Automotive

ജാവയുടെ വരവ് ബുളളറ്റിന് ഭീഷണിയോ..?

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അരയും തലയും മുറുക്കി ക്ലാസിക് ലുക്കില്‍ തിരിച്ചെത്തുന്ന ജാവ, റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകുമോ..! ജാവ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ബൈക്ക് പ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന സംശയമാണിത്. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുപോലെ ജാവ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകുമോ എന്ന് ഇരു വാഹനങ്ങളെയും താരതമ്യം ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.

റോയല്‍ എന്‍ഫീല്‍ഡിന് സമാനമായ ക്ലാസിക് ലുക്കില്‍ എത്തുന്ന വാഹനമായതിനാല്‍ ജാവ, എന്‍ഫീല്‍ഡിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് തീര്‍ച്ച. ഇതുവരെ കാര്യമായ മത്സരമില്ലാതിരുന്ന ശ്രേണിയില്‍ 300 സിസി എഞ്ചിനുമായെത്തുന്ന ജാവയ്ക്ക് എന്‍ഫീല്‍ഡ് പ്രേമികളെ ആകര്‍ഷിക്കാനുളള നിരവധി ഘടകങ്ങളുണ്ട്താനും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുമായാകും ജാവ, ജാവ 42 എന്നീ വാഹനങ്ങളുടെ മത്സരം എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇരു വാഹനങ്ങളുടെയും സവിശേഷതകളും പോരായ്മകളും പരിശോധിക്കാം.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, 350 സിസിയില്‍ എത്തുമ്പോള്‍ ജാവ 293 സിസി എഞ്ചിനാണ്. 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ജാവ പരമാവധി ഉല്‍പ്പാദിപ്പിക്കും. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുന്ന ജാവ, മഹീന്ദ്ര മോജോയുടെ പാരമ്പര്യം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. റോയല്‍എന്‍ഫീല്‍ഡ് ക്ലാസിക് ബൈക്കുകളില്‍ കണ്ടുവരുന്ന വൈബ്രേഷന്‍, ഓയില്‍ ലീക്കിങ് പ്രശ്‌നങ്ങള്‍ എന്‍ഫീല്‍ഡിന് പോരായ്മയായിരിക്കെ ജാവയുടെ എഞ്ചിന്‍ ക്ഷമത നോക്കിക്കാണേണ്ടിയിരിക്കുന്നു. അതോടൊപ്പം പഴയ കാര്‍ബേറ്റര്‍ സംവിധാനമാണ് ക്ലാസിക്കിലെങ്കില്‍ നൂതനമായ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമാണ് ജാവയില്‍.

അതേസമയം 346 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് റോയല്‍എന്‍ഫീല്‍ഡില്‍. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സാണ് ക്ലാസിക്കിനെങ്കില്‍ പുതിയ ജാവയ്ക്ക് ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ഉണ്ടെന്ന മേന്മയുമുണ്ട്. ജാവയ്ക്ക് ഇലക്ട്രിക് മാത്രമേയുള്ളൂ എങ്കില്‍ ക്ലാസിക് 350യ്ക്ക് ഇലക്ട്രിക്, കിക്ക് സ്റ്റാര്‍ട്ട് എന്നീ രണ്ട് സംവിധാനങ്ങളുമുണ്ട്.

ക്ലാസിക്കിനേക്കാള്‍ 22 കിലോ ഭാരം കുറവാണ് ജാവയ്ക്ക്. 170 കിലോയാണ് ജാവയുടെ ഭാരം. എന്നാല്‍ ഇരു വാഹനങ്ങള്‍ക്കും ഏതാണ് സമാന സ്വഭാവമുളള സസ്‌പെന്‍ഷനുകളാണ് നല്‍കിയിരിക്കുന്നത്. ജാവയിലും ക്ലാസിക്കിലും മുന്നില്‍ 280 മില്ലിമീറ്റര്‍ ഡിസ്‌ക് ബ്രേക്കാണുള്ളത്. എന്നാല്‍ ജാവയ്ക്ക് എബിഎസ് സംവിധാനം അധികമായുണ്ട്. ഇരുവാഹനങ്ങള്‍ക്കും പിന്നില്‍ 153 മില്ലിമീറ്റര്‍ ഡ്രം ബ്രേക്കുകളാണ് ഇരുവാഹനങ്ങളുടെയും പിന്‍ചക്രങ്ങളില്‍. എന്നാല്‍ 125 സിസിക്ക് മുകളിലേക്കുളള വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാണെന്നിരിക്കെ റോയല്‍എന്‍ഫീല്‍ഡിലും വൈകാതെ തന്നെ എബിഎസ് സംവിധാനം അധികമായെത്തും.

പുതിയ ജാവ ഫോര്‍ട്ടി ടൂവിന് 18 ഇഞ്ച് 90/90 ടയറുകള്‍ മുന്നിലും 17 ഇഞ്ച് 120/80 ടയറുകള്‍ പിന്നിലുമുണ്ട്. ക്ലാസിക്കിനാകട്ടെ 19 ഇഞ്ച് 90/90 ടയറുകളാണ് മുന്നില്‍. പിന്നില്‍ 18 ഇഞ്ച് 110/90 ടയറുകളും.

1.69 ലക്ഷം രൂപയാണ് ജാവ ഫോര്‍ട്ടി ടൂവിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന് 1.51 ലക്ഷം രൂപയും. വിലയില്‍ ക്ലാസിക്കിനേക്കാള്‍ മുന്നിലാണ് ജാവയുടെ സ്ഥാനമെങ്കിലും അതിനൊത്ത ഫീച്ചേഴ്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് ഗിയര്‍, എബിഎസ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ ഉയര്‍ന്ന വേഗത കൈവരിക്കും(27ബിഎച്ച്പി) എന്നിവയാണ് ജാവയുടെ മേന്മകള്‍. എന്നാല്‍ 350 സിസി എഞ്ചിന്‍ കരുത്ത്, താരതമ്യേന കുറഞ്ഞ വില എന്നിവ ക്ലാസിക്കിന്റെ പ്രത്യേകതകളാണ്. അതോടൊപ്പം രാജ്യത്ത് നാമമാത്രമായ ഡിലര്‍ഷിപ്പുകള്‍ മാത്രമാണ് ജാവ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ എന്‍ഫീല്‍ഡിനുളള ഡീലര്‍ഷിപ്പ് ശ്രിംഖല അതിഭീമാണ് താനും. അങ്ങനെയെങ്കില്‍ റോയല്‍എന്‍ഫീല്‍ഡുമായി മുട്ടിനില്‍ക്കാന്‍ ജാവ അല്‍പ്പം വിയര്‍ക്കുമെന്ന് സാരം. പക്ഷെ 350 സിസി ശ്രേണിയില്‍ കാര്യമായ മത്സരമില്ലാതിരുന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ ഗുണമേന്മയില്‍ കാര്യമായ ഇടിവ് വരുത്തിയിരുന്നു. ഇതേ രീതി ഇനിയും തുടരുന്ന പക്ഷം ഉപഭോക്താവിന് ചിന്തിക്കാന്‍ രണ്ട് ബ്രാന്‍ഡുകളുണ്ട് എന്ന യാഥാര്‍ത്ഥ്യം റോയല്‍എന്‍ഫീല്‍ഡ് ഉള്‍ക്കൊണ്ടില്ലെങ്കില്‍ തലക്കെട്ടില്‍ പറഞ്ഞപ്രകാരം ജാവ ബുളളറ്റിന് ഭീഷണിയായേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top