Business

രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ നൂതന രൂപകല്‍പ്പനകളും സത്വരപരിഹാരങ്ങളും തേടുന്നതിന് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11-ന് ആരംഭിക്കും. കൊച്ചി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 16 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പൊതു അടിസ്ഥാന സൗകര്യം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍, കൈത്തറി മേഖല പുനരുദ്ധാരണം, ആവാസ വ്യവസ്ഥകള്‍ എന്നിവയുടെ സുസ്ഥിര വികസനത്തിനുള്ള രൂപകല്പനയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ കൊച്ചിയില്‍ അറിയിച്ചു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധര്‍ക്കും വാസ്തുശില്‍പികള്‍ക്കും അവസരമൊരുക്കി ഡിസംബര്‍ 11,12 തീയതികളില്‍ നടക്കുന്ന ഡിസൈന്‍ കേരള ഉച്ചകോടിയെ പന്ത്രണ്ടിന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. ഡിസംബര്‍ 11 ന് ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല ഐടി സമിതി ചെയര്‍മാനുമായ എസ് ഡി ഷിബുലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ പ്രമുഖ സാനിറ്ററിവെയര്‍ കമ്പനിയായ സെറാ ആണ് ഡിസൈന്‍ ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോണ്‍സര്‍. കെടിഡിസിയും ഔദ്യോഗിക പങ്കാളിയായി സഹകരിക്കുന്നുണ്ട്. പുനഃസൃഷ്ടിയില്‍ അവലംബിക്കാവുന്ന ഭാവി സാങ്കേതികവിദ്യ, ആവാസവ്യവസ്ഥിതി, രൂപകല്‍പനാശയങ്ങള്‍ എന്നിവയെ അധികരിച്ച പ്രതിഷ്ഠാപനങ്ങളേയും പ്രദര്‍ശനങ്ങളും അണിനിരത്തുന്ന ഡിസൈന്‍ ഡിസ്ട്രിക്ടും ഡിസൈന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്. കേരളത്തിന്റെ പുനഃനിര്‍മ്മാണഘട്ടത്തില്‍ സ്വീകരിക്കാവുന്ന സാങ്കേതികവിദ്യകളുടേയും രൂപകല്‍പ്പനാപരിഹാരങ്ങളുടേയും പ്രദര്‍ശനത്തിലൂടെ വിവിധ വകുപ്പുകളിലെ നയകര്‍ത്താക്കള്‍ക്ക് ഇവ നേരിട്ട് മനസ്സിലാക്കാനാകും.

ഡിസംബര്‍ 12 മുതല്‍ സമകാലീന കലയുടെ പരിഛേദമായ കൊച്ചി മുസിരിസ് ബിനാലെ ആരംഭിക്കുന്നതിനാല്‍ ബിനാലെയുടെ മുഖ്യവേദികളില്‍ നിന്ന് സൗജന്യമായി ഡിസൈന്‍ ഡിസ്ട്രിക്ടിലേക്ക് ബോട്ട് സര്‍വ്വീസ് ഉണ്ടാകും. ബോള്‍ഗാട്ടി ഐലന്‍ഡിലെ ഡിസൈന്‍ സിസ്ട്രിക്ടില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. ഡിസൈന്‍ വാരത്തിലേയ്ക്കുള്ള രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും www.kochidesignweek.org

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top