sunday feature

ഒരുങ്ങിക്കോളൂ, ഇനി കണ്ണൂരിന്റെ ചിറകിലേറി പറക്കാം….!

മുഴങ്ങിക്കേള്‍ക്കുന്ന തോറ്റംപാട്ടിന്റെ ശീലുകള്‍ക്കും തറികളുടെ താളത്തിനും മീതെ കണ്ണൂരിന്റെ ആകാശമിതാ മറ്റൊരു ഇരമ്പലിന് കാതോര്‍ക്കാനൊരുങ്ങുന്നു. ഇനി കൗണ്ട് ഡൗണ്‍ ആണ്, ഡിസംബര്‍ ഒമ്പതിന്റെ പകലിലേക്ക്. കണ്ണൂരിന്റെ , വടക്കന്‍ മലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് അന്ന് ചിറകുമുളയ്ക്കും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതോടെ പതിറ്റാണ്ടുകള്‍ നീളുന്ന കാത്തിരിപ്പ് അവസാനിപ്പിച്ച് ആകാശത്തേക്ക് ചിറകുനീര്‍ത്താനായുകയാണ് കണ്ണൂര്‍.

തലശ്ശേരി, കണ്ണൂര്‍, നഗരങ്ങളില്‍ നിന്നും 25 കിലോ മീറ്റര്‍ മാറി മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലാണ് കണ്ണൂരിന്റെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹൃദപരമായി സജ്ജീകരിച്ചിരിക്കുന്ന വിമാനത്താവളം വടക്കന്‍ മലബാറിന്റെ വ്യവയസായ – ടൂറിസം മേഖലയുടെ വളര്‍ച്ചയിലേക്ക് തുറന്ന സുവര്‍ണവാതായനമാണ്. ആദ്യവര്‍ഷം 13 ലക്ഷത്തോളം യാത്രക്കാര്‍ കണ്ണൂരിന്റെ ചിറകില്‍ പറന്നുയരുമെന്നാണ് കണക്കാക്കുന്നത്.

തിരക്കുകള്‍ക്കിടയില്‍ നിന്നും വിമാനത്താവളത്തിന്റെ ഒരുക്കങ്ങളേയും പ്രത്യേകതകളേയും കുറിച്ച് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (KIAL ) മാനേജിംഗ് ഡയറക്ടര്‍
തുളസീ ദാസ് ഐഎഎസ് കേരള വിഷന്‍ ഓണ്‍ലൈനോട് സംസാരിക്കുന്നു. 

  • കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരിന്റേത്. മറ്റുമൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും കണ്ണൂരിന്റേതെന്ന് എടുത്തു പറയാവുന്ന പ്രത്യേകതകള്‍ എന്തൊക്കെയാണ് ?

കേരളത്തിന്റെ ഏറ്റവും പുതിയ എയര്‍പോര്‍ട്ട് എന്നതുതന്നെയല്ലേ, വലിയ പ്രത്യേകത. കേരളത്തിലേതെന്നല്ല ഇന്ത്യയിലെതന്നെ പുതിയ എയര്‍പോര്‍ട്ട് എന്നും പറയാം. ഇന്ത്യയില്‍തന്നെ ഒരു പുതിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വന്നിട്ട് വര്‍ഷങ്ങളായി. അതൊക്കെ കണക്കിലെടുക്കുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കമ്മീഷനിംഗ് അല്ലെങ്കില്‍ ഉദ്ഘാടനം ഇന്ത്യയുടെ തന്നെ വ്യോമയാന ചരിത്രത്തില്‍ പ്രധാനപ്പെട്ട സംഭവമാണ്.

