍ഫക്റ്റ് കവര്‍ ഫോട്ടോ’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ‘എഫ്ബി പോസ്റ്റിലേക്കല്ല തള്ളേണ്ടത്, എതിരാളിയുടെ പോസ്റ്റിലേക്കാണ് തള്ളേണ്ടത്’ എന്നായിരുന്നു മറ്റൊരു ആരാധകന് പറഞ്ഞത്.
എന്നാല്‍ ടീമിനെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്മസിനല്ലാതെ പിന്നെയെപ്പോഴാണ് കവര്‍ പിക്ച്ചര്‍ മാറ്റേണ്ടതെന്നും തോല്‍വിയിലും കൂടെനില്ക്കുന്നവരാണ് യഥാര്‍ത്ഥ ആരാധകരെന്നും ഇവര്‍ പറയുന്നു. ജെയിംസിന് പകരക്കാരനായെത്തുന്ന പരിശീലകന് കാര്യങ്ങള്‍ മാറ്റിമറിക്കുമെന്ന പ്രതീക്ഷയും ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്.