ലോകകപ്പ് പ്രതീക്ഷയുമായി ഹര്‍മന്‍പ്രീതും കൂട്ടരും സെമിഫൈനല്‍ യോഗ്യത മത്സരം ഇന്ന് കളിക്കും. അയര്‍ലന്‍ഡിനെതിരെ വിജയം നേടാനായാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ കഴിയു. രാത്രി 8.30ന് സ്റ്റാര്‍ സ്പോര്‍ട്സ് ചാനലില്‍ കളി കാണാം.
ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ മുന്നേറുന്ന ഇന്ത്യക്ക് അയര്‍ലന്‍ഡ് വലിയ വെല്ലുവിളിയല്ല. എന്നാല്‍ വിജയാലസ്യത്തില് കളി കൈവിട്ടുപോകാതെ സൂക്ഷിക്കണമെന്നു മാത്രം. പൊരുതിക്കയറിയ ചരിത്രമുള്ളവരാണ് അയര്‍ലന്‍ഡ് വനിതകള്‍. ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഉള്‍പ്പെടെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയുടെ വിജയം തികച്ചും ആധികാരികമാണ്.ന്യൂസീലന്‍ഡിനെതിരെ തീപ്പൊരി സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ച ഫോമിലാണ്. ട്വന്റി 20 രാജ്യാന്തര മല്‍സരത്തിലെ ഒരു ഇന്ത്യക്കാരിയുടെ ആദ്യ സെഞ്ചുറിയാണ് ഹര്മന് ന്യൂസീലന്‍ഡിനെതിരെ നേടിയത്. ഇതേ ഫോം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് അനായാസമായി സെമിയില്‍ കയറാനാകുമെന്നാണ് വിലയിരുത്തല്‍.