sunday feature

‘ഡെയ്ന്‍ ഒരു പോരാളിയാണ്’ ലാല്‍ സാറിന്റെ ഈ വാക്കുകള്‍ എന്നെ അമ്പരപ്പിച്ചു; പിന്നിട്ട വഴികളേപ്പറ്റി മനസുതുറന്ന് ഡെയ്ന്‍ ഡേവിസ്

രു ചാനല്‍ റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ച ആദ്യ കോമഡി സ്‌കിറ്റ് കൊണ്ട് തന്നെ മലയാളിമനസുകളിലേക്ക് ഇടിച്ചു കയറിവന്നയാളാണ് ഡെയ്ന്‍ ഡേവിസ് എന്ന തൃശൂര്‍കാരന്‍. സലിം കുമാറിന്റെ മുഖത്തു നോക്കി കാല്‍ ഇറക്കി താഴെ വയ്ക്കാന്‍ പറഞ്ഞ ഡെയ്ന്‍ രണ്ടു വാചകങ്ങള്‍ക്കപ്പുറം സലീമേട്ടനെയും സദസിനെയും ഒരുപോലെ പൊട്ടിച്ചിരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ചാലക്കുടി ഡിംസിലെ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ആറ് സിനിമകളില്‍ അഭിനയിച്ച് പുതിയ ചിത്രത്തിന്റെ ഷൂട്ടിംങ് തിരക്കുകളുമായി നടക്കുന്ന ഡെയ്‌ന്റെ കഥയറിയുകയായിരുന്നു ഈ കൂടിക്കാഴ്ച്ചയുടെ ഉദ്ദ്യേശം. എന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല, ആകാക്ഷയോടെ കേട്ടിരിക്കാവുന്ന ഒരു കഥ പറയാനുണ്ടായിരുന്നു ഡിഡി എന്ന് സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഡെയ്ന്‍ ഡേവിസിന്.

വൈറ്റില ചക്കരപ്പറമ്പ് ജംഗ്ഷനിലെ നാരായണ ഹോട്ടലിനോട് ചേര്‍ന്നുളള മാസ്‌ക് മീഡിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യു പ്ലാന്‍ ചെയ്തത്. ഡെയ്‌നും സുഹൃത്തുക്കളുമൊക്കെയായി നടത്തുന്ന സ്ഥാപനമാണിത്. സെന്റ് തെരേസാസ് കോളേജ് ഡേ പ്രോഗ്രാം കഴിഞ്ഞ് ഉച്ചയോടെ എത്തിയ ഡെയ്ന്‍ ഓഫീസിലെ കോണ്‍ഫറന്‍സ് റൂമില്‍ എനിക്കഭിമുഖമായിരുന്ന് സംസാരിക്കാന്‍ തുടങ്ങി;

ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്. ഞാന്‍ പോലുമറിയാതെ കണ്ണടച്ച് തുറക്കുന്ന സമയംകൊണ്ടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ചിലപ്പോള്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ തന്നെ ചിന്തിക്കും ‘എന്താപ്പോ ഇണ്ടായെ! ക്രോണിക് ബാച്ചിലറില്‍ ഇന്നസെന്റ് പറഞ്ഞ ഡയലോഗ് അതേ ശൈലിയില്‍ ചിരിയോടെ ആവര്‍ത്തിച്ചുകൊണ്ട് ഡെയ്ന്‍ പറഞ്ഞുതുടങ്ങി; ചെറുപ്പം മുതല്‍ക്കെ അഭിനയ മോഹമായിരുന്നു മനസില്‍. പക്ഷെ ഇന്ന് കാണുന്ന, ഏറെ സംസാരിക്കുന്ന ഡെയ്‌ന് ആരുമറിയാത്തൊരു ഭൂതകാലമുണ്ട്.

