Kerala

വിമാനത്താവളത്തില്‍ പ്രതിഷേധം ശക്തം; ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് അയ്യപ്പഭക്തരുടെ പ്രതിഷേധം കനക്കുമ്പോഴും ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇന്ന് രാവിലെ നാല് മണിയോടെ കൊച്ചിയിലെത്തിയ തൃപ്തി ദേശായി ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണ്.

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനത്തിനുള്ള അവസരമുണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായി കേരളത്തിലെത്തിയത്. എന്നാല്‍ ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ തൃപ്തിയും സംഘവും നാല് മണിക്കൂറിലേറെയായി അവിടെത്തന്നെ തുടരുകയാണ്. ഓണ്‍ലൈന്‍, സ്വകാര്യ ടാക്സിക്കാരും തൃപ്തിയെ കൊണ്ടുപോകില്ലെന്ന് അറിയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്.

പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും കൊച്ചിയില്‍ പോലും തന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും തൃപതി പ്രതികരിച്ചു. പ്രതിഷേധക്കാര്‍ തന്നെ അക്രമിക്കാന്‍ വരുന്നതിനാല്‍ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണെന്നും എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്താതെ താന്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകില്ലെന്നും അവര്‍ നെടുമ്പാശേരി വിമാത്താവളത്തില്‍ നിന്നുള്ള തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

പ്രായമായ സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരും നാമജപവുമായി രംഗത്തുണ്ട്. ഒരുകാരണവശാലും തൃപ്തിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ഇതിനിടെ വേറൊരു വഴിയിലൂടെ തൃപ്തിയെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top