ചെങ്ങന്നൂര്‍: തിരക്കിട്ട് പരീക്ഷയെഴുതിയ ശേഷം ശ്രീപാര്‍വ്വതി പാഞ്ഞു കതിര്‍മണ്ഡപത്തില്‍ തന്നെ കാത്തിരിക്കുന്ന അര്‍ജുന്റെ അടുത്തേക്ക്. പരീക്ഷകഴിഞ്ഞ് തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ നടക്കേണ്ട കല്യാണത്തിനായി വരന് അര്ജുന് കിലോമീറ്ററുകള്‍ക്കപ്പുറം കാത്തിരിക്കുകയായിരുന്നു. തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ പരീക്ഷാഹാളില്‍ നിന്നാണ് ശ്രീപാര്‍വതി ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ കതിര് മണ്ഡപത്തിലെത്തിയത്.
ബിജെപി സംസ്ഥാന സമിതിയംഗവും ഓയില്‍പാം ഇന്ത്യ ഡയറക്ടറുമായ പ്രയാര്‍ പാണ്ടനാട് മൂലവീട്ടില്‍ കെ.എസ്.രാജന്റെയും ബിനു രാജന്റെയും മകളാണു ശ്രീപാര്‍വതി. പന്തളം തുഷാരയില്‍ പരേതനായ സുധാകരന്റെയും പുഷ്പയുടെയും മകന് അര്ജുന് എസ്.ഉണ്ണിത്താനുമായി ശ്രീപാര്‍വതിയുടെ വിവാഹം 6 മാസം മുന്‍പേ തീരുമാനിച്ചുറപ്പിച്ചതാണ്.
എംസിഎ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായാണ് ശ്രീപാര്‍വതി. പരീക്ഷ മേയില്‍ നടക്കേണ്ടതായിരുന്നു. പക്ഷേ വൈകിയത് ആകെ പൊല്ലാപ്പായി. വിവാഹം മാറ്റിവയ്ക്കാനും കഴിയില്ല. പരീക്ഷ എഴുതിയ ശേഷം മണ്ഡപത്തിലെത്താമെന്ന തീരുമാനത്തില്‍ വരനും വീട്ടുകാരും സമ്മതം മൂളുകയായിരുന്നു.
9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. 11..40 നും 12.05 നും മധ്യേ ആയിരുന്നു മുഹൂര്‍ത്തം. പരീക്ഷാഹാളില്‍ നിന്നു 11 മണി കഴിഞ്ഞപ്പോഴേ ശ്രീപാര്‍വതി ഇറങ്ങി. അങ്ങനെ പരീക്ഷയും കല്യാണവും മംഗളമായി നടന്നു. എംസിഎയുടെ എംജി സര്‍വകലാശാല പരീക്ഷയില്‍ കഴിഞ്ഞ 3 സെമസ്റ്ററിലും ഒന്നാമതായിരുന്നു ശ്രീപാര്‍വതി.