Health

ജാഗ്രത..! സംസ്ഥാനത്ത് എച്ച്1 എന്‍1 പടരുന്നു, 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്കുശേഷം എച്ച്1 എന്‍1 പടരുന്നു.  ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് അറിയുന്നത്. രോഗം ബാധിച്ച 26 പേര്‍ മരിച്ചു.

വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴയുള്ള കാലാവസ്ഥയും രോഗ പകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. രാജ്യത്താകെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടാതെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലുമടക്കം പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരേയും പൊതുജനങ്ങളേയും ബോധവാന്മാരാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് എച്ച്1 എന്‍1
എച്ച്1 എന്‍1 എന്ന വൈറസ് പരത്തുന്ന പനിയാണ് എച്ച്1 എന്‍1 പനി. പൊതുവെ ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി തുമ്മലും ചീറ്റലുമുള്ള പനിയാണിത്. ജനിതകമാറ്റം വരുന്ന പുതിയതരം വൈറസായതിനാല്‍ മനുഷ്യശരീരത്തിന് ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് കുറവാണ്. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധ വേണം.

ജലദോഷപ്പനി വന്നാല്‍ കൃത്യമായ ചികില്‍സ, വിശ്രമം എന്നിവ ആവശ്യമാണ്. തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ രോഗം കടുത്താല്‍ മാത്രം നെഞ്ചുവേദന, ശ്വാസംമുട്ട്, കഫത്തില്‍ രക്തം എന്നിവയും കൈകാലുകളില്‍ ചെറുതായി നീലനിറം എന്നീ അസാധാരണ ലക്ഷണങ്ങളും കണ്ടേക്കാം.

വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്കു കാരണമായേക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top