കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 2018 സെപ്തംബര്‍ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ ടൈ കേരളയും ഇന്ക് 42 ഉം ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതു പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം 2018 സെപ്തംബര്‍ വരെ 273 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്.
കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 1402 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഉള്ളത്. ഇതില്‍ നിക്ഷേപം ലഭിച്ച 59 സംരംഭങ്ങളുണ്ട്്. 50 സംരംഭങ്ങളുമായി നിക്ഷേപക കരാറായിട്ടുണ്ടെന്നും ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 35 ശതമാനം ഐടി അധിഷ്ഠിതമാണ്, 11 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ ആരോഗ്യമേഖലയിലും 9 ശതമാനം വിദ്യാഭ്യാസ മേഖലയിലുമാണ്.
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ മാലിന്യങ്ങളില്ലാത്ത, അന്തരീക്ഷ മലിനീകരണം ഇല്ലാത്ത, കറന്‍സിയുമില്ലാത്ത കേരളമാണ് സ്വപ്നം കാണേണ്ടതെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു. പ്രതീക്ഷ നല്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളും ആശയങ്ങളും കേരളത്തില്‍ നിന്നുയര്‍ന്നു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.