Entertainment

സിനിമയുടെ ചരിത്രമറിയാനും ഗവേഷണങ്ങള്‍ക്കുമായി തിരുവനന്തപുരത്ത് പുതിയ കേന്ദ്രം

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സിനിമയുടെ ചരിത്രമറിയാനും ഗവേഷണങ്ങള്‍ക്കുമായി പുതിയ കേന്ദ്രം. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മിച്ച സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്സ് (സിഫ്ര) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

പ്രബുദ്ധകേരളം പടുത്തുയര്‍ത്തുന്നതില്‍ മലയാളസിനിമ നിര്‍ണായക പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരോഗമനപരമായ മാനവികതയ്ക്ക് അടിത്തറ പാകാന്‍ പങ്ക് വഹിച്ച സിനിമകള്‍ പുതുതലമുറ കാണാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാമൂഹ്യപ്രസക്തിയുള്ള ചിത്രങ്ങള്‍ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറേണ്ടതുണ്ട്. കേരളം സഞ്ചരിച്ച വഴികള്‍ പുതുതലമുറയ്ക്ക് മനസിലാക്കാന്‍ ഇതുപകരിക്കും. പഴയകാല സിനിമകളുടെ ലഭ്യതക്കുറവ് ഗവേഷണങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാനും ഗവേഷണങ്ങള്‍ കൂടുതല്‍ സൗകര്യമൊരുക്കാനും പുതിയ കേന്ദ്രത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവേഷണത്തിനൊപ്പം സിനിമ കാണാനുള്ള അവസരവുമൊരുക്കുന്ന സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്സ് അനശ്വരനടന്‍ സത്യന്റെ സ്മാരകമായാണ് സമര്‍പ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ ചലച്ചിത്രമുള്‍പ്പെടെ 10000 മലയാള സിനിമകളും വേള്‍ഡ് ക്ലാസിക്‌സും ആസ്വാദകര്‍ക്ക് ഇവിടെ കാണാം. മലയാള സിനിമയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യൂമെന്ററികള്‍, പഴയ കാല പോസ്റ്ററുകള്‍, ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍, പാട്ടുപുസ്തകങ്ങള്‍ എന്നിവയുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്.

കിന്‍ഫ്രയിലെ രണ്ടേക്കര്‍ സ്ഥലത്ത് നാലേകാല്‍ കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ടനിര്‍മാണം നടത്തിയത്. നാലു നിലകളിലായി രൂപകല്പന ചെയ്ത കേന്ദ്രത്തില്‍ ആദ്യ രണ്ടുനിലകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 11,500 സ്‌ക്വയര്‍ഫീറ്റിലാണ് പ്രവര്‍ത്തനം. ഗവേഷണകേന്ദ്രത്തില്‍ ലോകപ്രശസ്ത ചലച്ചിത്രകാരന്മാരുടെയും മലയാളനടന്മാരുടെയും മലയാളത്തില്‍നിന്ന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയവരുടെയും ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ ചിപ്പുകള്‍കൊണ്ട് സിഫ്രയില്‍ തയ്യാറാക്കിയ ജെ.സി ഡാനിയേലിന്റെ ചിത്രം ശ്രദ്ധേയമാണ്.

50 സീറ്റിംഗ് കപ്പാസിറ്റിയുള്ള ആധുനിക ടു കെ ഡോള്‍ബി മിനി തീയറ്ററും ഡിജിറ്റല്‍ വീഡിയോ ലൈബ്രററിയും സിനിമാസംബന്ധ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയും കോണ്‍ഫറന്‍സ് ഹാളും സിഫ്രയുടെ പ്രത്യേകതയാണ്. 10,000 പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ടാകും. 2019 ജനുവരി ഒന്ന് മുതല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം ശാസ്തമംഗലത്തു നിന്നും സിഫ്രയിലേക്ക് മാറ്റും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top