Automotive

ഡോറും, സീറ്റ് ബെല്‍റ്റും, ഇരട്ട ഹെഡ്‌ലാമ്പുകളും; ഓട്ടോറീക്ഷ മുഖം മിനുക്കാനൊരുങ്ങുന്നു

രാജ്യത്തെ പൊതുഗതാഗത രംഗത്ത് നിര്‍ണായക സ്ഥാനമാണ് ഓട്ടോറീക്ഷകള്‍ക്ക്. എത്രയെത്ര സൂപ്പര്‍കാറുകള്‍ കടല്‍ കടന്ന് ഇന്ത്യയിലെത്തിയാലും ഓട്ടോറീക്ഷകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പാഞ്ഞങ്ങനെ ഓടും. എന്നാല്‍ ഓട്ടോറീക്ഷകളുടെ സുരക്ഷ അത്രകണ്ട് ഫലപ്രദമല്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് സുരക്ഷാ നിര്‍ബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.

പുതിയ തീരുമാനം പ്രകാരം ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം നിര്‍മ്മാതാക്കള്‍ക്ക് സ്ഥാപിക്കേണ്ടതായി വരും. അപകടത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വേണ്ടിയാണിത്. പൊതുവെ ഓട്ടോറിക്ഷകളുടെ ഫ്രെയിമിന് ദൃഢതയും സുരക്ഷ മുന്‍കരുതലും കുറവായതിനാല്‍ സഞ്ചരിക്കുന്നവര്‍ പുറത്തേക്ക് തെറിക്കാനുള്ള സാധ്യത കൂടും. കൂടാതെ ഇടിയുടെ ആഘാതവും വലുതായിരിക്കും. ഡോറുകള്‍ക്ക് പുറമെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.

കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളിലും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കും. നേരിട്ടുള്ള കൂട്ടിയിടിയില്‍ ഹാന്‍ഡില്‍ബാറില്‍ നെഞ്ചിടിച്ചും ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് പറ്റിയുമാണ് ഓട്ടോറിക്ഷയില്‍ മരണങ്ങള്‍ സംഭവിക്കുന്നത്. സീറ്റ് ബെല്‍റ്റ് ഒരുപരിധിവരെ ഡ്രൈവര്‍ക്ക് സുരക്ഷയേകും.

രാത്രിയാത്രകളില്‍ ഹെഡ്‌ലൈറ്റിന്റെ പ്രകാശതീവ്രത കുറവായത് അപകടങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ട്. നിലവിലുളള സിംഗിള്‍ ഹെഡ്‌ലൈറ്റിനു പകരം കൂടുതല്‍ പ്രകാശമുള്ള ഇരട്ട ഹെഡ്ലാമ്പുകള്‍ ഓട്ടോറിക്ഷകളില്‍ കര്‍ശനമാവും.

ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ് ഓട്ടോറീക്ഷകള്‍. നിലവില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി പതിപ്പുകളില്‍ ഓട്ടോറിക്ഷകള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും ഇലക്ട്രിക് ഓട്ടോറീക്ഷകള്‍ തരംഗമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. ബജാജ്, മഹീന്ദ്ര അടക്കമുളള കമ്പനികള്‍ ഇതിനോടകം ഇലക്ട്രിക് ഓട്ടോറീക്ഷകള്‍ വിപണിയില്‍ അവതരിപ്പിച്ച്കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top