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തുളസീദാസ് ഐഎഎസ്

പിന്നെ., ഇവിടെ അടുത്തുള്ള രണ്ട് വിമാനത്താവളങ്ങള്‍, കോഴിക്കോടും മംഗലാപുരവും ..അവ രണ്ടിനേക്കാളും വലിയ വിമാനത്താവളമാണ് കണ്ണൂരില്‍ നിര്‍മിച്ചിരിക്കുന്നത്. വലിയ എയര്‍പോര്‍ട്ട് നിര്‍മിച്ചു എന്ന് മാത്രമല്ല, അതിനെ കൂടുതല്‍ വലുതാക്കാനുള്ള സാധ്യതകളും നമുക്ക് മുന്നിലുണ്ട്. നിലവില്‍ 3050 മീറ്ററുള്ള റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അതിനുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേ നാലായിരമാക്കി ഉയര്‍ത്തുന്നതോടെ ഇന്ത്യയിലെ തന്നെ വലിയ എയര്‍പോട്ടുകളിലൊന്നായി കണ്ണൂര്‍ എയര്‍പോര്‍ട്ട് മാറും. ഇപ്പോള്‍ത്തന്നെ സമീപത്തുള്ള എയര്‍പോര്‍ട്ടുകളേക്കാള്‍ വലുതാണ്, ഭാവിയില്‍ ഇനിയും വികസിക്കാന്‍ സാധ്യതയുമുണ്ട്.

മാത്രമല്ല, ഈ കാലഘട്ടത്തില്‍ നിര്‍മിക്കുന്ന എയര്‍പോര്‍ട്ട് ആയതുകൊണ്ടുതന്നെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കണ്ണൂര്‍ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. മറ്റു പല എയര്‍പോര്‍ട്ടുകളിലും തുടക്കകാലത്ത് ഇത്തരം സൗകര്യങ്ങളോ സംവിധാനങ്ങളോ ഒന്നും കാണണം എന്നില്ല.

  • കേരളത്തിനെപ്പോലെ ഒരു കൊച്ചു സംസ്ഥാനത്ത് വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് പ്രോത്സാഹിക്കപ്പെടേണ്ടുന്ന കാര്യമാണോ ? യാത്രക്കാരുടെ എണ്ണമാണല്ലോ വിമാനത്താവളത്തിന്റെ ലാഭനഷ്ടങ്ങള്‍ കണക്കാക്കുന്നതിന്റെ മുഖ്യഘടകം, അങ്ങനെ നോക്കുമ്പോള്‍ സാമ്പത്തിക നേട്ടം സാധ്യമാകുമോ ?

കേരളത്തില്‍ പണ്ട് ഒരു എയര്‍പോര്‍ട്ടാണ് ഉണ്ടായിരുന്നത്, തിരുവനന്തപുരത്ത് മാത്രം. ഇപ്പോള്‍ മൂന്ന് എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ലേ. മൂന്നും വിജയിച്ചുതന്നെയാണല്ലോ മുന്നോട്ട് പോകുന്നത്. രണ്ട് കാര്യങ്ങളാണ് നോക്കേണ്ടത്. ഒന്ന്,കേരളത്തില്‍ വിമാനയാത്രയ്ക്കുള്ള ആള്‍ക്കാര്‍ ആവശ്യത്തിനുണ്ട്. രണ്ട്, ധാരാളം ആളുകള്‍ കേരളത്തിലേക്ക് വരുന്നുണ്ട്, ടൂറിസത്തിനായും ബിസിനസ് ആവശ്യങ്ങള്‍ക്കായുമൊക്കെ. അതുകൊണ്ട് ഡിമാന്റ് ഇവിടെയുണ്ടെന്നുള്ളതിന് സംശയമില്ല.

പിന്നെ നമ്മുടെ ഈ എയര്‍പോര്‍ട്ട് ഏത് ഏരിയയാണ് സേര്‍വ് ചെയ്യുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം. വളരെ വലിയ ഒരു ഏരിയയാണത്. കോഴിക്കോടിന്റെ വടക്ക് ഭാഗം മുതല്‍ തുടങ്ങുകയാണ്. കോഴിക്കോട് ജില്ലയുടെ പകുതിഭാഗം നമുക്ക് ഇതിലേക്ക് കൂട്ടാം. കാരണം എന്താണെന്നറിയുമോ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോകുന്നതിനേക്കാളും കണ്ണൂര്‍ വിമാനത്താവളത്തില്‍ വരുന്നതാകും അവര്‍ക്ക് കൂടുതല്‍ എളുപ്പം. അവിടുന്ന് തുടങ്ങി കോഴിക്കോട് ജില്ലയുടെ പകുതി, വയനാട് ജില്ല, കണ്ണൂര്‍ ജില്ല, കാസര്‍കോട് ജില്ല, മാഹി…ഇത് കൂടാതെ കര്‍ണാടകത്തിലെ പല ജില്ലകളും. അവരുടെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടോ മാംഗ്ലൂര്‍ എയര്‍പോര്‍ട്ടോ പരിഗണിക്കുമ്പോള്‍ അടുത്തുനില്‍ക്കുന്നത് കണ്ണൂര്‍ വിമാനത്താവളമാണ്. അപ്പോള്‍ അവരും ഇങ്ങോട്ടാണ് വരാന്‍ പോകുന്നത്.

