Kerala

രാഷ്ട്രീയ നിറം അറിഞ്ഞിരുന്നില്ല; മതിലുകെട്ടാന്‍ മഞ്ജു ഇല്ല

കൊച്ചി: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനുള്ള പിന്തുണ പിന്‍വലിച്ചു നടി മഞ്ജു വാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

വനിതാ മതിലിന് ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്നും കലയാണ് തന്റെ രാഷ്ട്രീയം. പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണു വനിതാമതില്‍.

മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top