എട്ടാം ക്ലാസ് വരെ ഒരുപാടൊന്നും സംസാരിക്കാത്ത പയ്യനായിരുന്നു ഞാന്‍. അഭിനയമോഹം മനസിലുണ്ടായിരുന്നെങ്കിലും ഒരു ഡയലോഗ് പോലും തെറ്റ് കൂടാതെ പറയാന്‍ പറ്റാതിരുന്ന കാലം. ചെറുപ്പം മുതല്‍ക്കെ സംസാരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ചില വാക്കുകള്‍ വഴങ്ങില്ല. അഭിനയമോഹവുമായി നടന്ന് എങ്ങുമെത്താതെ പോയയാളാണ് അച്ഛന്‍. പക്ഷെ നാടകത്തിലൊക്കെ സജീവമാണ്. തനിക്ക് കഴിയാതെ പോയത് മക്കളിലൂടെ സാധിക്കണമെന്ന വാശിയായിരുന്നു അച്ഛന്‍ ഡേവിസിന്. ചെറുപ്പം മുതല്‍ക്കെ ടിവിയില്‍ വരുന്ന ഒട്ടുമുക്കാല്‍ കോമഡി പ്രോഗ്രാമുകളും അച്ഛന്‍ കാണും. അച്ഛന്റെ വഴിയെ പോയി ഞാനും ഏട്ടനും സിനിമാപ്രാന്തന്‍മാരായി. അമ്മയ്ക്കും താല്‍പ്പര്യമുളള വിഷയങ്ങളായിരുന്നു സിനിമയും കോമഡിയുമൊക്കെ. എനിക്ക് അഭിനയത്തിന്റെ ആദ്യത്തെയും അവസാനത്തെയും പാഠശാല വീട്ടിലെ സ്വീകരണ മുറി തന്നെയാണ്.

ടിവിയില്‍ വരുന്ന കോമഡി പ്രോഗ്രാമുകള്‍ കണ്ട് ഞങ്ങള്‍ അഭിപ്രായങ്ങള്‍ പറയും. എന്തുകൊണ്ട് ആ സ്‌കിറ്റ് നല്ലതായി അല്ലെങ്കില്‍ എങ്ങനെയത് പാളിപ്പോയി എന്നൊക്കെ. ഈ ചര്‍ച്ചകളാണ് പ്രേക്ഷകന്റെ മനസറിഞ്ഞ് പ്രോഗ്രാം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയത്.

സംസാരിച്ച് വിഷയത്തില്‍ നിന്നും മാറിയല്ലേ.. ചെറുപ്പത്തില്‍ സംസാരിക്കാന്‍ ഭയമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരുപാട് സംസാരിക്കാനാണ് ഇഷ്ടം. നമ്മള്‍ എത്രത്തോളം സംസാരിക്കുന്നുവോ അത്രത്തോളം നമുക്ക് നമ്മളെതന്നെ തിരിച്ചറിയാനാകും. സംസാരിക്കുന്നതിലെ ബുദ്ധിമുട്ടിനെ മറികടന്നതെങ്ങനെയെന്ന് ഡെയ്ന്‍ പറഞ്ഞുതുടങ്ങി; ഏട്ടന്‍ അഭിനയവുമായി നടന്ന സമയത്ത് ഞാനും എന്റെ വഴിക്ക് ശ്രമിക്കുന്നുണ്ടായിരുന്നു. അങ്ങനെ മാസങ്ങള്‍ക്കൊണ്ട് പഠിച്ചെടുത്ത ഒരു മോണോആക്ട് സ്‌കൂളില്‍ അവതരിപ്പിച്ചു. അന്ന് കിട്ടിയ കൈയ്യടി മറക്കില്ല. സ്‌കൂളില്‍ ഉഴപ്പനായിരുന്ന എനിക്ക് പിന്നീടങ്ങോട്ടുളള പിടിവളളി അഭിനയമായിരുന്നു. അങ്ങനെ ഏറെ നാള്‍ക്കൊണ്ട് പഠിച്ചെടുത്ത മോണോആക്ട് സ്‌കൂള്‍ കലോത്സവത്തില്‍ സബ്ജില്ലയും ജില്ലയും പിന്നിട്ട് സ്‌റ്റേറ്റില്‍ തന്നെ ഒന്നാം സ്ഥാനം നേടിത്തന്നു.

മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസിലവതരിപ്പിച്ച അഹങ്കാരിയായ സിനിമ നടന്റെ സ്‌കിറ്റാണ് ജീവിതമാകെ മാറ്റിമറിച്ചത്. കണ്ണടച്ച്തുറക്കുന്ന സമയംകൊണ്ട് എല്ലാം മാറി. പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുളളില്‍ സംഗതി ഹിറ്റായി.

ഡെയ്‌നെ കാണാന്‍ പുറപ്പെടുന്നതിനു മുന്‍പ് തന്നെ ചോദിക്കണമെന്ന് കരുതി വച്ചിരുന്ന എന്റെ സംശയം ഞാന്‍ ചോദിച്ചു; സലിം കുമാറിനെപ്പോലെയൊരു വലിയ നടനോട് കഥാപാത്രമായാണെങ്കില്‍പ്പോലും അങ്ങനെ പെരുമാറുമ്പോള്‍ ഭയമില്ലായിരുന്നോ. പോരാത്തതിന് തൊട്ടപ്പുറത്ത് ബാബുരാജും! എന്തായിരുന്നു അപ്പോഴത്തെയൊരു മാനസികാവസ്ഥ..?

ഭയമില്ലായിരുന്നു എന്നു പറഞ്ഞാല്‍ അതൊരു കളവാകും. ആശങ്കയുണ്ടായിരുന്നു. പക്ഷെ സ്റ്റേജില്‍ കയറും മുന്‍പ് രണ്ടാളോടും പറഞ്ഞിരുന്നു. ‘ അഹങ്കാരിയായിട്ടുളള ഒരു സിനിമ നടന്റെ കഥാപാത്രമാണ്. നിങ്ങളെയൊന്നും ഒരു വിലയും കൂടാതെയെ സംസാരിക്കു. അപ്പോള്‍ വരുന്നത് പറയും. സലീമേട്ടന്‍ പറഞ്ഞു, അതൊന്നും കുഴപ്പമില്ല, പക്ഷെ ഞങ്ങളും തിരിച്ചു പറയും! അങ്ങനെയാണ് അന്ന് സ്‌കിറ്റ് ചെയ്യാന്‍ കയറിയത്. പക്ഷെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കൂടാതെ പ്രേക്ഷകരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ നമുക്കും നല്ല അറ്റന്‍ഷന്‍ കിട്ടും. കാണുന്നര്‍ കൈയ്യടിച്ചാല്‍ കിട്ടുന്ന ആത്മവിശ്വാസം മറ്റൊന്നിനും തരാന്‍ കഴിയില്ല. ഡെയ്ന്‍ പറഞ്ഞു.

കോമഡിസര്‍ക്കസിന്റെ വേദിയായിരുന്നു പലതും പഠിപ്പിച്ചത്. ഒരിക്കല്‍ കോമഡി സര്‍ക്കസ് വേദിയില്‍വച്ച് ലാല്‍ജോസ് സാര്‍ പറഞ്ഞു; ‘ ഡെയ്ന്‍ ഒരു പോരാളിയാണ് ‘ ഭക്ഷണം കഴിക്കുന്ന ഇടവേളയില്‍ ലാല്‍ജോസ് സാറുമായി വീട്ടിലെ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. പക്ഷെ ഷോയ്ക്കിടെ സാര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അമ്പരന്നുപോയി. എന്റെ സാഹചര്യങ്ങളെപ്പറ്റി സാറിന് നന്നായി അറിയാമായിരുന്നു.