മാത്രവുമല്ല ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ കൂടുതല്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. വടക്കേ അറ്റത്തുള്ളതുകാരണം ഇവിടുന്ന് അങ്ങോട്ടുള്ള ഫ്‌ലൈറ്റ് ടൈം കുറവുമായിരിക്കും. വിമാനങ്ങള്‍ക്ക് ഇന്ധനലാഭം, യാത്രക്കാര്‍ക്ക് സമയലാഭം ഇത്തരത്തിലുള്ള പ്രയോജനങ്ങളുമുണ്ട്.

വിമാനത്താവളത്തിന്റെ അകക്കാഴ്ചകളിലൊന്ന്

  • ഗള്‍ഫില്‍ നിന്നും പലരും ജോലി വിട്ടു മടങ്ങുന്ന കാഴ്ചയും നമ്മള്‍ ഇതിനോടൊപ്പം ചേര്‍ത്ത് വയ്‌ക്കേണ്ടതില്ലേ..?

അത്തരത്തില്‍ ഒരു സാഹചര്യം ഇല്ല എന്നല്ല. പക്ഷെ ഗള്‍ഫില്‍ മലയാളികള്‍ക്കുള്ള സാധ്യതയും വളരെക്കൂടുതലാണ്. വളര്‍ച്ചാ നിരക്ക് എന്നുള്ളത് കുറഞ്ഞിട്ടുണ്ടാകാം, വളര്‍ച്ചയുണ്ട്. പുതിയ ആള്‍ക്കാര്‍ ഇപ്പോഴും ഗള്‍ഫില്‍ പോകുന്നുണ്ട്. ചിലരൊക്കെ ജോലി നഷ്ടപ്പെട്ടു തിരിച്ചുവരുന്നുമുണ്ട്. എണ്ണവിലയില്‍ പൊടുന്നനെയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് അവരുടെ സാമ്പത്തികമാന്ദ്യത്തിനും മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനുമൊക്കെ കാരണമാകുന്നത്. ആ പ്രതിസന്ധിയില്‍ നിന്നുമൊക്കെ അവര്‍ കരകയറുമെന്നും ഇനിയും ഏറെ പ്രൊജക്ടുകള്‍ വരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

  • കണ്ണൂര്‍ എയര്‍പോര്‍ട്ട് സാമ്പത്തിക ലാഭം നേടാന്‍ എത്ര വര്‍ഷങ്ങളെടുക്കുമെന്ന് പറയാമോ ?

