Entertainment

മാസ്സ്, ക്ലാസ് ഒടിയന്‍; ഫിലിം റിവ്യൂ

അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ആവേശം നിറഞ്ഞ ആരാധകരുടെ ആരവങ്ങളോടെ പാലക്കാടന്‍ മണ്ണിലേക്ക് ഒടിയന്‍ മാണിക്യന്‍ ഒഴുകിയെത്തി. വ്യത്യസ്ത ഭാവങ്ങളിലും രൂപങ്ങളിലും മലയാളികള്‍ കണ്ട് കൊതിച്ച ഒടിയനു വേണ്ടി വളരെ പ്രതീക്ഷയോടെ ഹര്‍ത്താലിനെതിരെ കേരള ജനത ആദ്യമായി രോക്ഷത്താല്‍ കൈകോര്‍ത്ത നിമിഷം.

എന്നാല്‍ പ്രതീക്ഷകളെ കനത്തില്‍ മങ്ങലേല്‍പ്പിക്കാതെയും പ്രതീക്ഷകള്‍ക്കപ്പുറം വളരാതെയും സാധാരണ ജനങ്ങള്‍ക്ക് ആസ്വാദ്യകരമായ ഒരു മോഹന്‍ലാല്‍ ചിത്രം മാത്രമാവുകയാണ് ഒടിയന്‍. നാട്ടിന്‍പുറങ്ങളിലെ വഴിയോരങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ മൃഗങ്ങളുടെ രൂപത്തില്‍ ഭീതിപ്പെടുത്തുന്ന അസാധാരണ ജന്മമാണ് ഒടിയന്‍. ആചാരങ്ങളേയും വിശ്വാസങ്ങളേയും വകവെയ്ക്കാത്ത ഇന്നത്തെ തലമുറയിലേക്ക് ഒടിയന്‍ മാണിക്യനെന്ന ഒരു മിത്തായി മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ അസാമാന്യമായി പകര്‍ന്നാടുകയാണ്.

ലാലിന്റെ വിവിധഭാവങ്ങളും വ്യത്യസ്തമാര്‍ത്ത രൂപങ്ങളും അതിഗംഭീര ആക്ഷന്‍ രംഗങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വെറും ഒരു തെറ്റുദ്ധാരണയുടെ പേരില്‍ കളിക്കൂട്ടികാരി പോലും ഒറ്റപ്പെടുത്തിയപ്പോള്‍ നാടുവിട്ട് പോകുന്ന ഒടിയന്‍ പിന്നീട് പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സ്വന്തം നാടായ തേങ്കുറിശ്ശിയിലേക്ക് തിരിച്ചെത്തുന്നു. തന്റെ കളിക്കൂട്ടുകാരി പ്രഭയെ ദ്രോഹിക്കുന്ന, താന്‍ നാടുവിട്ട് പോകുന്നതിന് കാരണക്കാരനായ പ്രഭയുടെ അമ്മാവന്‍ രാവുണ്ണിയോടുള്ള തീവ്രമായ പ്രതികാരമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

ഇതിനിടയില്‍, ഭൂമിയിലെ അവസാനത്തെ ഒടിയനായ മാണിക്യന്റെ ആവേശഭരിതമായ ഒടിവെയ്പുകള്‍ പ്രേക്ഷകരെ ഇളക്കി മറിക്കുന്നുണ്ട്. പ്രഭയായെത്തിയ മഞ്ജു വാര്യരുടെ തന്മയത്ത്വത്തോടെയുള്ള അഭിനയവും ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ട്. മാത്രമല്ല പ്രഭയും പ്രഭയുടെ അന്ധയായ അനിയത്തി മീനാക്ഷിയായെത്തുന്ന സന അല്‍ത്താഫും ചിത്രത്തില്‍ സ്ത്രീ സൗന്ദര്യത്തിന്റെ ഭാവങ്ങളാണ്. വില്ലനായെത്തുന്ന പ്രകാശ് രാജ് കാഥാപാത്രത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായ നരേന്‍, സിദ്ധിഖ്, ഇന്നസെന്റ്, കൈലാഷ്, സന അല്‍ത്താഫ്, നന്ദു, മനോജ് ജോഷി, തുടങ്ങിയവരും നല്ല അവകരണമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

മുത്തശ്ശിക്കഥകളില്‍ കേട്ടുമറഞ്ഞ അമാനുഷിക കഥാപാത്രം പുതിയ സാങ്കേതിക വിദ്യകളോടെ അവതരിക്കുമ്പോള്‍ ഒടിയന്‍ മാസ് എന്ന് തന്നെ പറയാം. അതിഗംഭീര പശ്ചാത്തല സംഗീതവും മികവുറ്റ ഫ്രൈയിമികളും ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. ദൃശ്യാവിഷ്‌കാരവും മികവുറ്റതാണ്. അസാധാരണമായ പീറ്റര്‍ ഹെയിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഏട്ടന്‍ ആരാധകരെ കോരിത്തരിപ്പിക്കുമെങ്കിലും സാധാരണ മലയാളികള്‍ക്ക് ദഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ എം. ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങളെല്ലാം ആസ്വാദ്യകരമാണ്.

കറന്റും വെളിച്ചവും കടന്നുചെല്ലാത്ത പാലക്കാടന്‍ നാട്ടിന്‍പുറങ്ങളില്‍ കറുത്തവാവിന്റ ഇരുട്ട് മൂടിയ രാത്രികളില്‍ പേടിസ്വപ്‌നമായി മാറിയ ഒരു അമാനുഷിക ശക്തിയുടെ കഥയായി മാത്രം ഒടിയന്‍ കാണുക. അതിനോടൊപ്പം കുറച്ച് മാസ്സും ക്ലാസും കൂടിച്ചേരുന്നു എന്ന് മാത്രം. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയന്‍ ചേര്‍ക്കപ്പെടുമ്പോള്‍, ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാകുമോ ഒടിയന്‍ എന്ന് കാലം തെളിയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top