ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 25ാം സെഞ്ച്വറി. ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് കോഹ്ലി തന്റെ 25-ാം സെഞ്ച്വറി നേടിയത്. അതോടൊപ്പം ടെസ്റ്റ്ക്രിക്കറ്റില്‍ നാലാമത് ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഓസീസ് മണ്ണില്‍ ഇത് ഇന്ത്യന്‍ നായകന്റെ ആറാം സെഞ്ച്വറിയാണ്.
എന്നാല്‍ കോഹ്ലിയൊഴിച്ച് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മറ്റാര്‍ക്കും ശോഭിക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 283 റണ്‍സിന് ഓള് ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ലയണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് നഷ്ടമായി. 105 പന്തില്‍ നിന്ന് 51 റണ്‍സെടുത്താണ് രഹാനെ മടങ്ങിയത്. പിന്നാലെയെത്തിയവരില്‍ കോഹ്ലി ഒഴികെ മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഒന്നാം ഇന്നിംങ്സ് അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 43 റണ്‍സിന്റെ ലീഡ് നിലയിലാണ്.