ഏത് എയര്‍പോര്‍ട്ട് ആയാലും ആദ്യ വര്‍ഷങ്ങളില്‍ നഷ്ടമായിരിക്കും. കൊച്ചി എയര്‍പോര്‍ട്ടും തുടക്ക കാലത്ത് നഷ്ടത്തിലായിരുന്നു. പക്ഷെ അത് കഴിഞ്ഞ് എല്ലാവരും ലാഭത്തിലേക്ക് വരും. കാരണം എയര്‍പോര്‍ട്ട് എന്നത് ഒരു മൊണോപൊളിയാണ്. അതായത്, ഒരു സ്ഥലത്ത് സാധാരണഗതിയില്‍ ഒരു എയര്‍പോര്‍ട്ട് മാത്രമേ കാണുള്ളൂ. അവിടെ വരുന്ന എയര്‍ലൈന്‍സിനും പാസഞ്ചേര്‍സിനും അത് ഉപയോഗപ്പെടുത്തിയേ മതിയാകൂ. അള്‍ട്ടിമേറ്റ്‌ലി അവസാനം അത് ലാഭത്തില്‍ തന്നെ വരും. അതിന് എത്ര വര്‍ഷങ്ങളെടുക്കുമെന്ന് ചോദിച്ചാല്‍ അത് പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കും. നമുക്ക് എത്ര ഫ്‌ലൈറ്റുകള്‍ കിട്ടും, എത്ര യാത്രക്കാര്‍ വരും, ഏവിയേഷന്‍ വരുമാനമല്ലാതെ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഏതെല്ലാം കണ്ടെത്താന്‍ കഴിയും ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും അത്. എങ്കിലും ഒരു നാലഞ്ച് വര്‍ഷങ്ങള്‍കൊണ്ട് നഷ്ടത്തില്‍ നിന്നുമാറി ലാഭത്തിലെത്താന്‍ കഴിയുമെങ്കില്‍ അതൊരു നേട്ടമായിരിക്കുമെന്ന് കരുതുന്നു.

  • ഏവിയേഷന്‍ അല്ലാതെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ മറ്റ് വരുമാന ശ്രോതസ്സുകള്‍ ?

അത്തരം ഏവിയേഷന്‍ ഇതര വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായേ തീരൂ. ഇന്നത്തെ കാലത്ത് , ലോകത്തിലെ ഏത് എയര്‍പോര്‍ട്ടുകള്‍ പരിഗണിച്ചാലും വരുമാനം എന്നത് ഏവിയേഷനില്‍ നിന്ന് പകുതി, അല്ലാത്ത ശ്രോതസ്സുകളില്‍ നിന്ന് പകുതി എന്ന നിലയില്‍ ആയിട്ടുണ്ട്. അതാണ് ട്രെന്‍ഡ്. ആ നിലയില്‍ നമുക്കും ഏവിയേഷന്‍ അല്ലാത്ത വരുമാന ശ്രോതസ്സുകളിലേക്ക് പോയേ പറ്റുള്ളൂ, അത്തരം വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തിയേ പറ്റുള്ളൂ. നമുക്ക് സ്വന്തമായുള്ള ഭൂമി ഉപയോഗിച്ച് വരുമാനം നേടുവാനാണ് പരമാവധി നമ്മള്‍ ശ്രമിക്കുന്നത്. എയര്‍പോര്‍ട്ടിന് സപ്പോര്‍ട്ട് കിട്ടുന്ന തരത്തിലുള്ള പല പ്രൊജക്ടുകള്‍ ഇവിടേക്ക് കൊണ്ടുവരണം. അത് യാത്രക്കാരെ ആകര്‍ഷിക്കുന്നതുമായിരിക്കണം. അതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

  • എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ് എന്നത് അതില്‍പ്പെടുമോ ?

ഭാവിയില്‍ അത്തരത്തിലൊന്ന് തുടങ്ങാന്‍ സ്ഥലം കണ്ടു വയ്ക്കുന്നുണ്ട്. ഇപ്പൊള്‍ തുടങ്ങിയിട്ട് കാര്യമില്ല. എയര്‍പോര്‍ട്ട് എന്ന നിലയില്‍ ഇത് വിജയിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. കഴിവുള്ള ഒരു ഏജന്‍സിയെ ഭാവിയില്‍ എംആര്‍ഒ ഏല്‍പ്പിക്കാനാണ് പ്ലാന്‍. ഏതായാലും ആദ്യ ഘട്ടത്തില്‍ അതിലേക്ക് കടക്കുന്നില്ല.

  • പരിസ്ഥിതി സൗഹൃദപരമായിട്ടാണല്ലോ വിമാനത്താവളം സജ്ജീകരിച്ചിരിക്കുന്നത് ?

