ബാഴ്സലോണ: മെസ്സിക്കെതിരെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പ്രസ്താവനകള്‍ തിരുത്തി ജാപ്പനീസ് ക്ലബ് വിസല്‍ കോബിന്റെ താരമായ ആന്ദ്രേസ് ഇനിയേസ്റ്റ. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി, എത്രയോ നേട്ടങ്ങള്‍ മെസി കൈവരിച്ചു കഴിഞ്ഞു. മെസി കളിക്കുന്നത് പോലെ കളിക്കുന്ന മറ്റൊരാളെ എനിക്ക് കണ്ടെത്താനായിട്ടില്ല, ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള പ്രകടനമാണ് മെസി നടത്തുന്നത്, ഇനിയേസ്റ്റ പറഞ്ഞു. ബാഴ്സലോണയിലെ സഹതാരങ്ങളെ കാണാന്‍ എത്തിയപ്പോഴാണ് ഇനിയേസ്റ്റ പ്രതികരിച്ചത്.
അടുത്തിടെയായിരുന്നു പെലെ മെസ്സിക്ക് എതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. മെസ്സിയെ താന്‍ ലോകത്തെ മികച്ച താരമായി കരുതുന്നില്ല എന്നും മെസ്സിക്ക് ഒരു കാലു കൊണ്ട് മാത്രമെ കളിക്കാന്‍ ആവു എന്നും അത് ഒരു കുറവായി താന്‍ കാണുന്നുവെന്നുമാണ് പെലെ പറഞ്ഞിരുന്നത്. ഇതിനെതിരെ പല താരങ്ങളും പെലെയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.