Kerala

ആഘോഷത്തിമിര്‍പ്പില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന വിളബര ഘോഷയാത്ര

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം വിളബരം ചെയ്ത് കൊണ്ടു നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്രയില്‍ വന്‍ ജനപങ്കാളിത്തം. കണ്ണൂരിന്റെ സ്വപ്നങ്ങള്‍ പറക്കാന്‍ തുടങ്ങുന്ന ചരിത്ര മുഹൂര്‍ത്തത്തിന് മുന്നോടിയായി നടന്ന വിളംബരയാത്രത്തില്‍ നാടിന്റെ കലാപാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങളാണ് ഇടംപിടിച്ചത്. തൃശ്ശൂരില്‍ നിന്നെത്തിയ പുലിക്കളി, കരകാട്ടം, മയിലാട്ടം, ബൊമ്മനാട്ടം, കുതിരപ്പുറത്തേറിയ രാജവേഷക്കാര്‍ തുടങ്ങിയവ കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒപ്പന, തിരുവാതിരക്കളി, നാടന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയുടെ ഭാഗമായി.

പാലോട്ടുപള്ളിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര മട്ടന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം, സഹകരണ ബാങ്കുകള്‍, വിവിധ സ്ഥാപനങ്ങള്‍, മുത്തുക്കുടകളും വര്‍ണ ബലൂണുകളുമായി കുടുംബശ്രീ അംഗങ്ങള്‍, വാദ്യകലാകാരന്‍മാര്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ അണിചേര്‍ന്നു. കണ്ണൂരിന്റെ വികസനവും കൈത്തറിയടക്കമുള്ള പാരമ്പര്യ വ്യവസായങ്ങളുമാണ് നിശ്ചലദൃശ്യങ്ങളായി ഒരുങ്ങിയത്.

നൂറുകണക്കിന് പേരാണ് ഘോഷയാത്രയെ വരവേറ്റത്. പാലോട്ടുപള്ളിയില്‍ ഘോഷയാത്ര തുടങ്ങിയത് മുതല്‍ നഗരം ഗതാഗതക്കുരുക്കില്‍ മുങ്ങി. മന്ത്രിമാരായ ഇ.പി.ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ.രാഗേഷ് എം.പി., കിയാല്‍ എം.ഡി.വി.തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, നഗരസഭാധ്യക്ഷ അനിതാവേണു, വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സരാടിസ്ഥാനത്തില്‍ നടന്ന ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും രണ്ടാം സ്ഥാനം എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും മൂന്നാം സ്ഥാനവും മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠവും നേടി. പ്ലോട്ടില്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഒന്നാം സ്ഥാനവും പൊറോറ സഹകരണ ബാങ്ക് രണ്ടാം സ്ഥാനവും മട്ടന്നൂര്‍ നഗരസഭ മൂന്നാം സ്ഥാനവും നേടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top