പരിസ്ഥിതി സംരക്ഷണം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് വിമാനത്താവളം നമ്മള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നതും. എയര്‍പോര്‍ട്ടിന്റെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട് കൊടുക്കുന്ന സമയത്ത്് തന്നെ ഞങ്ങള്‍ വച്ച കണ്ടീഷനാണ് സോളാറും മറ്റു പല തരത്തിലുള്ള നോണ്‍ കണ്‍വെന്‍ഷനല്‍ എനര്‍ജി സോഴ്‌സുകള്‍ ഉപയോഗിക്കണം എന്നത്. പല തരത്തിലുള്ള ഗ്രീന്‍ ടെക്‌നോളജീസും ഉപയോഗിക്കണം.

സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം നമുക്കുണ്ട്. പക്ഷെ റണ്‍വേയുടെ നീളം കൂട്ടുന്ന സമയത്ത് ആ സ്ഥലം നമുക്ക് ഉപയോഗപ്പെടുത്തേണ്ടതായി വരും. അതുകൂടി കഴിഞ്ഞുമാത്രമേ എവിടെയൊക്കെ പാനലുകള്‍ വയ്ക്കാം എന്നതില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ. വേറെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഭൂമിയില്‍ സോളാര്‍ പാനലുകള്‍ വയ്ക്കില്ല. ആ സ്ഥലം മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം ഉപയോഗപ്പെടുത്താനാണ് തീരുമാനം. മറ്റൊന്നിനും ഉപയോഗപ്പെടുത്താനാകാത്ത സ്ഥലങ്ങള്‍ അതായത് ചെരിവുള്ള സ്ഥലങ്ങളില്‍, റൂഫ് ടോപ്പില്‍ അവിടെയൊക്കെ പാനലുകള്‍ സ്ഥാപിക്കും.

  • മലബാറിന്റെ ടൂറിസം മേഖലയില്‍ വിമാനത്താവളം കാരണം എന്തൊക്കെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം ?

കേരളത്തിലെ ടൂറിസം എന്നത് തെക്കന്‍ കേരളത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഇതുവരെ എന്ന് പറയാം. കൊച്ചി, കോവളം, ആലപ്പുഴ, മൂന്നാര്‍ , തേക്കടി , കോട്ടയം കുമരകം ഇതെല്ലാം തെക്കന്‍ കേരളത്തിനെ ടൂറിസം വികസനത്തിലേക്ക് നയിച്ചവയാണ്. വടക്കന്‍ കേരളത്തില്‍ അത്തരത്തില്‍ വലുതായി ശ്രദ്ധിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഇതുവരെ ഇല്ല. അതിന്റെ പ്രധാനകാരണം ഇവിടെ ഒരു വിമാനത്താവളം ഇല്ല എന്നത് തന്നെയാണ്. അത് മാറാന്‍ പോവുകയാണ്. മലബാറിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തെക്കന്‍ കേരളത്തെക്കാള്‍ ഒട്ടും പിറകിലല്ല, ഒരുപടി മുന്നിലാണെങ്കിലേയുള്ളൂ. അതിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വരുമ്പോള്‍ സാധിക്കും. അതോടൊപ്പം നമ്മള്‍ ശ്രദ്ധിക്കേണ്ടത് പരിസ്ഥിതി സൗഹൃദപരമായ , ഉത്തരവാദിത്വബോധമുള്ള ടൂറിസം ഇവിടെ കൊണ്ടുവരാനാണ്. ഇതിന് ഏറ്റവും സഹായകമാണ് എയര്‍ പോര്‍ട്ട് .

  • കണ്ണൂരില്‍ നിന്നും കയറ്റുമതി സാധ്യതകള്‍ക്കുകൂടിയുള്ള വാതായനമാണല്ലോ എയര്‍പോര്‍ട്ട് ? കണ്ണൂരിന്റെ തനത് വ്യാവസായമായ കൈത്തറി പോലുള്ള മേഖലയില്‍ ഇവ വരുത്തുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകും ?

എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയുള്ള നല്ല ഉത്പന്നങ്ങള്‍ക്ക് വലിയ വിപണി സാധ്യതയാണ് ഇതോടെ വഴിതുറക്കുന്നത്. കൈത്തറി ഉത്പന്നങ്ങള്‍ മാത്രമല്ല, പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍, പൂക്കള്‍ തുടങ്ങിയവയ്ക്കും ഗുണകരമാണ്. കേരളത്തിന് മാത്രമല്ല, കര്‍ണാടകത്തിനും ഇത് ഉപയോഗപ്പെടുത്താം. കൂര്‍ഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഉത്പാദിക്കുന്ന ഉത്പന്നങ്ങള്‍ കണ്ണൂരില്‍ നിന്നും കയറ്റുമതി ചെയ്യാം. അങ്ങനെ വരുമ്പോള്‍ ഇവയുടേയൊക്കെ ഉത്പാദനം വര്‍ധിക്കും. ഉത്പാദിപ്പിക്കുന്ന രീതിയിലും വ്യത്യാസം വരും, ഉത്പാദനത്തിനായി ഹൈടെക് രീതികള്‍ അവലംബിക്കും. ഗുണനിലവാരത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. ഇത്തരം മാറ്റങ്ങള്‍ കൈത്തറിയില്‍ മാത്രമല്ല, കയറ്റുമതി സാധ്യതയുള്ള എല്ലാ മേഖലയിലും ഉണ്ടാവും.

  • വിമാനത്താവളത്തിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലും പുനരധിവസിപ്പിക്കലും വെല്ലുവിളിയായിരുന്നോ ?

കേരളത്തില്‍ തന്നെ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയ ഒരു പ്രൊജക്ട് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റേതാണ്. ലാന്‍ഡ് അക്വസിഷന് വേണ്ടിയാണ് സാധാരണഗതിയില്‍ ഏറെ കാലതാമസമെടുക്കാറ്. ഇവിടെ 98ല്‍ പ്രാരംഭഘട്ടത്തില്‍ 200ല്‍ താഴെ ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. അതുകഴിഞ്ഞ് പിന്നെ 2008ല്‍ ഇന്‍ പ്രിന്‍സിപ്പല്‍ അപ്രൂവല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചതോടെ വീണ്ടും ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനായും സര്‍ക്കാര്‍ പാക്കേജുണ്ടാക്കി അനൗണ്‍സ് ചെയ്യുകയും ചെയ്തു. അതോടെ 2010 മുതല്‍ വീണ്ടും ഭൂമി ഏറ്റെടുക്കല്‍ നടപടിയാരംഭിച്ചു. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ത്തന്നെ എയര്‍പോര്‍ട്ടിന് വേണ്ട ഭൂമി നമുക്ക് ലഭിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായും കൂടുതല്‍ സ്ഥലം ആവശ്യമായതിനാല്‍ ഇപ്പോളും ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.

  • വിമാനത്താവളത്തിലെ തൊഴിലവസരങ്ങള്‍ ?

എയര്‍പോര്‍ട്ട് കമ്പനിക്ക് വളരെയധികം സ്റ്റാഫിനെ ആവശ്യമില്ല. ഇവിടെ ഓരോ വിഭാഗത്തിലുമായി ഏറ്റെടുത്തിരിക്കുന്ന വിവിധ ഏജന്‍സികളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യമുണ്ട്. എയര്‍പോര്‍ട്ടിന് വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ജോലി നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നുണ്ട്.

  • അനാവശ്യ വിവാദങ്ങളോ വെല്ലുവിളികളോ ഇല്ലാതെ ഈ പ്രൊജക്ട് പൂര്‍ത്തിയാക്കിയതില്‍ താങ്കളുടെ പങ്കിനെ എങ്ങനെ നോക്കിക്കാണുന്നു ?

ജനങ്ങളുടെ പൂര്‍ണ പിന്തുണ തന്നെയാണ് അതിന് പിന്നില്‍. വര്‍ഷങ്ങളായുള്ള കാത്തിരിപ്പുണ്ടെങ്കിലും ഇവിടെ വിമാനത്താവളം വരണമെന്ന് നാട്ടുകാര്‍ അത്രയധികം ആഗ്രഹിച്ചിരുന്നു. അകമഴിഞ്ഞ പിന്തുണയാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്. അതുപോലെത്തന്നെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നുണ്ട്. അതുതന്നെയാണ് കാലതാമസമില്ലാതെ ഈ പ്രൊജക്ട് സാധ്യമായതിനുള്ള മുഖ്യ കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top