Kerala

ഹൈക്കോടതി നിര്‍ദ്ദേശത്തിന് പുല്ലുവില; പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ടു വേ ടിക്കറ്റ് സംവിധാനം തുടരുന്നു

പത്തനംതിട്ട: നിലക്കല്‍ പമ്പ റൂട്ടില്‍ ടു വേ ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ കെഎസ്ആര്‍ടിസി.

കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിമല നിരീക്ഷക സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ടു വേ ടിക്കറ്റ് നിര്‍ബന്ധം ആക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോടതി നിര്‍ദേശം കാറ്റില്‍ പറത്തി ഇപ്പോഴും കെഎസ്ആര്‍ടിസി ടു വേ ടിക്കറ്റ് സംവിധാനം തുടരുകയാണ്.

നിലവില്‍ ഈ റൂട്ടില്‍ 80 രൂപയാണ് കെഎസ്ആര്‍ടിസി ചാര്‍ജ് ഈടാക്കുന്നത്. എസി ബസിനാണെങ്കില്‍ 150 രൂപ നല്‍കണം. കൊച്ച് കുട്ടികള്‍ക്ക് സര്‍വീസുകളില്‍ പകുതി ചാര്‍ജ് നല്‍കിയാല്‍ മതി. എന്നാല്‍ ഇവിടെ കുട്ടികള്‍ക്കും മുഴുവന്‍ ചാര്‍ജ് നല്‍കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതി അനുകൂല നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കോടതി വിധി പാലിക്കാന്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

അതേസമയം, പൊലീസില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് ടു വേ ടിക്കറ്റ് നിര്‍ത്തലാക്കാത്തതെന്നാണ് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ പ്രതികരണം. ഒപ്പം പമ്പയില്‍ ടിക്കറ്റ് നല്‍കാനുള്ള സൗകര്യം ഇല്ലാത്തതും ഇത് നടപ്പിലാക്കാന്‍ തടസ്സം ആകുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top