Kerala

വയറ് നന്നായാല്‍ എല്ലാം നന്നാവും

കൊച്ചി: ഉദരരോഗവിദഗ്ധരുടെ ദേശീയ സമ്മേളനം ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്ററോളജി (ഐ.എസ്.ജി)യാണ് നാല് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന്റെ സംഘാടകര്‍.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിട്ടി മാനേജിങ്ങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ നിര്‍വ്വഹിച്ചു. ജീവിതകാലത്ത് ദഹനവ്യവസ്ഥയ്ക്കു കുഴപ്പങ്ങളോ രോഗങ്ങളൊ ഉണ്ടാവാത്തവര്‍ ചുരുക്കമാണ്. അവ മൂര്‍ഛിക്കുന്നതും വലിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതും തടയേണ്ടതുണ്ട്. പ്രാരംഭ ദിശയില്‍ തന്നെ അതിന് വൈദ്യസഹായം തേടണം. ഉദരസംബന്ധമായ എന്തു രോഗവും ഉദരത്തെ മാത്രമല്ല രോഗപ്രതിരോധ വ്യവസ്ഥയേയും, മാനസികാവസ്ഥയേയും സാരമായി ബാധിക്കും. വ്യക്തിയുടെ കാര്യക്ഷമതയേയും അതുവഴി രാഷ്ട്രത്തിന്റെ മാനവ വിഭവ ശേഷിയേയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമായി വേണം ഉദരരോഗങ്ങളെ കാണാന്‍ എന്ന് വി.ജെ. കുര്യന്‍ പറഞ്ഞു.

ഉദരത്തെ മനുഷ്യന്റെ രണ്ടാം തലച്ചോറായിട്ടാണ് കണക്കാക്കപെടുന്നതെന്ന് ഐ.എസ്.ജി. ദേശീയ അധ്യക്ഷന്‍ ഡോ. നരേഷ് ഭട്ട് പറഞ്ഞു. അതിനാല്‍ തന്നെ ദഹന വ്യവസ്ഥയിലെ അവയവങ്ങള്‍ക്ക് ശരീരത്തിനും, മനസിനുമുള്ള സ്വാധീനം വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണം ചിട്ടയായ ജീവിതശൈലി, വ്യായാമം, പിരിമുറുക്കങ്ങളുടെ നിയന്ത്രണം എന്നിവ വഴി ഉദര ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ഉദരം എന്നതിനര്‍ത്ഥം ആരോഗ്യമുള്ള വ്യക്തി എന്നുതന്നെയാണെന്നും ഡോ. നരേഷ് ഭട്ട് വ്യക്തമാക്കി.

ദഹനേന്ദ്രിയ വ്യവസ്ഥയ്ക്കും, കരള്‍, പിത്ത സഞ്ചി, ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്) എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ ലോകവ്യാപകമായി ഉയര്‍ന്നുവരുന്നു. ഇത് ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ഇന്ത്യ. നഗരവത്കരണം, ഭക്ഷണശീലം, ജീവിത രീതി എന്നിവയിലെ മാറ്റങ്ങള്‍, ജനിതക ഘടന എന്നിവയെല്ലാം രോഗവ്യാപനത്തെ സ്വധീനിച്ചിട്ടുണ്ടെന്ന് പി.വി.എസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡയജസ്റ്റീവ് ഡിസീസസ് ഡയറക്ടറും ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായ ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു.

പുകയില, മദ്യം, ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, എരിവും മസാല കൂടിയതുമായ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, ശുദ്ധീകരിച്ച പഞ്ചസാര, എണ്ണ, കൊഴുപ്പ്, ശുചിത്വമില്ലായ്മ എന്നിവയെല്ലാം പ്രശ്നം വഷളാക്കുന്നു. ഉദരത്തെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങള്‍ക്കു പുറമെ ക്യാന്‍സര്‍ രോഗങ്ങളും വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങളെന്ന് ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു. പ്രാദേശിക തലത്തില്‍ രോഗ വ്യാപനവും കാരണങ്ങളും കണ്ടെത്തി ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കുകയും, ചികിത്സാ രംഗത്ത് ശസ്ത്രക്രിയാ വിദഗ്ധരും, റേഡിയോളജിസ്റ്റുകളും, പോഷകാഹാര വിദഗ്ധരും, സര്‍ക്കാര്‍ പ്രതിനിധികളും ഒന്നിച്ചുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയുമാണ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങളെന്ന് ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു.

ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, ഐ.എസ്.ജി. ദേശീയ അദ്ധ്യക്ഷന്‍ ഡോ. നരേഷ് ഭട്ട്, ജനറല്‍ സെക്രട്ടറി ഡോ. ഗോവിന്ദ് മഖാരിയ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മാത്യു ഫിലിപ്പ്, ഡോ.ആന്റണി പോള്‍, ഐ.എം.എ പ്രസിഡന്റ് ഡോ. ജുനൈദ് റഹമാന്‍, ഐ.എസ്.ജി കേരള ഘടകം പ്രസിഡന്റ് ഡോ. ഡി കൃഷ്ണദാസ്, ഡോ. ജി.എന്‍. രമേശ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ഉദരരോഗ ചികിത്സാ സംബന്ധമായ അടിസ്ഥാന ശാസ്ത്രതത്ത്വങ്ങള്‍, ക്യാന്‍സര്‍ ചികിത്സ, റേഡിയോളജി, സര്‍ജറി, എന്‍ഡോസ്‌കോപി, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി എന്നിവ സംബന്ധിച്ച പ്രധാന ശാസ്ത്ര സെഷനുകള്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം നടന്നു. ഡോക്ടര്‍മാര്‍ക്കും, എന്‍ഡോസ്‌കോപി ടെക്നീഷന്‍മാര്‍ക്കും, നേഴ്സുമാര്‍ക്കുമുള്ള പ്രത്യേക പരിശീലന പരിപാടികളും ശില്‍പശാലകളും സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യമുള്ള ഉദരം, എന്ന ആശയ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മിനി മാരത്തോണ്‍ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

രണ്ടായിരത്തിയഞ്ഞൂറിലധികം ഉദരരോഗ വിദഗ്ധര്‍ പങ്കെടുക്കുന്ന അമ്പത്തിയൊമ്പതാമത് വാര്‍ഷിക സമ്മേളനം പതിനാറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്ലാസ്റ്റിക്, ഫ്ളക്സ് മെറ്റീരിയലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പ്രകൃതി സൗഹാര്‍ദ്ദപരമായി നടക്കുന്ന ആദ്യത്തെ കാര്‍ബണ്‍ നെഗറ്റീവ് സമ്മേളനംകൂടിയാണിത്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്ററോളജി കേരള ഘടകവും, കൊച്ചിന്‍ ഗട്ട് ക്ലബ്ബും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top