നായികനായകന്‍ റിയാലിറ്റി ഷോ ആയിരുന്നു മറ്റൊരു വഴിത്തിരിവ്. ഡെയ്‌നില്‍ നിന്നും ഡിഡിയിലേക്കുളള മാറ്റം. മുന്‍പ് അവസരം തേടിയാണ് അലഞ്ഞിരുന്നതെങ്കില്‍ ഇത് എന്നെ തേടിയെത്തിയ അവസരമായിരുന്നു. ഒരു ദിവസം കോമഡിസര്‍ക്കസിന്റെ പ്രൊഡ്യൂസര്‍ അര്‍ജുന്‍ ചേട്ടന്‍ വിളിച്ച് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു. ചെന്നപ്പോള്‍ അവിടെ നായികനായകന്‍ ഷോയുടെ പ്രൊഡ്യൂസര്‍ എബി ചേട്ടനുമുണ്ട്. കുശലാന്വേഷണത്തിന് ശേഷം എബി ചേട്ടന്‍ ചോദിച്ചു; നായിക നായകന്‍ ഷോയുടെ അവതാരകനായി നീ വരണമെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. എന്തു പറയുന്നു! ആദ്യമൊന്ന് ഷോക്കായെങ്കിലും പെട്ടന്ന് തന്നെ ഞാന്‍ ഉത്തരം പറഞ്ഞു, ‘ ഇല്ല ‘ കാരണം അവതാരക വേഷത്തില്‍ എനിക്ക് എന്നെത്തന്നെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. നല്ല ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുമോ എന്നത് തന്നെയായിരുന്നു പ്രശ്‌നം. പക്ഷെ എബി ചേട്ടന്‍ ധൈര്യം തന്നു. അങ്ങനെ നായിക നായകന്റെ അവതാരക വേഷത്തിലെത്തി. പേര്‍ളിയും അശ്വതിയുമൊക്കെ നല്ല സപ്പോര്‍ട്ടാണ് തന്നത്. നായികനായകന്‍ വേദി അങ്ങനെ മറ്റൊരു വഴിത്തിരിവാകുകയായിരുന്നു.

സിനിമ തന്നെയായിരിക്കുമല്ലോ ഭാവി പദ്ധതി. അങ്ങനെയെങ്കില്‍ കോമഡി റോളുകള്‍ തന്നെ തുടര്‍ന്നും ചെയ്യാനാണോ താല്‍പ്പര്യം? ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുളള സിനിമ താരം ആരാണ് അല്ലെങ്കില്‍ ആരാണ് ഇഷ്ടനടന്‍?

സിനിമയില്‍ സജീവമാകണമെന്ന് തന്നെയാണ് ആഗ്രഹം. ഒരു കൊമേഡിയന്‍ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. കോമഡി വേഷങ്ങള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളും ചെയ്യണമെന്നാണ് ആഗ്രഹം. വില്ലന്‍ ടച്ചുളള ഒരു കഥാപാത്രം വരുന്നുണ്ട്. ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങും.

ഇഷ്ടതാരം ആരെന്ന ചോദ്യത്തിന് സംശയമേതുമില്ലാതെ ചെറുചിരിയോടെ ഡെയ്ന്‍ മറുപടി നല്‍കി. അത് മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഭാഷാ പ്രാവിണ്യമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഘടകം. എല്ലാ സ്ലാംഗും മമ്മൂക്കയ്ക്ക് വഴങ്ങും. കഥാപാത്രത്തെ ഉള്‍ക്കൊണ്ടുളള മമ്മൂക്കയുടെ ഡയലോഗ് ഡെലിവറിയാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. പ്രാഞ്ചിയേട്ടന്‍, രാജമാണിക്യം, മൃഗയ, സൂര്യമാനസം തുടങ്ങിയ സിനിമകളൊക്കെ ഉദാഹരണമാണല്ലോ. മമ്മൂക്കയുടെ മൂന്ന് നാഷ്ണല്‍ അവാര്‍ഡായിരുന്നു ഞങ്ങളുടെ തുറുപ്പ്ചീട്ട്. പഴയ ഫാന്‍ ഫൈറ്റ് കഥകള്‍ ഡെയ്ന്‍ ഓര്‍ത്തെടുത്തു. പിന്നെ ചേട്ടന്‍ ഒരു കടുത്ത മമ്മൂക്ക ആരാധകനാണ്. അങ്ങനെ അറിഞ്ഞോ അറിയാതെയോ ചെറുപ്പം മുതല്‍ക്കെ ഞാനും ഒരു കട്ട മമ്മൂക്ക ഫാനായി. എന്നുവച്ച് ലാലേട്ടനെ ഇഷ്ടമല്ല എന്നല്ലാട്ടോ അര്‍ത്ഥം, ചെറുചിരിയോടെ ഡെയ്ന്‍ പറഞ്ഞു.

