Football

അഞ്ച് സമനിലയും മൂന്ന് തോല്‍വിയും ഒരു ജയവും; ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവിയെന്ത്..!

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോളം ആരാധകര്‍ ചങ്ക്പറിച്ച് സ്‌നേഹിക്കുന്ന മറ്റൊരു ടീമില്ല. ഫുട്‌ബോള്‍ പ്രാന്തന്‍മാരുടെ നാട്ടില്‍ കട്ടയ്‌ക്കൊരു ടീമുണ്ടായാല്‍ സപ്പോര്‍ട്ട് കിട്ടാതെവിടെപ്പോകാന്‍. പോരാത്തതിന് കേരളത്തിന്റെ ഒത്ത നടുക്ക് കൊച്ചിയില്‍ സ്വന്തമായൊരു സ്‌റ്റേഡിയവും. ഗാലറികളെ പൂരപ്പറമ്പാക്കി ആരാധകര്‍ നല്‍കിയ സ്‌നേഹവും സപ്പോര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സിനോളം അനുഭവിച്ച മറ്റൊരു ടീമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ടീമില്‍ കളിക്കാനെത്തിയ വിദേശ താരങ്ങള്‍ മഞ്ഞപ്പട നല്‍കിയ സ്‌നേഹവും സപ്പോര്‍ട്ടും ആവോളം നുകര്‍ന്ന് മടങ്ങിപ്പോയവരാണ്. എന്നാല്‍ ടീമിന്റെ ഇന്നത്തെ അവസ്ഥ പഴയതില്‍ നിന്നും തികച്ചും വിഭിന്നമാണ്.

അഞ്ച് സമനിലയും മൂന്ന് തോല്‍വിയും ഒരു ജയവുമടക്കം എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇപ്പോഴത്തെ നില. ഇന്നലെ നടന്ന ചെന്നെയിന്‍ എഫ്‌സിയുമായുളള എവേ മാച്ചിലും സമനിലക്കുരുക്ക് ബ്ലാസ്റ്റേഴ്‌സിനെ വിട്ടൊഴിഞ്ഞില്ല. അതും ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍മാരുടെ മികവില്‍ കിട്ടിയ സമനിലയാണെന്നും പറയാന്‍ കഴിയില്ല. ഗോള്‍കീപ്പര്‍ ധീരജ് സിങിന്റെ മികവും ലഭിച്ച അവസരങ്ങള്‍ ചെന്നൈയിന് ഗോളാക്കി മാറ്റാന്‍ കഴിയാതെ പോയതുമാണ് ബ്ലാസ്‌റ്റേഴ്‌സിന് തുണയായത്.

രണ്ടാം പകുതിയുടെ അവസാനം മാത്രമാണ് ക്യാപ്റ്റനായ സന്ദേശ് ജിങ്കന്‍ കളിയ്ക്കിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയ്ക്ക് കാരണമായ പെനാല്‍റ്റി വഴങ്ങിയ ജിങ്കാനെ ബെഞ്ചിലിരുത്താന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ കെ പ്രശാന്തും ലെന്‍ ഗുംഗലും ഇത്തവണ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. അതേസമയം, സക്കീര്‍ മുണ്ടംപാറ, മുഹമ്മദ് റാക്കിപ് എന്നിവര്‍ ആദ്യ ഇലവനില്‍ കളിയ്ക്കിറങ്ങി. മിഡ്ഫീല്‍ഡിറിങ്ങിയ നാല് താരങ്ങളും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നതും മത്സരത്തിലുടനീളം പ്രകടമായിരുന്നു.

പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കരുനീക്കങ്ങള്‍ പാളുന്നതാണ് ഓരോ മാച്ചുകളിലും കണ്ടുവരുന്നത്. മാറി മാറി പരീക്ഷിക്കുന്ന ഫോര്‍മേഷനുകള്‍ ഒന്നും ഫലം കാണുന്നില്ല എന്നു മാത്രമല്ല, മികച്ചൊരു കൂട്ടുകെട്ട് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിയുന്നുമില്ല താനും. തുടര്‍ച്ചയായ സമനിലകളിലും പ്രതീക്ഷ കൈവിടാതിരുന്ന ആരാധകര്‍ തോല്‍വികളുടെ എണ്ണം കൂടിയതോടെ ആകെ മനസ് മടുത്ത മട്ടാണ്. ഇത്രയധികം പിന്തുണ നല്‍കിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്നതില്‍ ടീമും നിരാശയിലാണ്. ഇപ്പോള്‍ ടീമിന് വേണ്ടത് ഒരു ഉയര്‍ത്തെണീപ്പാണ്. പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഒരു മടങ്ങി വരവ്. ടീമിന ഇത്രയധികം സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് വേണ്ടിയെങ്കിലും അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജയം ഉറപ്പാക്കിയെ മതിയാകു. അല്ലാത്ത പക്ഷം ഇത്രനാള്‍ക്കൊണ്ട് പടുത്തുയര്‍ത്തിയ പിന്തുണയും പിന്‍ബലവും മഞ്ഞപ്പടയ്ക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top