Kerala

അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതുജനം. പുലര്‍ച്ചെ 1.30 ഓടെയാണ് ശശികലയെ മരക്കൂട്ടത്തു വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ പുലര്‍ച്ചെ അഞ്ചോടെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പിന്നീട് ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

അപ്രതീക്ഷിത ഹര്‍ത്താലായതിനാല്‍ മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താന്‍ കഴിയാതെ വന്നതോടെ പൊതുജനം വലഞ്ഞു. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവര്‍ വാഹനം സൗകര്യം കണ്ടെത്താനാകാതെ ബുദ്ധിമുട്ടി.

തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതോടെ തലസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. കോഴിക്കോട്ടും ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പടെ പ്രതിഷേധക്കാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രി സര്‍വീസ് തുടങ്ങിയ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഉള്‍പ്പടെയാണ് തടഞ്ഞത്. കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

അതേസമയം ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരുന്നുണ്ട്. എരുമേലി, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വീസുകളെല്ലാം കൃത്യമായി നടക്കുന്നുണ്ട്. അതിനാല്‍ ശബരിമല പാതയിലുള്ള അയ്യപ്പഭക്തരെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.

കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പോലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top