സിനിമകളില്‍ അവസരം കിട്ടിത്തുടങ്ങിയതോടെ സ്വാഭാവികമായും തിരക്കുകളായി. ഇപ്പോള്‍ പഴയത്‌പോലെ സുഹൃത്തുക്കളുമായി ചിലവഴിക്കാന്‍ സമയം കിട്ടാറില്ല എന്ന ഒറ്റ ദുഖം മാത്രമാണുളളത്. ഏറ്റവുമടുത്ത കൂട്ടുകാര്‍ക്ക് എന്റെ തിരക്കുകള്‍ മനസിലാകും. പക്ഷെ ചിലര്‍ക്ക് ഡെയ്ന്‍ ജാഡക്കാരനാണ്. പണ്ട് തോളില്‍ കൈയ്യിട്ടു നടന്ന കൂട്ടുകാരൊക്കെ പേര് വിളിച്ച് ഫോര്‍മലായി സംസാരിക്കുമ്പോള്‍ എനിക്ക് വല്ലാതാകും. ഞാന്‍ ഇപ്പോഴും പഴയ ഡെയ്ന്‍ തന്നെയാണ് ഒരു മാറ്റവുമില്ല. ഇപ്പോള്‍തന്നെ വേഗം വീട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ചിട്ടിരിക്കുകയാണ് അമ്മ. വൈകിട്ട് ചില ബന്ധുവീടുകളിലൊക്കെ പോകാനുണ്ട്. അതിനു മുടക്കം വന്നാല്‍ സംഗതി പ്രശ്‌നാകും. എന്നാല്‍ എത്രയൊക്കെ തിരക്കുണ്ടെങ്കിലും, ഉറക്കമിളച്ചാലും ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. സ്വതസിദ്ധമായ തന്റെ തൃശൂര്‍ ശൈലിയില്‍ ഡെയ്ന്‍ പറഞ്ഞുനിര്‍ത്തി.

ഡെയ്ന്‍ അഭിനയിച്ച ‘ഒറ്റയ്‌ക്കൊരു കാമുകന്‍’ എന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. റിലീസാകാനിരിക്കുന്ന ജയസൂര്യയുടെ പ്രേതം 2വില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സണ്ണിവെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങും. അതിന്റെ ചര്‍ച്ചകള്‍ക്കായി നാളെ കോട്ടയത്തെത്തണം. അങ്ങനെ ആകെമൊത്തം തിരക്കുകള്‍ക്ക് നടുവിലാണ് ഡെയ്ന്‍.

കഴിവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതറ്റം വരെ വേണമെങ്കിലും എത്താമെന്ന് ഡെയ്ന്‍ പറയുമ്പോള്‍ അത് അല്‍പ്പം പോലും അതിശയോക്തിയാകുന്നില്ല. കാരണം ഇത് രണ്ടും മുതല്‍ക്കൂട്ടാക്കിയാണ് ഡെയ്ന്‍ ഡേവിസ് എന്ന സാധാരണക്കാരനായ തൃശൂര്‍ക്കാരന്‍ മലയാളികള്‍ക്ക് സുപരിചിതനായത്. സിനിമയില്‍ ഒരു പാസിംഗ് സീന്‍ കിട്ടിയാല്‍പ്പോലും ക്യാരക്ടറുളള റോളാണെങ്കില്‍ ചെയ്യാന്‍ തയ്യാറാണെന്ന്് ഡെയ്ന്‍ പറയുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ ഈ ചെറുപ്പക്കാരന് കഴിയുമെന്ന് തീര്‍ച്ച.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top