താരജോഡികളായ ദീപിക-രണ്‍വീര്‍ വിവാഹത്തിന് പിന്നാലെ മറ്റൊരു വിവാഹ മാമാങ്കത്തിന് സാക്ഷികളാകാനൊരുങ്ങുകയാണ് ബോളിവുഡ്. നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക്ക് ജൊനാസും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ജോദ്പൂരിലെ ഉമ്മൈദ് ഭവനില്‍ വച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തിനോടനുബന്ധിച്ച് നടക്കുക. വിവാഹത്തില്‍ പങ്കെടുക്കാനായി എത്തുന്ന അതിഥികള്‍ക്കായുള്ള സമ്മാന പൊതികളടക്കം ഒരുക്കി കഴിഞ്ഞു. നവംബര്‍ 30ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കോക്ക്ടെയ്ല് പാര്‍ട്ടിയും ഡിസംബര്‍ ഒന്നിന് ഹാല്‍ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹ ചടങ്ങിന് മുന്നോടിയായി പ്രിയങ്കയുടെ മുംബൈയിലെ ജുഹു വസതിയില്‍ വച്ച് നടന്ന പൂജയില്‍ പങ്കെടുക്കാന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇരുവരും എത്തിയിരുന്നു. പൂജയില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചടങ്ങില്‍ ഗായകന് അര്മാന് മാലികിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.